സ്‌തന സൗന്ദര്യം നിലനിര്‍ത്താം






സ്‌തന സൗന്ദര്യം ലഭിക്കാനും അതു നിലനിര്‍ത്താനും കൗമാരകാലം മുതല്‍ പ്രത്യേകം ശ്രദ്ധയും പരിചരണം ആവശ്യമാണ്‌ .

സ്‌ത്രീ സൗന്ദര്യത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്‌ സ്‌തനസൗന്ദര്യം. ശരീരഘടനയും പാരമ്പര്യവും അനുസരിച്ച്‌ സ്‌തനങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്‌ത വലിപ്പത്തിലും ആകൃതിയിലുമാണുള്ളത്‌. നെഞ്ചിനെ ആവരണം ചെയ്യുന്നവിധമാണ്‌ സ്‌തനഘടന.

മാംസപേശികളുടെ പുറത്ത്‌ സ്‌നേഹ കോശങ്ങളും സ്‌നേഹഗോളങ്ങളും. അവയെ പരസ്‌പരം ബന്ധിപ്പിച്ച്‌ തലങ്ങും വിലങ്ങും പടരുന്ന നാരു കോശങ്ങള്‍.

അവയ്‌ക്കിടയില്‍ പില്‍ക്കാലത്ത്‌ കുഞ്ഞിനെ പാലൂട്ടാനുള്ള പാല്‍ഗ്രന്ഥികള്‍. കുഞ്ഞിനു വേണ്ടി ചുരത്തുന്ന പാല്‍ മുലകണ്ണിലെത്തിക്കാനുള്ള നാളികള്‍.

ഇവയെ പരിപോഷിപ്പിക്കുന്ന ധമനികളും സിരകളും നാഡികളും ലിംഫ്‌ നാളികളും. ഇതെല്ലാം ചേര്‍ന്നതാണ്‌ സ്‌തനം. സ്‌തനങ്ങളിലെ പാല്‍ഗ്രന്ഥികളില്‍ നിന്നും മുലപ്പാല്‍ നാളികള്‍ വഴി മുലകണ്ണു വരെയാണ്‌ പാല്‍ഗ്രന്ഥികള്‍ ഉണ്ടാകുന്നത്‌.

മുലകണ്ണിനു ചുറ്റും ഏരിയോള എന്ന പാടലമുണ്ട്‌. സ്‌നേഹ ഗ്രന്ഥികളും സ്വേദഗ്രന്ഥികളുമാണ്‌ ഇതില്‍ ഉള്ളത്‌. കൊഴുപ്പു പാളികളും കോശങ്ങളുമാണ്‌ സ്‌തനങ്ങളുടെ വലിപ്പവും ആകൃതിയും നിശ്‌ചയിക്കുന്നത്‌.
കൗമാരം മുതല്‍ ശ്രദ്ധ

സ്‌തന സൗന്ദര്യം ലഭിക്കാനും അതു നിലനിര്‍ത്താനും കൗമാരകാലം മുതല്‍ പ്രത്യേകം ശ്രദ്ധയും പരിചരണം ആവശ്യമാണ്‌. അമിത വണ്ണംമൂലം സ്‌തന വലിപ്പവും വര്‍ധിക്കാനിടയുണ്ട്‌.

ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ജനിതകഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചുണ്ടാകുന്ന സ്‌തന വലിപ്പക്കുറവും ഉണ്ടാകാം. ഈ രണ്ടു പ്രശ്‌നങ്ങളും പെണ്‍കുട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്‌.

സ്‌ത്രൈണത കൂട്ടുവാന്‍ സഹായിക്കുന്ന എള്ള്‌, എള്ളെണ്ണ ഇവ ബാഹ്യമായും അകത്തേയ്‌ക്കും ഉപയോഗിക്കുന്നത്‌ സ്‌തനഭംഗി വര്‍ധിക്കുവാന്‍ നല്ലതാണ്‌. അതാത്‌ കാലങ്ങള്‍ക്കനുസരിച്ചുള്ള പരിപാലനമാണ്‌ സ്‌തനഭംഗി നിലനിര്‍ത്താന്‍ ആവശ്യം.
സ്‌തന പരിചരണം

സ്‌തനങ്ങളുടെ സ്‌നിഗ്‌ധതയും ഉറപ്പും നിലനിര്‍ത്താന്‍ തിരുമുന്നതും വ്യായാമം ചെയ്യുന്നതും നല്ലതാണ്‌. രക്‌തചംക്രമണം കൂട്ടാനും കോശങ്ങളുടെ നല്ല ആരോഗ്യത്തിനും ഇത്‌ സഹായിക്കും. ഇറുകിയ അടിവസ്‌ത്രങ്ങള്‍ ഒഴിവാക്കുക.

ഇടയ്‌ക്ക് കാറ്റും വെളിച്ചവും കൊള്ളാനുള്ള അവസരം ഉണ്ടാകണം. ആയുര്‍വേദത്തില്‍ സ്‌തനപരിചരണത്തെ മൂന്നായി തിരിച്ചിട്ടുണ്ട്‌. ബാലികാ സ്‌തന പരിചരണം, ഗര്‍ഭിണീ പരിചരണം, പ്രസവാനന്തര പരിചരണം എന്നിവയാണവ.
ബാലികാസ്‌തന പരിചരണം ;-

സ്‌തനഭംഗി നിലനിര്‍ത്താന്‍ ധന്വന്തരം കുഴമ്പ്‌, അശ്വഗന്ധാദി കുഴമ്പ്‌, മഹാസ്‌നേഹം ഇവയിലേതെങ്കിലും പുരട്ടി മുകളിലേക്ക്‌ തടവാം.
ഗര്‍ഭിണീ പരിചരണം ;-

മുലക്കണ്ണുകള്‍ ഉള്ളിലേയ്‌ക്ക് വലിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭകാലത്തു തന്നെ നേരെയാക്കിയെടുക്കണം. ഈ കാലഘട്ടത്തില്‍ മുകളില്‍ നിര്‍ദേശിച്ച പരിചരണ തത്വങ്ങള്‍ നല്ലതാണ്‌. ഇതിനൊപ്പം ആഹാരക്രമീകരണവും വേണം. പ്രസവാനന്തരമുള്ള വിള്ളല്‍, പാല്‍ കുറവ്‌ എന്നിവയ്‌ക്കുള്ള മുന്‍കരുതല്‍ എടുക്കണം.
പ്രസവാനന്തര പരിചരണം ;-
പ്രസവാനന്തരം സ്‌തനത്തിന്റെ മനോഹാരിത നിലനിര്‍ത്താന്‍ നല്ല താങ്ങുള്ളതും മുറുകിയതുമായ ബ്രാ ഉപയോഗിക്കണം. സ്‌തനങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്രത്യേകിച്ച്‌ മുലയൂട്ടുന്നവര്‍. ഇത്‌ സ്‌ത്രീയെ കൂടുതല്‍ സുന്ദരിയാക്കും. സ്‌തനാര്‍ബുദം മുതലായ രോഗങ്ങളില്‍ നിന്ന്‌ ഒരു പരിധി വരെ സംരക്ഷിക്കുകയും ചെയ്യും.

- See more at: http://www.mangalam.com/health/family-health/353215#sthash.bRKpI6S5.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ