സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍

സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍

പുരുഷന്റെ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവുമൊക്കെ ഏറെക്കുറേ വ്യക്തമാണെങ്കില്‍ സ്ത്രീയുടേത് കുറേക്കൂടി സങ്കീര്‍ണ്ണവും അവ്യക്തവുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങള്‍ സര്‍വ്വസാധാരണവുമത്രേ. കനത്ത വക്ഷോജങ്ങളുള്ള സ്ത്രീകള്‍ കാമോന്മാദിനികള്‍ ആയിരിക്കുമെന്നതുമുതല്‍ കന്യാചര്‍മ്മം കന്യകാത്വത്തിന്റെ പര്യായമാണ് എന്നതുവരെ നീളുന്നതാണ് സ്ത്രീയുടെ ലൈംഗികശരീരത്തെക്കുറിച്ചുള്ള കെട്ടുകഥകള്‍. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ ആര്‍ജ്ജിക്കേണ്ടത് ആവശ്യമാണ്. കന്യാചര്‍മ്മത്തെയും മറ്റും സംബന്ധിച്ച അബദ്ധധാരണകള്‍ ദാമ്പത്യജീവിതത്തെത്തന്നെ ഉലച്ചു കളഞ്ഞേക്കാമെന്നതിനാല്‍ അത്തരം കാര്യങ്ങള്‍ വിവാഹജീവിതത്തിലേക്ക് ചുവടൂന്നുന്നവര്‍ നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

കന്യാചര്‍മ്മം

കന്യാചര്‍മ്മവും കന്യകാത്വവുമായി ബന്ധമേതുമില്ലെന്ന യാഥാര്‍ത്ഥ്യം ഇന്ന് കുറേപ്പേരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യോനീകവാടത്തില്‍ (Vaginal Orifice) സ്ഥിതി ചെയ്യുന്ന ഈ സ്തരം നൂറ്റാണ്ടുകളായി കന്യകാത്വത്തിന്റെ ദിവ്യമാനദണ്ഡമായി പരിഗണിക്കപ്പെട്ടുപോന്നു. സാധാരണയായി പ്രഥമ സംഭോഗത്തില്‍ തന്നെ ഇത് പൊട്ടിപ്പോകാറുണ്ട്. സംഭോഗവേളയില്‍ ലിംഗം ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളാണ് കന്യാചര്‍മ്മത്തെ ഛേദിക്കുന്നത്. പ്രഥമസംഭോഗത്തില്‍ ലിംഗപ്രവേശം നടത്തുമ്പോള്‍ കന്യാചര്‍മ്മം പല കഷണങ്ങളായി പൊട്ടിപ്പോകുന്നു. എന്നാല്‍ അതിന്റെ അല്പം ചില അംശങ്ങള്‍ അവശേഷിക്കാറുണ്ട്. തുടര്‍ന്നുള്ള സംഭോഗങ്ങളില്‍ അവശേഷിക്കുന്ന കന്യാചര്‍മ്മഭാഗങ്ങള്‍ക്കൂടി നശിപ്പിക്കപ്പെടുമെങ്കിലും കന്യാചര്‍മ്മം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്നുവെന്നു പറയാനാകില്ല. അതിന്റെ അല്പം ചില അവശിഷ്ടങ്ങള്‍ നിലനില്‍ക്കുകതന്നെ ചെയ്യും.

എന്നാല്‍ എല്ലാവരിലും ഇത് ഇങ്ങനെതന്നെ സംഭവിക്കണമെന്നില്ല. ദിവസം പത്തിരുപതുതവണ സംഭോഗം ചെയ്തിട്ടുള്ള സ്ത്രീകളില്‍പ്പോലും കന്യാചര്‍മ്മം ഒരു കേടുപാടുമില്ലാതെ അവശേഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കന്യാചര്‍മ്മത്തിന്റെ ഇലാസ്തികതയാണ് ഈ പ്രതിഭാസത്തിന് കാരണം. ഒട്ടേറെ പ്രസവങ്ങള്‍ നടത്തിയിട്ടുള്ളവരില്‍പ്പോലും കന്യാചര്‍മ്മനാശം സംഭവിക്കാതിരിക്കാന്‍ കാരണം ആ സ്തരത്തിന്റെ ഇത്തരത്തിലുള്ള ഇലാസ്തിക പ്രകൃതമാണ്. ചിലരില്‍ ലിംഗപ്രവേശനസമയത്ത് കന്യാചര്‍മ്മം ഛേദിക്കപ്പെടുന്നതിനു പകരം വളഞ്ഞ് യോനിയുടെ അടിത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുന്നു. സംഭോഗം അനായാസം തുടരുകയും ചെയ്യാം. പ്രസവസമയത്തും കന്യാചര്‍മ്മം അതിന്റെ വളയുന്ന സ്വഭാവം പ്രകടിപ്പിക്കുന്നു. സംഭോഗവേളയില്‍ അകത്തേക്കു വളഞ്ഞതുപോലെ പ്രസവസമയത്ത് അത് പുറത്തേക്ക് വളയുന്നു. അങ്ങനെ കന്യാചര്‍മ്മം ഛേദിക്കപ്പെടാതെ തന്നെ കുഞ്ഞ് പുറത്തേക്കുവരുന്നു.

നോവലുകളിലെയും മറ്റും കന്യാചര്‍മ്മത്തെക്കുറിച്ചുള്ള അതിഭാവുകത്വം കലര്‍ന്ന വര്‍ണ്ണനകളും പ്രസ്താവനകളുമാകാം സാമാന്യജനങ്ങള്‍ക്കിടയില്‍ തീര്‍ത്തും നിരുപദ്രവകാരിയായ ഈ യോനീസ്തരത്തെക്കുറിച്ച് അതിശയോക്തി പരമായ ധാരണകള്‍ പരക്കാന്‍ കാരണം. ഇത്തരം മിഥ്യാധാരണകളില്‍ കുടുങ്ങുന്ന ചില നവവരന്മാര്‍ ആദ്യരാത്രിയില്‍ സംഭോഗാനന്തരം നവവധുവിന്റെ ’കന്യാരക്ത’ ത്തിനായി കിടക്കയില്‍ പരിശോധന നടത്താറുപോലുമുണ്ട്! ജീവശാസ്ത്രപരമായ ഇത്തരം അജ്ഞതകള്‍ ദാമ്പത്യകലഹത്തിനുവരെ വഴിയൊരുക്കുകയും ചെയ്യുന്നു. കന്യാചര്‍മ്മം കന്യകാത്വത്തിന്റെ സുപ്രധാന ലക്ഷണമാണെന്ന തെറ്റിദ്ധാരണ പാശ്ചാത്യരാജ്യങ്ങളിലാണ് ഏറെയും കാണപ്പെടുന്നതെങ്കിലും നമ്മുടെ നാട്ടിലും അതൊട്ടും കുറവല്ല തന്നെ. പാശ്ചാത്യനാടുകളില്‍ കന്യാചര്‍മ്മം പൊട്ടിച്ചിട്ടില്ലാത്ത കന്യകമാരുമായി വേഴ്ച നടത്തുന്നതില്‍ വിടന്മാരായ പ്രഭുക്കന്മാര്‍ക്കും പ്രമാണിമാര്‍ക്കും പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നുവത്രേ. ഗണികാഗൃഹനടത്തിപ്പുകാര്‍ ഈ ദൗര്‍ബ്ബല്യം മനസ്സിലാക്കി അവരില്‍ നിന്ന് വന്‍തുക ഈടാക്കി കന്യാചര്‍മ്മഛേദം നടത്തിയിട്ടില്ലാത്ത സ്ത്രീകളെ സമര്‍പ്പിക്കാറുണ്ടായിരുന്നുവത്രേ!

ചില സ്ത്രീകളില്‍ ജന്മനാതന്നെ വളരെ ദുര്‍ബ്ബലമായ കന്യാചര്‍മ്മമായിരിക്കും കാണപ്പെടുക. കായികാദ്ധ്വാനം മൂലവും സ്‌പോര്‍ട്‌സിലും മറ്റും ഏര്‍പ്പെടുന്നതുകൊണ്ടും കന്യാചര്‍മ്മം പൊട്ടിപ്പോകാം. കന്യാചര്‍മ്മം പൊട്ടിപ്പോയതിനാല്‍ ഒരു സ്ത്രീ ഒരിക്കലും വഴിപിഴച്ചവളാണെന്ന് മുദ്ര കുത്തുവാന്‍ പാടുള്ളതല്ല. കന്യാചര്‍മ്മം ഛേദിക്കപ്പെടാത്ത അംഗനമാരെല്ലാം കന്യകമാരാണെന്ന മുന്‍വിധിയും തെറ്റാണ്. എത്രയോ സംഭോഗങ്ങള്‍ക്കും പ്രസവത്തിനും ശേഷം പോലും കന്യാചര്‍മ്മം ഭദ്രമായിത്തന്നെ നിലകൊള്ളുന്നു.

സ്വയംഭോഗത്തിലൂടെയും കന്യാചര്‍മ്മം പൊട്ടിപ്പോകാം. യോനിയിലേക്ക് വിരല്‍ കടത്തിയുള്ള സ്വയംഭോഗത്തിലൂടെ കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിക്കാം. യോനിയിലേക്ക് പേനയും ഫലമൂലാദികളും മറ്റും കടത്തി ചില കന്യകമാര്‍ നടത്തുന്ന സ്വയംഭോഗത്തിന് കന്യാചര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും നല്‍കാനാവില്ല.

ദ്വാരമേയില്ലാത്ത കന്യാചര്‍മ്മം ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട് (Imperforate hymen). എന്നാല്‍ ഇത് പുരുഷന്മാര്‍ക്ക് നേരില്‍ കാണാനാവില്ല. യോനിയെ പൂര്‍ണ്ണമായും അടയ്ക്കുന്ന അസാധാരണമായ ഈ കന്യാചര്‍മ്മം ഡോക്ടര്‍മാര്‍ക്കേ കാണാനാകുകയുള്ളൂ. ഇത്തരക്കാരില്‍ യോനീദ്വാരം പൂര്‍ണ്ണമായും കന്യാചര്‍മ്മത്താല്‍ മൂടപ്പെട്ടിരിക്കും. അതിനാല്‍ ആര്‍ത്തവരക്തത്തിന് പുറത്തേക്ക് നിഗമിക്കാനാവില്ല. ആര്‍ത്തവാരംഭത്തോടെയാണ് ഈ വൈകല്യം രക്ഷിതാക്കള്‍ അറിയുന്നത്. ഇത്തരം പെണ്‍കുട്ടികളില്‍ ആര്‍ത്തവരക്തം യോനിക്കുള്ളില്‍ കെട്ടിനില്‍ക്കുന്നതുമൂലം ചൊറിച്ചിലും അണുബാധയുമുണ്ടാകുന്നു. വിദഗ്ദ്ധനായ ഒരു ഗൈനക്കോളജിസ്റ്റിനെ ഇത്തരം അവസ്ഥയില്‍ സമീപിക്കുവാന്‍ അമാന്തിക്കരുത്. ഒരു ലഘുശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മത്തെ ഭേദിച്ച് ദുഷിച്ച രക്തത്തെ പുറത്തേക്കുകളയുവാനാകും.

കൃസരി

സ്ത്രീയുടെ ലൈംഗികാവയവങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുള്ള ഒന്നാണ് കൃസരി അഥവാ ഭഗശിശ്‌നിക. സ്ത്രീയിലെ ഈ വികാരകേന്ദ്രം അവളുടെ ലൈംഗികോത്തേജനത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് ഒട്ടേറെ അതിശയോക്തിപരമായ കഥകള്‍ പ്രചരിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. ജി.സ്‌പോട്ടിന്റെയും (G.Spot) കള്‍-ദി-സാക്കി (Cul-de-Sac) ന്റെയും ലൈംഗികോത്തേജന ശക്തിയെക്കുറിച്ച് ലൈംഗികശാസ്ത്രജ്ഞന്മാര്‍ ബോധവാന്മാരായതിനെത്തുടര്‍ന്ന് കൃസരിയുടെ ലൈംഗികോത്തേജന മഹനീയതയ്ക്ക് ഒട്ടൊക്കെ ഇളക്കം തട്ടിയിട്ടുമുണ്ട്. എന്നാല്‍ സ്ത്രീയില്‍ മറ്റു വികാരകേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടും കൃസരിക്ക് ലൈംഗിക പ്രതികരണത്തില്‍ സുപ്രധാന സ്ഥാനം കല്‍പ്പിക്കുവാനാണ് മിക്ക ലൈംഗിക വിദഗ്ദ്ധര്‍ക്കും താല്‍പ്പര്യം.

കൃസരി ലൈംഗികോത്തേജനത്തിലെ സുപ്രധാന കേന്ദ്രമാണെന്ന ധാരണ പരന്നതോടെ അതിന്റെ വലിപ്പത്തെക്കുറിച്ചും മറ്റും തെറ്റിദ്ധാരണകള്‍ പ്രചരിക്കുവാന്‍ തുടങ്ങി. വലിപ്പമുള്ള കൃസരികളോടുകൂടിയ സ്ത്രീകള്‍ക്ക് കാമാസക്തി ഏറിയിരിക്കുമെന്നതാണ് അതിലൊന്ന്. എന്നാല്‍ കൃസരിയുടെ വലിപ്പവും സ്ത്രീയുടെ ലൈംഗികാസക്തിയുമായി ഒരു ബന്ധവുമില്ലെന്നതാണ് സത്യം. ശരീരപ്രകൃതമനുസരിച്ച് കൃസരിയുടെ വലിപ്പം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. സ്ഥൂലഗാത്രികള്‍ക്ക് വലിയ കൃസരി ഉണ്ടായിരിക്കുമെന്നും മെലിഞ്ഞ പ്രകൃതക്കാര്‍ക്ക് അതിന്റെ വലിപ്പം കുറവായിരിക്കുമെന്നും ഒന്നും പറയുവാനാകില്ല. സ്ഥിരമായ ഉദ്ദീപനങ്ങളിലൂടെ കൃസരിയുടെ വലിപ്പം കൂടുമെന്നു പറയുന്നതില്‍ കഴമ്പില്ല. കൃസരിയുടെ വലിപ്പം ലൈംഗികാസക്തി കൂട്ടുമെന്നു കരുതി ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

കൃസരിയുടെ ലൈംഗികശാസ്ത്രപരമായ സ്ഥാനത്തെക്കുറിച്ച് വിദഗ്ദ്ധന്മാര്‍ രണ്ടുതട്ടിലാണ്. ചിലര്‍ ഇതിനെ വളര്‍ച്ച പ്രാപിക്കാന്‍ മറന്നുപോയ ഒരു ലിംഗമായിക്കാണുമ്പോള്‍ മറ്റുചിലര്‍ ലിംഗത്തെത്തന്നെ വളര്‍ച്ചപ്രാപിച്ച ഒരു കൃസരിയായി കാണുന്നു. ഇതില്‍ രണ്ടുകൂട്ടരുടെയും വാദത്തില്‍ കുറെയൊക്കെ കഴന്വുണ്ടെന്നു കാണാം. വളര്‍ച്ചയുടെ ആദ്യദശയില്‍ മനുഷ്യഭ്രൂണത്തിന് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ ഉണ്ട്. എന്നാല്‍ അവ അവ്യക്തമായ അവസ്ഥയിലായിരിക്കുമെന്നു മാത്രം. തുടര്‍ന്ന് ലിംഗങ്ങള്‍ വ്യവച്ഛേദിക്കപ്പെടുകയും വളരേണ്ട ലൈംഗികാവയവങ്ങള്‍ വളരുകയും ചെയ്യുന്നു.

കൃസരി സ്ത്രീയുടെ ലൈംഗികോത്തേജനത്തില്‍ രണ്ടുരീതിയിലാണ് ഭാഗഭാഗിത്വം വഹിക്കുന്നത്. അത് ലൈംഗികോദ്ദീപനത്തെ ഒരേ സമയം സ്വീകരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു. കൃസരിയിലെ നാഡികളും രക്തവാഹിനികളും ഉദ്ദീപനങ്ങളെ സ്വീകരിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ലൈംഗികാനുഭൂതികളെ ലൈംഗികാവയവങ്ങളിലും ശരീരത്തിന്റെ ഇതരസംവേദന കേന്ദ്രങ്ങളിലും കൃസരി വ്യാപിപ്പിക്കുന്നു. രതിമൂര്‍ച്ഛാവേളയില്‍ ഉപസ്ഥത്തിലെങ്ങും അനുഭവപ്പെടുന്ന സുഖദായകമായ തരിപ്പും യോനിയുടെ അന്തര്‍ഭാഗത്തെ ചൂടും ശരീരമെമ്പാടും അനുഭവപ്പെടുന്ന വൈകാരികവിസ്‌ഫോടനവും കൃസരിയുടെ പ്രതികരണഫലമായാണെന്നാണ് ലൈംഗികവിദഗ്ദ്ധന്മാരുടെ നിഗമനം.

ലൈംഗികപ്രതികരണ ചക്രത്തില്‍ ‘ഒളിച്ചും’ ‘കണ്ടും’ നടക്കുന്ന ഒരു സ്വഭാവസവിശേഷതയും കൃസരി പ്രദര്‍ശിപ്പിക്കാറുണ്ട്. ഉത്തേജനത്തിന്റെ മറ്റു രണ്ട് ഘട്ടങ്ങളിലും ഉദ്ധരിച്ചു നില്‍ക്കുന്ന കൃസരി ഉന്നതഘട്ടത്തില്‍ ശിശ്‌നികാഛദത്തിലേക്കു പിന്‍വലിയുന്നു. അതിനാല്‍ ആ ഘട്ടത്തില്‍ കൃസരി ഏതാണ്ട് അപ്രത്യക്ഷമായതായിപ്പോലും അനുഭവപ്പെടാം. കൃസരിയിലെ ഉദ്ദീപനത്തെക്കുറിച്ച് അതിശയോക്തിപരമായ ധാരണകള്‍ പുലര്‍ത്തുന്ന പുരുഷന്മാരെ കൃസരിയുടെ ഒളിച്ചുകളി തെല്ലു പരിഭ്രാന്തരാക്കിയേക്കാം. പിന്‍വാങ്ങിയ അവസ്ഥയില്‍ ലിംഗത്തിനോ വിരലുകള്‍ക്കോ അതില്‍ നേരിട്ട് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയില്ല. രതിമൂര്‍ച്ഛാഘട്ടത്തില്‍ കൃസരി വീണ്ടും ഉദ്ദീപ്തമാകുകയും സമാപ്തിഘട്ടത്തില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തുകൊള്ളും.

സംഭോഗത്തെ ഒരു കസര്‍ത്തായി കാണുന്ന ചില വിദഗ്ദ്ധന്മാര്‍ കൃസരിയില്‍ ലിംഗം നേരിട്ട് സ്പര്‍ശിച്ചുകൊണ്ടുള്ള സംഭോഗവ്യായാമങ്ങളും മറ്റും നിര്‍ദ്ദേശിക്കാറുണ്ട്. അതൊക്കെ പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍! മൈഥുനവേളയില്‍ ലിംഗം കൃസരിയില്‍ നേരിട്ടുരുമ്മണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പ്രാരംഭോപചാരത്തില്‍ അതിനെ ലിംഗവും വിരലുകളും കൊണ്ട് ഉത്തേജിപ്പിക്കാവുന്നതേയുള്ളൂ. കൃസരിയില്‍ തന്നെ ശ്രദ്ധയൂന്നിക്കൊണ്ട് നടത്തുന്ന സംഭോഗത്തിന് മറ്റൊരപകടവും സംഭവിക്കാം. സ്തനങ്ങള്‍, യോനി തുടങ്ങി സ്ത്രീയുടെ മറ്റു ലൈംഗികാവയവങ്ങളിലും ഉദ്ദീപനങ്ങള്‍ ഉണര്‍ത്താമെന്നിരിക്കേ കൃസരിയില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധയര്‍പ്പിക്കുന്നത് ലൈംഗികാനുഭൂതിയുടെ വ്യാപനത്തെ കുറയ്ക്കുവാന്‍ കാരണമാകാം. ഉന്നതഘട്ടത്തില്‍ കൃസരി പിന്‍വാങ്ങുന്നതിനാല്‍ അത് കണ്ടുപിടിക്കാനുള്ള ശ്രമം വൃഥാവിലാവുകയാകും ചെയ്യുക.

വളരെയേറെ സംവേദനക്ഷമവും മൃദുലവുമായ ഒരവയവമാണ് കൃസരിയെന്നതിനാല്‍ അതില്‍ ശക്തിയായി നടത്തുന്ന ഉദ്ദീപനങ്ങള്‍ സ്ത്രീകളില്‍ അനുഭൂതികള്‍ക്കു പകരം അസ്വാരസ്യമാകും സൃഷ്ടിക്കുക. അതിനാല്‍ കൃസരിയുടെ ശീര്‍ഷത്തില്‍ (Clitoral hood) നേരിട്ട് ഉദ്ദീപനങ്ങള്‍ ഉളവാക്കുന്നതിലും നല്ലത് അതിന്റെ ചുറ്റുപാടുകളില്‍ നല്‍കുന്നതാകും. യോനിയിലെന്നപോലെ കൃസരിയിലും സ്പര്‍ശിക്കുമ്പോള്‍ കൈവിരലുകള്‍ ശുചിയായിരിക്കണം. നഖം കൊണ്ടും മറ്റും കൃസരിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉളവാക്കുക.

കൗമാരാരംഭത്തോടെ കൃസരിയുടെ ലൈംഗികോദ്ദീപന ശക്തി മിക്ക പെണ്‍കുട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാല്‍ സ്വയംഭോഗം ചെയ്തു തുടങ്ങുന്നതോടെ കൃസരി ഉദ്ദീപനങ്ങളും അവര്‍ ശീലമാക്കുന്നു. എന്നാല്‍ സ്വയംഭോഗവേളയിലും കൃസരിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. ചില സ്ത്രീകള്‍ കൃസരീശീര്‍ഷത്തിലും മറ്റു ചിലര്‍ കൃസരീതനുവിലും (Clitoral Shaft) വിരലോടിച്ച് സ്വയംഭോഗം ചെയ്യുന്നു. മൂന്നാമതൊരു കൂട്ടരാകട്ടെ ഭഗപ്രദേശമാകെ തഴുകിയായിരിക്കും സ്വയംഭോഗം ചെയ്യുക. ഭഗപ്രദേശം ഒന്നാകെ തഴുകി നടത്തുന്ന ഉത്തേജനങ്ങള്‍ രതിമൂര്‍ച്ഛയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

കൃസരീശീര്‍ഷം ശസ്ത്രക്രിയയിലൂടെ ഛേദിച്ചുകളയുന്നത് (Clitoral Circumcision) ലൈംഗികപ്രതികരണം ശക്തമാക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശീര്‍ഷം നീക്കംചെയ്യുന്നതിലൂടെ കൃസരിയുടെ ഗ്രന്ഥിഘടന (Clitoral Gland) വ്യക്തമാകുന്നതിനാലാണിത്. ചില ആഫ്രിക്കന്‍ പ്രാകൃത ഗോത്രക്കാര്‍ക്കിടയില്‍ പെണ്‍കുട്ടി യൗവ്വനയുക്തയാകുന്നതോടെ കൃസരീഛേദനം നടത്തുന്ന അനുഷ്ഠാനം നിലനിന്നുവരുന്നുണ്ട്. ഈജിപ്റ്റിലെ പെണ്‍കുട്ടികളില്‍ നല്ലൊരു വിഭാഗത്തിന് അത്യന്തം വേദനാജനകമായ ഈ പ്രാകൃതകര്‍മ്മം ഇന്നും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം കൃസരീഛേദം നടത്തുന്നത് ലൈംഗികോത്തേജനത്തെ നശിപ്പിക്കുന്നില്ലെങ്കിലും അതിനെ സഹായിക്കുന്നില്ല. 1983-ല്‍ ലൈംഗികശാസ്ത്രജ്ഞന്മാരുടെ ലോകസമ്മേളനത്തില്‍ ഇതിനെതിരായ പ്രമേയം കൊണ്ടുവരപ്പെട്ടെങ്കിലും ഇത്തരം പ്രാദേശികാനുഷ്ഠാനങ്ങളില്‍ ഇടപെടേണ്ടന്നായിരുന്നു ഭൂരിപക്ഷം പേരുടെയും നിലപാട്.

കൃസരീശീര്‍ഷം നീക്കം ചെയ്യുന്നതിലൂടെ ലൈംഗികോത്തേജനം കാര്യമായൊന്നും വര്‍ദ്ധിക്കുന്നില്ലെന്നാണ് മാസ്റ്റേഴ്‌സിന്റെയും ജോണ്‍സന്റെയും നിലപാട്. മാത്രവുമല്ല അതില്‍ ചില ന്യൂനതകളും അവര്‍ കണ്ടെത്തുന്നു. കൃസരിയുടെ ഗ്രന്ഥീഘടന വളരെ മൃദുവായതിനാല്‍ കൃസരീശീര്‍ഷം നീക്കം ചെയ്യുന്നത് കൃസരിയില്‍ നടത്തുന്ന ഉദ്ദീപനങ്ങളെ വേദനാപൂര്‍ണ്ണമാക്കാമെന്നതാണ് ഒന്നാമത്തേത്. സംഭോഗവേളയില്‍ ലിംഗസംവേശനം ലഘുഭഗോഷ്ഠങ്ങളെ ചലിപ്പിക്കുകയും കൃസരീശീര്‍ഷം കൃസരീഗ്രന്ഥി ഘടനയിലൂടെ മുന്നോട്ടും പിന്നോട്ടും ചലിക്കുകയും ചെയ്യുന്നു. കൃസരീശീര്‍ഷം നീക്കം ചെയ്യുപ്പെടുന്നതിലൂടെ ഈ ഉത്തേജനം ഇല്ലാതായിത്തീരുമെന്നതാണ് രണ്ടാമത്തെ ന്യൂനത. കൃസരീശീര്‍ഷത്തിനും കൃസരീഗ്രന്ഥിഘടനയ്ക്കും മധ്യേ കാണപ്പെടുന്ന കട്ടിയായ സ്രാവം (Smegma) ഒരു ശസ്ത്രക്രിയാ ഉപകരണം വഴി നേര്‍പ്പിക്കുന്ന രീതി അപൂര്‍വ്വമായെങ്കിലും പ്രായോഗികമാക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ മുപ്പതുവര്‍ഷത്തെ ചികിത്സാ ചരിത്രത്തില്‍ ഇപ്രകാരം ലൈംഗികോത്തേജനം കൂട്ടേണ്ടിവന്നിട്ടുള്ള അപൂര്‍വ്വ സന്ദര്‍ഭങ്ങളേ ഉണ്ടായിട്ടുള്ളുവെന്നാണ് മാസ്റ്റേഴ്‌സും ജോണ്‍സണും പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ