ഒരു പെണ്‍കുട്ടി കൗമാരത്തിലേക്കു കടക്കുന്നതോടെയാണ് സ്‌തന വളര്‍ച്ച ആരംഭിക്കുന്നത്. കൗമാരം മുതല്‍ വാര്‍ധക്യംവരെ സ്‌തനപരിചരണത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
പെണ്‍കുട്ടികള്‍ക്ക് സ്‌തനവളര്‍ച്ച ആരംഭിക്കുന്നത് എപ്പോഴാണ്?
10 – 14 വയസുവരെ പെണ്‍കുട്ടികളുടെ വളര്‍ച്ചക്കായി കാത്തിരിക്കണം. വളര്‍ച്ചയെന്നു പറയുമ്പോള്‍ സ്‌തന വളര്‍ച്ച മാത്രമല്ല കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും രോമ വളര്‍ച്ച, ആര്‍ത്തവം, പൊക്കം കൂടുക എന്നിവയെല്ലാം വളര്‍ച്ചയുടെ ഭാഗമാണ്. ഇവയെല്ലാം ക്രമമാണോയെന്ന് ശ്രദ്ധിക്കുക. വളര്‍ച്ചയുടെ കാര്യത്തില്‍ ഓരോരുത്തരുടേയും ശരീരപ്രകൃതികൂടി കണക്കിലെടുക്കേണ്ടതുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള കുട്ടികളില്‍ ചിലപ്പോള്‍ സ്‌തന വളര്‍ച്ച വൈകിയേക്കാം. 2 – 3 വര്‍ഷം കഴിഞ്ഞിട്ടും വളര്‍ച്ചയുടെ ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കില്‍ കുട്ടിയെ ഡോക്‌ടറെ കാണിക്കണം. സാധാരണയായി വളര്‍ച്ചയുടെ ലക്ഷണങ്ങളെല്ലാം പ്രകടമായ ശേഷമാണ് ആര്‍ത്തവം ഉണ്ടാകുന്നത്.
ഉള്ളിലേക്കു വലിഞ്ഞിരിക്കുന്ന മുലഞെട്ട് നേരെയാക്കാന്‍ കഴിയുമോ?
ഇത് സാധാരണ കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. മുലഞെട്ട് പുറത്തേക്കു വലിച്ചു വയ്‌ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. പ്രസവമടുക്കുന്ന സമയത്ത് ഗൈനക്കോളിജിസ്‌റ്റിന്റെ നിര്‍ദേശപ്രകാരം മുലഞെട്ട് പുറത്തേക്കു വലിച്ചു വയ്‌ക്കാവുന്നതാണ്. അതിനാല്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുകയില്ല. ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ മുലഞെട്ട് സ്വയം വലിച്ചുവച്ചാല്‍ ഗര്‍ഭാശയത്തിന് ഇത് വേദനയുണ്ടാക്കാം.
മുലഞെട്ടിനു ചുറ്റും ചെറിയ കുരുക്കളും ചൊറിച്ചിലും അനുഭവപ്പെടാന്‍ കാരണം എന്താണ്?
കാലാവസ്‌ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനിന്നാല്‍ ഫംഗസിന്റെ ശല്യമുണ്ടാകും. ചൂടുകാലത്ത് ഫംഗസിന്റെ ശല്യം കൂടുതലാവും. ഫംഗസ് അണുബാധ തടയാനുള്ള ക്രീമുകള്‍ ഉണ്ട്. ഇത് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. വ്യക്‌തി ശുചിത്വം പാലിക്കുകയാണ് ഏറ്റവും അത്യാവശ്യം. വേനല്‍ക്കാലത്ത് കോട്ടന്‍ അടിവസ്‌ത്രങ്ങള്‍ ധരിക്കണം. ധരിച്ച വസ്‌ത്രങ്ങള്‍ വീണ്ടും ധരിക്കരുത്. കുളി കഴിഞ്ഞ് കക്ഷം, തുടയിടുക്ക് തുടങ്ങിയ ഭാഗങ്ങള്‍ തുടച്ച് ജലാംശം പൂര്‍ണമായും നീക്കം ചെയ്യണം.
എന്തുകൊണ്ടാണ് ഗര്‍ഭിണികളില്‍ സ്‌തനത്തിന് മുകള്‍ ഭാഗത്ത്, കക്ഷത്തില്‍ മുഴപോലെ കാണപ്പെടുന്നത്?
ഗര്‍ഭിണികളില്‍ ഇത്തരം അവസ്‌ഥ പൊതുവേ കണ്ടുവരാറുണ്ട്. കുഞ്ഞിനെ പാലൂട്ടുന്നതിനായി സ്‌തനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കാരണം. ഇതിന്റെ ഭാഗമായി ഗര്‍ഭിണികളില്‍ സ്‌തനത്തിന്റെ ഒരു ഭാഗം കക്ഷത്തിലേക്ക് വളരുന്നത് സ്വാഭാവികമാണ്. ഇതിന് മരുന്നുകഴിക്കേണ്ട ആവശ്യമില്ല. എന്നാല്‍ കഠിനമായ വേദനയുണ്ടെങ്കില്‍ മാത്രം ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കുക. കുഞ്ഞിന് പാലുകൊടുത്തു തുടങ്ങുന്നതോടെ ഇത് ചുരുങ്ങി തുടങ്ങുന്നതാണ്.
സ്‌തനങ്ങളില്‍ കാണപ്പെടുന്ന രോമവളര്‍ച്ച എന്തുകൊണ്ടാണ്?
സ്‌തനങ്ങളില്‍ കാണപ്പെടുന്ന രോമവളര്‍ച്ച മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. സ്‌ത്രീശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളുടെ അമിതപ്രവര്‍ത്തനം മൂലമാണ് സ്‌തനങ്ങള്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം രോമവളര്‍ച്ചയുണ്ടാകുന്നത്. അസ്വഭാവികമായ രോമവളര്‍ച്ചയുണ്ടെങ്കില്‍ പ്രസവത്തിനുമുമ്പ് നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ കുഞ്ഞിന് പാല്‍കൊടുക്കുമ്പോള്‍ ഇത് തടസം സൃഷ്‌ടിക്കാം. കത്രിക ഉപയോഗിച്ചു രോമം നീക്കം ചെയ്യാവുന്നതാണ്. രോമം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ലേപനങ്ങളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ത്വക്ക് രോഗവിദഗ്‌ധന്റെ നിര്‍ദേശമനുസരിച്ച് ഈ ലേപനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ ഇത്തരം ലേപനങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല.
ചികിത്സയിലൂടെ സ്‌തനാര്‍ബുദത്തില്‍നിന്നു പൂര്‍ണമോചനം സാധ്യമാണോ?
ആദ്യ ഘട്ടത്തില്‍തന്നെ രോഗം കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. ആരംഭത്തിലേ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം പൂര്‍ണമായും ഭേദമാകാനുള്ള സാധ്യത 95 ശതമാനമാണ്. ബാക്കി 5 ശതമാനം ട്യൂമര്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പല തരത്തിലുള്ള ട്യൂമറുകള്‍ ഉണ്ട്. കട്ടി കൂടിയതും കുറഞ്ഞതുമായ ട്യൂമറുകള്‍ കാണപ്പെടാം. ഏതു കാന്‍സറും ഏതു ഘട്ടത്തിലും അപകടകാരിയായി മാറാം. അതിനാല്‍ ചികിത്സയില്‍ വിട്ടുവീഴ്‌ചയരുത്. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം തുടര്‍ ചികിത്സകള്‍ തുടരണം. എന്നാല്‍ പലരും ഇതിന് തയാറാകില്ലെന്നതാണ് സത്യം. ഇത് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നു. ശസ്‌ത്രക്രിയയോടെ ചികിത്സ അവസാനിക്കുന്നില്ല. കീമോതെറാപ്പി ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്യണം. ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന സമയത്ത് ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം. സ്‌തനത്തിന് അഭംഗി ഉണ്ടാക്കാത്ത രീതിയിലുള്ള ശസ്‌ത്രക്രിയകള്‍ ഇന്നുണ്ട്.
മരുന്നുകളിലൂടെ സ്‌തന വലിപ്പം വര്‍ധിപ്പിക്കാമോ?
സ്‌തനങ്ങളുടെ വലിപ്പം നിര്‍ണയിക്കുന്നത് ഹോര്‍മോണാണ്. അണ്ഡാശയങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന സ്‌ത്രൈണ ഹോര്‍മോണായ ഈസ്‌ട്രജനാണ് സ്‌തനവളര്‍ച്ചക്ക് കാരണമാകുന്നത്. ചില പെണ്‍കുട്ടികളില്‍ ഈ ഹോര്‍മോണിന്റെ ഉത്‌പാദനം കുറവായിരിക്കും. അങ്ങനെയുള്ളവരില്‍ സ്‌തനവളര്‍ച്ച കുറവായിരിക്കും. മരുന്ന് ഉപയോഗിച്ച് സ്‌തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാനാവില്ല. എന്നാല്‍ 14-16 വയസ് പ്രായമായിട്ടും ആര്‍ത്തവം വരാത്ത പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ ചികിത്സ നടത്താറുണ്ട്. പ്രായപൂര്‍ത്തി ആയവര്‍ക്ക് സ്‌തനവലിപ്പം വര്‍ധിപ്പിക്കാന്‍ പ്രത്യേക ശസ്‌ത്രക്രിയകള്‍ നിലവിലുണ്ട്.
ഗര്‍ഭിണി ആയതിനു ശേഷം സ്‌തനത്തില്‍ ഞരമ്പുകള്‍ തെളിഞ്ഞുവരുന്നു. ചെറിയ വേദനയും അനുഭവപ്പെടുന്നു. ഇത് സ്വാഭാവികമാണോ?
എല്ലാ ഗര്‍ഭിണികളിലും കണ്ടുവരുന്ന പ്രശ്‌നമാണിത്. അമ്മയാകാനുള്ള ശരീരത്തിന്റെ തയാറെടുപ്പുകളാണ് ഇവയെല്ലാം. കുഞ്ഞിനെ മുലയൂട്ടുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മാത്രം ഇതിനെ കണ്ടാല്‍ മതി. ചെറിയ വേദന അനുഭവപ്പെടുന്നതും ഞരമ്പുകള്‍ തെളിഞ്ഞു വരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
സ്‌തനത്തില്‍നിന്നു വെളുത്ത സ്രവം വരുന്നത് രോഗ ലക്ഷണമാണോ?
വിവാഹിതരാകാത്തതോ ഗര്‍ഭിണിയാവാത്തതോ ആയ സ്‌ത്രീകളുടെ സ്‌തനത്തില്‍ നിന്നും ഇത്തരത്തില്‍ സ്രവം ഉണ്ടായാല്‍ ഗൗരവമായി കാണണം. പരിശോധന നടത്തുകയും വേണം. പ്ര?ലാക്‌ടിന്‍ എന്ന ഹോര്‍മോണിന്റെ ഉത്‌പാദനം കൂടുന്നതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. പ്ര?ലാക്‌ടിനോമ എന്ന ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമായും ഇതു കണ്ടുവരുന്നു. ഹൃദ്രോഗത്തിനും രക്‌തസമ്മര്‍ദത്തിനും മറ്റും ഉപയോഗിക്കുന്ന ചിലയിനം മരുന്നുകളും മുലപ്പാല്‍ ഉണ്ടാക്കുന്നുണ്ട്.
ഗര്‍ഭിണികളില്‍ സ്‌തനത്തില്‍നിന്ന് സ്രവം വരുന്നത് സ്വാഭാവികമാണോ?
പ്രസവത്തിനു ശേഷം കുഞ്ഞിനെ മുലയൂട്ടുന്നതിനായി ഗര്‍ഭിണികളുടെ സ്‌തനങ്ങള്‍ നേരത്തേ തയാറെടുപ്പുകള്‍ നടത്തുന്നു. സ്‌തനവലിപ്പം വര്‍ധിക്കുന്നതിനൊപ്പം പാലിന്റെ ഉത്‌പാദനത്തിനു വേണ്ട ഗ്രന്ഥികളുടെ വളര്‍ച്ചയും ഉത്തേജിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി നേര്‍ത്തതോ പാലുപോലുള്ളതോ ആയ ദ്രാവകം പുറത്തുവരുന്നതായി കാണാം. ഇത് സ്വാഭാവികമാണ്. ചികിത്സ ആവശ്യമില്ല.
മുലഞെട്ടിനു ചുറ്റും രോമ വളര്‍ച്ചയുണ്ടാകുന്നത് രോഗലക്ഷണമാണോ?
പുരുഷഹോര്‍മോണായ ആന്‍ഡ്രജന്റെ ഉത്‌പാദനം കൂടുന്നതാണ് സ്‌ത്രീകളില്‍ അമിത രോമവളര്‍ച്ചയ്‌ക്ക് കാരണം. ആര്‍ത്തവത്തിനു ശേഷമാണ് ഇതു കണ്ടുവരുന്നത്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് ഈ പ്രശ്‌നം വ്യാപകമാകാന്‍ പ്രധാന കാരണം. പെണ്‍കുട്ടികളിലെ അമിത രോമവളര്‍ച്ച ഹിര്‍സട്ടിസം എന്നാണ് അറിയപ്പെടുന്നത്. പോളിസിസ്‌റ്റിക് ഒവേറിയന്‍ ഡിസീസ് (പി.സി.ഓ.ഡി) ഉള്ളവരില്‍ ഇത്തരത്തില്‍ രോമവളര്‍ച്ച കാണാറുണ്ട്. അതിനാല്‍ സ്‌കാന്‍ ചെയ്‌ത് രോമവളര്‍ച്ചയുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നത് നന്നായിരിക്കും.
ഇംപ്ലാന്റ് രീതിയില്‍ എങ്ങനെയാണ് സ്‌തന വലിപ്പം വര്‍ധിപ്പിക്കുന്നത്?
വലിപ്പം കുറഞ്ഞ സ്‌തനങ്ങള്‍ സൗന്ദര്യപ്രശ്‌നം സൃഷ്‌ടിക്കുന്നവര്‍ക്കാണ് ഇംപ്ലാന്റ് രീതിയില്‍ സ്‌തനവലിപ്പം വര്‍ധിപ്പിക്കുന്നത്. സ്‌തനത്തിനുള്ളിലാണ് ഇംപ്ലാന്റ് വച്ചു പിടിപ്പിക്കുന്നത്. നിലവിലുള്ള സ്‌തനത്തിന്റെ വലിപ്പവും ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വേണ്ട വലിപ്പവും കണക്കിലെടുത്താണ് ഇംപ്ലാന്റിന് എത്ര വലിപ്പം വേണം എന്നു തീരുമാനിക്കുന്നത്‌്. പ്ലാസ്‌റ്റിക് സര്‍ജനാണ് ഇതു നിര്‍വഹിക്കുന്നത്.
ഗര്‍ഭിണിയുടെ മാറിടത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നത്?
ഗര്‍ഭിണിയാകുന്നതോടെ സ്‌തനങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. സ്‌തനങ്ങള്‍ കൂടുതല്‍ വീര്‍ക്കുകയും, മുലക്കണ്ണും അതിനു ചുറ്റുമുള്ള ഭാഗവും വികസിക്കുകയും കൂടുതല്‍ കറുത്തിരുളുകയും ചെയ്യും. സ്‌തനത്തിലേക്കുള്ള രക്‌തധമനികളില്‍ രക്‌തയോട്ടം വര്‍ധിക്കുന്നതിനാല്‍ രക്‌തധമനികള്‍ ചര്‍മ്മത്തിന് പുറത്ത് പ്രകടമാകും. സ്‌തനങ്ങള്‍കുത്തി വലിക്കുന്നതായോ വേദനിക്കുന്നതായോ അനുഭവപ്പെടാം.
പ്രസവശേഷം മുലപ്പാല്‍ കുറവുള്ളവര്‍ ജീവിതരീതിയില്‍ ശ്രദ്ധിക്കുന്നതിലൂടെ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ കഴിയുമോ?
സ്‌ത്രീകള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ മുലപ്പാല്‍ കുറയാന്‍ കാരണമായേക്കാം. സന്തോഷത്തോടെയിരിക്കുന്നതിനൊപ്പം നല്ല ആഹാരം കൂടി കഴിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷനേടാം. ശരിയായ ഉറക്കം അത്യാവശ്യമാണ്. പാലും പാലുത്‌പന്നങ്ങളും കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിക്കാന്‍ സഹായിക്കും.
ചിലരില്‍ സ്‌തനങ്ങള്‍ തമ്മില്‍ വലിപ്പ വ്യത്യാസം കാണപ്പെടുന്നത് എന്തുകൊണ്ടാണ്?
മിക്കവരിലും ഇരുസ്‌തനങ്ങള്‍ക്കും തമ്മില്‍ ചെറിയ വലിപ്പ വ്യത്യാസം ഉണ്ടാകാം. ഇത് ജന്മനാല്‍തന്നെയുള്ളതാണ്. നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ തമ്മിലും ഈ വലിപ്പ വ്യത്യാസം ഉണ്ട്. അതുപോലെതന്നെയാണ് സ്‌തനങ്ങളുടെ കാര്യവും. സ്‌തനങ്ങളുടെ വലിപ്പ വ്യത്യാസം പരിഹരിക്കുന്നതിനുള്ള ഔഷധ ചികിത്സകളൊന്നും ഇന്നില്ല. എന്നാല്‍ പ്ലാസ്‌റ്റിക് സര്‍ജറിയിലൂടെ ഇത്തരം അഭംഗികള്‍ പരിഹരിക്കാവുന്നതാണ്.
ഏതു പ്രായം മുതലാണ് ബ്രാ ധരിപ്പിച്ചു തുടങ്ങേണ്ടത്?
ബ്രാ ധരിപ്പിക്കുന്നതിന് പ്രത്യേകിച്ച് പ്രായമൊന്നുമില്ല. കുട്ടിയുടെ ശരീരവളര്‍ച്ച അനുസരിച്ച് വേണം ധരിപ്പിക്കാന്‍. ശരീരവളര്‍ച്ച കണ്ടറിഞ്ഞ് ബ്രാ ധരിക്കാറായി എന്നതിനെക്കുറിച്ച് അമ്മ കുട്ടിക്ക് സൂചന നല്‍കുകയും കൃത്യമായ അളവിലുള്ളത് വാങ്ങികൊടുക്കുകയും വേണം. അല്ലെങ്കില്‍ സ്‌തനങ്ങള്‍ തൂങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. സ്‌തനവളര്‍ച്ചയുടെ ഘട്ടങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ ബ്രാ മകളെ ധരിപ്പിക്കാന്‍ ശ്രദ്ധിക്കണം.
സ്‌തനസൗന്ദര്യം നിലനിര്‍ത്താന്‍ ബ്രാ തെരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?
നന്നായി ഇറുകിയതും അയഞ്ഞതുമായ ബ്രാ ധരിക്കരുത്. ഇടിഞ്ഞു തൂങ്ങിയ സ്‌തനങ്ങളുള്ളവര്‍ താഴെ താങ്ങി നിര്‍ത്തുന്ന പാഡുള്ള ബ്രാ ധരിക്കുന്നത് അഭംഗി ഒഴിവാക്കാന്‍ സഹായിക്കും.
പാലൂട്ടുന്ന അമ്മമാരില്‍ മുലവീക്കം ഉണ്ടാകുന്നതിന് കാരണം എന്താണ്?
കുഞ്ഞ് പാല്‍ കുടിക്കാതിരുന്നാല്‍ പാല്‍ നിറഞ്ഞ് മുലവീക്കം ഉണ്ടാകുന്നു. പാല്‍ പുറത്തേക്ക് ഒഴുകാതെ കെട്ടിനില്‍ക്കുന്നതിനാല്‍ അമ്മയ്‌ക്ക് വേദനയും അസ്വാസ്‌ഥ്യവുമുണ്ടാകും. സാധാരണയായി ഈ വീക്കം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തനിയെ മാറുന്നതാണ്. അസ്വസ്‌ഥതയകറ്റാന്‍ ചൂട് വയ്‌ക്കരുത്. തണുത്ത വെള്ളത്തില്‍ തുണി മുക്കി മാറിലിടുന്നത് വേദനയ്‌ക്ക് ആശ്വാസം നല്‍കും.
കുട്ടികള്‍ക്ക് ഏത് പ്രായംവരെ മുലപ്പാല്‍ നല്‍കണം?
കുഞ്ഞിന് രണ്ടുവയസുവരെ മുലപ്പാല്‍ നല്‍കാം. കുഞ്ഞിന്റെ ആഹാരരീതിയില്‍ വരുന്ന മാറ്റത്തെ മുലയൂട്ടല്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെടുത്താം. ഒരു വയസ് കഴിയുമ്പോള്‍ കുഞ്ഞിന് മുതിര്‍ന്നവര്‍ കഴിക്കുന്ന ആഹാരങ്ങളെല്ലാം കൊടുത്തു തുടങ്ങണം. ഇങ്ങനെ ആഹാരരീതി ക്രമീകരിച്ചാല്‍ ഒരു വയസ് കഴിയുന്നതോടെ കുഞ്ഞിന് മുലപ്പാലിനോടുള്ള താല്‍പര്യം കുറഞ്ഞുകൊള്ളും.
പ്രസവശേഷം മുലക്കണ്ണ് വിണ്ടുകീറുന്നതും മുലയൂട്ടലും തമ്മില്‍ ബന്ധമുണ്ടോ?
ശരിയായ രീതിയിലല്ല മുലയൂട്ടുന്നതെങ്കില്‍ മുലക്കണ്ണ് വരഞ്ഞുപൊട്ടാനിടയുണ്ട്. മുലക്കണ്ണ് തെറ്റായ രീതിയില്‍ കുഞ്ഞിന്റെ വായ്‌ക്കുള്ളിലാകുന്നതാണ് കാരണം. മുലയൂട്ടുമ്പോള്‍ മുലക്കണ്ണിനോ അതിനു ചുറ്റുമോ വേദനയുണ്ടെങ്കില്‍ കുഞ്ഞ് ശരിയായ രീതിയിലല്ല മുല കുടിക്കുന്നതെന്ന് മനസിലാക്കാം.
പരന്ന മുലക്കണ്ണുകള്‍ കുഞ്ഞിന് പാല്‍വലിച്ചു കുടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമോ?
ചില സ്‌ത്രീകളില്‍ മുലഞെട്ടുകള്‍ പരന്നിരിക്കാം. കുഞ്ഞിന് പാല്‍ വലിച്ചു കുടിക്കാന്‍ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കാം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് മുലക്കണ്ണ് പുറത്തേക്ക് വലിച്ചു നീട്ടുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം.
മുലയൂട്ടുന്ന അവസരത്തില്‍ സ്‌തനത്തില്‍ ചൂടും വേദനയും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
മുലയൂട്ടുമ്പോള്‍ സ്‌തനത്തില്‍ വീക്കം, ചുവപ്പ്, വേദന, ചൂട് തുടങ്ങിയവ അനുഭവപ്പെടുന്നത് അണുബാധയുടെ ലക്ഷണമാകാനാണ് സാധ്യത. അണുബാധയെത്തുടര്‍ന്ന് അമ്മയ്‌ക്ക് പനിയുമുണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്‌ടറെ കണ്ട് ചികിത്സ തേടണം.
മുലപ്പാല്‍ കുഞ്ഞിന് മതിയാവുന്നുണ്ടോയെന്ന് അമ്മയ്‌ക്ക് എങ്ങനെ മനസിലാക്കാം?
വയറു നിറയുമ്പോള്‍ കുഞ്ഞ് ഉറങ്ങും. അല്ലെങ്കില്‍ കൈകാലിളക്കി സന്തോഷത്തോടെ കളിക്കും. മുലപ്പാല്‍ മതിയാവുന്നില്ലെങ്കില്‍ മൂലയൂട്ടലിന് ശേഷവും കരയുകയും വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. സ്വാഭാവികമായ തൂക്ക വര്‍ധനവും ഉണ്ടാകില്ല.
പ്രസവവും മുലയൂട്ടലും സ്‌തനങ്ങളുടെ ആകാരഭംഗി നഷ്‌ടപ്പെടുത്തുമോ?
ചില സ്‌ത്രീകളെങ്കിലും മുലയൂട്ടല്‍ സ്‌തനങ്ങളുടെ സൗന്ദര്യം നഷ്‌ടപ്പെടുത്തുമെന്ന് ശങ്കിക്കുന്നവരാണ്. മുലയൂട്ടുമ്പോള്‍ സ്‌തനങ്ങള്‍ വീര്‍ക്കുന്നതിനൊപ്പം താഴോട്ട് ചായാനും ഇടയുണ്ട്. മുലയൂട്ടല്‍ സ്‌തനങ്ങളുടെ ആകൃതിക്ക് കുറച്ച് മാറ്റം വരുത്തുമെങ്കിലും ശരിയായ സംരക്ഷണത്തിലൂടെ സ്‌തന സൗന്ദര്യം നിലനിര്‍ത്താം.
സ്‌തനങ്ങളുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ മുലയൂട്ടുമ്പോള്‍ അമ്മ എന്തെല്ലാം ശ്രദ്ധിക്കണം?
അമ്മ എഴുന്നേറ്റിരുന്ന് കുഞ്ഞിനെ രണ്ടു കൈകൊണ്ടും ചുറ്റിപൊതിഞ്ഞ് മുലക്കണ്ണിനു നേരെ കുഞ്ഞിന്റെ വായ് വരത്തക്ക ഉയരത്തില്‍ വിലങ്ങനെ മാറോടണച്ചു പിടിക്കണം. കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗം അമ്മയുടെ മടക്കിയ കൈത്തണ്ടയില്‍ താങ്ങണം. ഈ രീതിയില്‍ കുഞ്ഞിനെ മാറോടണച്ച് മുലയൂട്ടുന്നതാണ് ഉത്തമം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ