സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍

അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. മാസ്റ്റേഴ്‌സും ജോണ്‍സണും ലിംഗവലിപ്പത്തെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുദ്ധൃതാവസ്ഥയിലെ ലിംഗത്തിന്റെ വലിപ്പവും ഉദ്ധാരണവേളയിലുണ്ടാകുന്ന ദൈര്‍ഘ്യക്കൂടുതലും വിപരീതാനുപാതത്തിലായിരിക്കും എന്നായിരുന്നു അവര്‍ കണ്ടെത്തിയത്. ഉദാഹരണമായി അനുദ്ധ്യതാവസ്ഥയില്‍ മൂന്നര ഇഞ്ചു നീളമുള്ള ഒരു ലിംഗം ഉദ്ധരിക്കുമ്പോള്‍ ആറിഞ്ചു നീളമുള്ളതാകുമെന്നിരിക്കട്ടെ. അതേസമയം അനുദ്ധൃതാവസ്ഥയില്‍ അഞ്ചിഞ്ചു നീളമുള്ള ലിംഗം ഉദ്ധ്യതമാകുമ്പോള്‍ ആറര ഇഞ്ചു നീളമേ ഉണ്ടാകൂ. ചെറിയലിംഗത്തിന് 70% ദൈര്‍ഘ്യവര്‍ദ്ധനവുണ്ടാകുമ്പോള്‍ വലിയ ലിംഗത്തിന് 30% മാത്രമേ വലിപ്പം വര്‍ദ്ധിക്കുന്നുള്ളൂ.

ഉത്തേജിക്കാത്ത യോനിയുടെ ശരാശരി ദൈര്‍ഘ്യം മൂന്നര ഇഞ്ചാണ്. ഉത്തേജിതാവസ്ഥയില്‍ അത് ഒരിഞ്ചോ മറ്റോ കൂടിയെന്നിരിക്കും. അങ്ങനെയെങ്കില്‍ ഉത്തേജിതയോനിയുടെ ശരാശരി ദൈര്‍ഘ്യം നാലര ഇഞ്ചിനോടടുപ്പിച്ചു വരും.

ലിംഗം ഉപയോഗിച്ചുള്ള ഉദ്ദീപനത്തിലൂടെ യോനി പരമാവധി ആറര ഇഞ്ചുവരെ നീളും. അതുകൊണ്ട് പുരുഷലിംഗത്തെ പരമാവധി ആറര ഇഞ്ചുവരെ മാത്രമേ യോനിയിലേക്കു പ്രവേശിപ്പിക്കാനാകൂ.

യോനീനാളത്തിന്റെ ബാഹ്യമായ മൂന്നിലൊന്നു ഭാഗം മാത്രമേ ലൈംഗികമായി സംവേദനക്ഷമമായുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ഗര്‍ഭാശയഗളത്തിലും മറ്റും ലൈംഗിക ഉത്തേജനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഒരു വാദഗതിയുണ്ട്. ഗര്‍ഭാശയഗളത്തിലെ Cul-de-sac-ല്‍ ഉദ്ദീപനങ്ങള്‍ ചെലുത്തുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിലെ ‘ലൈംഗികോത്തേജനം സ്ത്രീകളില്‍‘ എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം ആന്തരയോനിയില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ബാഹ്യമായ മൂന്നിലൊന്നു ഭാഗത്തെ ഉദ്ദീപനങ്ങള്‍ തന്നെ ഒരുസ്ത്രീയെ തൃപ്തയാക്കാന്‍ ധാരാളം മതിയാകും. കൂടുതല്‍ വൈവിദ്ധ്യവും തീവ്രവുമായ ലൈംഗികസുഖം കാംക്ഷിക്കുന്ന പരീക്ഷണ മനോഭാവമുള്ളവര്‍ മാത്രമേ ഗര്‍ഭാശയഗളത്തിലെയും മറ്റും ലൈംഗികോത്തേജനത്തിനായി തുനിയേണ്ടതുള്ളൂ. ഒരു സ്ത്രീയുടെ യോനിക്ക് ഉദ്ധ്യതാവസ്ഥയില്‍ ആറിഞ്ച് ആഴമുണ്ടായിരുന്നാല്‍പ്പോലും അതിന്റെ ബാഹ്യമായ രണ്ടിഞ്ചു നീളത്തിനേ ലിംഗം ഉളവാക്കുന്ന ലൈംഗികോത്തേജനങ്ങളോട് പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. ഉദ്ധിതാവസ്ഥയില്‍ ഒരു ലിംഗത്തിനു മൂന്നര ഇഞ്ചു നീളമുണ്ടെങ്കില്‍ തന്നെ യോനിയുടെ ഈ ഭാഗത്ത് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. ലിംഗത്തിന്റെ മിച്ചംവരുന്ന ഒന്നരഇഞ്ചുനീളം കൊണ്ട് യോനിയുടെ ആന്തരികമായ മറ്റു ഭാഗങ്ങളില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. അതിനാല്‍ ഉദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരിക്കുന്നത് ഒരു വലിയ ലൈംഗികപ്രശ്‌നമായി കണക്കാക്കേണ്ടതില്ല. അനുദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരുന്നാലും വിഷമിക്കേണ്ടതില്ല. യോനിയില്‍ ആവശ്യാനുസരണം ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ ചെറിയ ലിംഗത്തിനും സാധിക്കുന്നു.

ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട് ഇപ്രകാരമാണെങ്കിലും ആനുപാതികമായ ലിംഗയോനീ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സുരതമാണ് ഉല്‍കൃഷ്ടമെന്നത്രേ ആചാര്യവാത്സ്യായനന്റെ അഭിപ്രായം. സ്ത്രീപുരുഷന്മാരുടെ ഉല്പാദനേന്ദ്രിയങ്ങള്‍ക്ക് യഥാക്രമം ആഴവും വലിപ്പവും സമമാണെങ്കില്‍ അവര്‍തമ്മില്‍ നടക്കുന്ന സുരതത്തെ കാമസൂത്രത്തില്‍ സമരതമെന്നു വിളിക്കുന്നു. യോനിയുടെ ആഴത്തിലുമധികം ദൈര്‍ഘ്യമുള്ള ലിംഗത്തോടുകൂടിയ പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയുമായി നടത്തുന്ന വേഴ്ചയെ ഉച്ചരതം എന്നു വിളിക്കുന്നു. യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് അത്രതന്നെ ദൈര്‍ഘ്യമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നീചരതം സംഭവിക്കുന്നു. സമരതമാണ് എന്തുകൊണ്ടും ശ്രേഷ്ഠമെന്നാണ് വാത്സ്യായനന്‍ അഭിപ്രായപ്പെടുന്നത്.

പ്രാചീനവും ആധുനികവുമായ ലൈംഗികശാസ്ത്ര നിലപാടുകളില്‍ രണ്ടിലും കുറെയൊക്കെ വാസ്തവങ്ങള്‍ ഉള്ളതിനാല്‍ നാം ഇതില്‍ ഏതെങ്കിലും ഒന്നിനെ ത്യജിക്കുകയോ മറ്റൊന്നിനെ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. ലിംഗവലിപ്പത്തിന്റെ കാര്യത്തിലും രണ്ടുകൂട്ടരും പറയുന്ന അഭിപ്രായങ്ങളെ മാനിക്കുകയും കാമസൂത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന വ്യത്യസ്ത ഉല്പാദനേന്ദ്രിയ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ സ്വീകരിക്കേണ്ട സംഭോഗനിലകള്‍ അനുശീലിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്.
രതിമൂര്‍ച്ഛ സമാഗതമാകുന്നതോടുകൂടി ലിംഗയോനി സംവേശം കൂടുതല്‍ ആഴത്തിലായിത്തീരുന്നു. എന്നാല്‍ ചെറിയ ലിംഗമുള്ള പുരുഷന്മാര്‍ക്ക് ആഴത്തില്‍ യോനീ സംവേശനം നടത്താന്‍ സാധിച്ചെന്നിരിക്കില്ല. അത്തരക്കാര്‍ അതില്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. സുരതവേഗം വര്‍ദ്ധിക്കുന്നതോടെ ശ്രോണീപ്രദേശങ്ങള്‍ അതിശക്തമായി തമ്മില്‍ ഘര്‍ഷണം ചെയ്യപ്പെടുന്നുണ്ട്. ഇത് സുഖാസ്വാദനത്തെ കൂടുതല്‍ ശക്തമാക്കുന്നു. അഗാധമായ ലിംഗപ്രവേശനത്തിന്റെ അനുഭൂതികള്‍ തന്നെ ഇത് ജനിപ്പിക്കുന്നുണ്ട്. മൈഥുനത്തില്‍ ലിംഗത്തിന് സവിശേഷമായ താളക്രമങ്ങളാല്‍ യോനിയിലാസകലം ചലനം സൃഷ്ടിക്കുവാനും സ്ത്രീയ്ക്ക് ലിംഗം യോനിയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന തോന്നലുളവാക്കാനും സാധിക്കുന്നു.

ആറര ഇഞ്ചുവരെ ആഴമുള്ള ഒരു യോനിയിലേക്ക് ആറിഞ്ചു ദൈര്‍ഘ്യമുള്ള ലിംഗം പൂര്‍ണ്ണമായി ആഴ്ന്നിറങ്ങുന്നത് സ്ത്രീക്ക് സുഖകരമാണ്. അഥവാ ലിംഗദൈര്‍ഘ്യം ഏറിയവരാണെങ്കില്‍പ്പോലും വേഴ്ചയുടെ വിസ്മൃതിയില്‍ അവര്‍ക്ക് വേദന അനുഭവപ്പെടുന്നില്ല. എന്നാല്‍ ലിംഗദൈര്‍ഘ്യം ഏഴിഞ്ചായാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ആ വേഴ്ച തികച്ചും അവിസ്മരണീയമായ ഒരനുഭവമായിരിക്കും! ആ പുരുഷന്റെ സാമീപ്യം പോലും സ്ത്രീയില്‍ ഭയമുണര്‍ത്തിയെന്നിരിക്കും. എഴിഞ്ചില്‍ കൂടുതല്‍ ലിംഗദൈര്‍ഘ്യമുള്ള പുരുഷനുമായുള്ള സംഭോഗം സ്ത്രീക്ക് വേദനാജനകമായ ഒരനുഭവമായതിനാല്‍ അത്തരം ലിംഗദൈര്‍ഘ്യമുള്ളവര്‍ ലിംഗം യോനിയിലേക്ക് പൂര്‍ണ്ണമായും പ്രവേശിപ്പിക്കാതിരിക്കുകയാകും ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കു നല്ലത്! ലിംഗത്തിന്റെ വലിപ്പം മൈഥുനാനന്ദത്തിന് അനിവാര്യമാണെന്ന വിശ്വാസത്തിന് കാര്യമായ ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല.

ലിംഗത്തിന്റെ വലിപ്പക്കുറവിനെച്ചൊല്ലി വ്യാകുലരായി കഴിയുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ നാട്ടിലുണ്ട്. അതിനാല്‍ തന്നെ അതില്‍നിന്നു മുതലെടുക്കുന്ന മുറിവൈദ്യന്മാരും കുറവല്ല. ചിലരൊക്കെ മനഃശാസ്ത്രജ്ഞരോട് ലിംഗവലിപ്പക്കുറവിനെക്കുറിച്ച് പരാതികളും സംശയങ്ങളുമുന്നയിച്ച് ആയുസ് പാഴാക്കുന്നു. ഇക്കാര്യത്തില്‍ ‘വിദഗ്‌ദ്ധോപദേശം’ നല്‍കുന്ന ചില വ്യാജലൈംഗിക ഗ്രന്ഥങ്ങളും വിരളമല്ല. എന്നാല്‍ പണ്ടുകാലം മുതല്‍ക്കേ ലിംഗവലിപ്പം കൂട്ടുവാനായി പല വിദ്യകളും പലരും പ്രയോഗിച്ചുനോക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ അതില്‍ വിജയിച്ചതായി കേട്ടിട്ടില്ല. ലിംഗത്തിന്റെ വലിപ്പം കൃത്രിമമായി വര്‍ദ്ധിപ്പിക്കാനാകില്ലെന്നു പറയുവാന്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. ലിംഗം ഉദ്ധാരകകലകളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരവയവമാണ്. ഉദ്ധാരകകലകള്‍ വര്‍ദ്ധിക്കുന്ന സ്വഭാവമുള്ളവയല്ല. അതിനാല്‍ ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും വലിപ്പം കൂടുകയെന്നതും ശാസ്ത്രീയമായി അസംഭവ്യമായ കാര്യമാണ്. ലിംഗത്തെ ലിംഗമാക്കുന്നത് അതിന്റെ ഇലാസ്തിക സ്വഭാവമാണ്. റബ്ബര്‍പോലെ വലിയുന്ന ഈ സ്വഭാവം നിലനില്‍ക്കുന്നിടത്തോളം കാലം ലിംഗത്തിന്റെ ദൈര്‍ഘ്യം സ്ഥിരമായി വലുതാക്കുവാന്‍ സാധിക്കുകയില്ല.

ലിംഗവലിപ്പമെന്നത് ലൈംഗികശക്തിയുടെ മാനദണ്ഡമാണെന്ന തെറ്റിദ്ധാരണ നിലനിന്നതിനാല്‍ കാലാകാലങ്ങളിലായി പല നാട്ടുകാരും അതിനായി പല പൊടിക്കൈകളും പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ കാമസൂത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്ന ചില തൈലങ്ങളും മറ്റും പരീക്ഷിച്ചുനോക്കി. താല്‍ക്കാലികമായി ചില ഫലങ്ങള്‍ കണ്ടില്ലെന്നു പറയാനാവില്ലെങ്കിലും ശാശ്വതമായ ഒരു ലിംഗദൈര്‍ഘ്യം ആരും കൈവരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തെറ്റിദ്ധാരണയില്‍ കുടുങ്ങിയ ചില പാരാചീന ശാസ്ത്രജ്ഞന്മാര്‍ പോലും ലിംഗവലിപ്പത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കിയതായി പറയപ്പെടുന്നു.

ജപ്പാന്‍കാര്‍ ലിംഗവലിപ്പത്തിനായി പ്രയോഗിച്ചുനോക്കിയിരുന്ന പൊടിക്കൈ രസാവഹവും തെല്ലു ഭയാനകവുമാണ്. നടുവില്‍ തുളയുള്ള ഒരു ചുടുകല്ല് ചൂടാക്കിയശേഷം ലിംഗം കല്ലില്‍ സ്പര്‍ശിക്കാതെ ആ തുളയില്‍ വയ്ക്കുകയായിരുന്നു അവരുടെ രീതി. ലിംഗത്തിന്റെ വണ്ണം കൂട്ടുവാനുള്ള ഈ വ്യയാമം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ആഴ്ചയില്‍ രണ്ടുമൂന്നുദിവസം ചെയ്യണമത്രേ. മൂന്നാഴ്ചത്തെ പ്രയോഗം കൊണ്ട് ചിലര്‍ക്ക് ലിംഗത്തിന്റെ വലിപ്പം താല്‍ക്കാലികമായി വര്‍ദ്ധിച്ചു. എന്നാല്‍ അധികമായി ലഭിച്ച വണ്ണം ചികിത്സ നിര്‍ത്തി ഒരാഴ്ചക്കകം നഷ്ടപ്പെട്ടു. ആറുമാസം തുടര്‍ച്ചയായി ഇഷ്ടികപ്രയോഗം ചെയ്ത ഒരാളുടെ ലിംഗത്തിന് അല്പം വണ്ണക്കുടുതലുണ്ടായി എന്നാല്‍ ചികിത്സ നിര്‍ത്തി ഒരാഴ്ചയ്ക്കകം വണ്ണം വീണ്ടും കുറഞ്ഞു. എന്നാല്‍ അര ഇഞ്ചു വണ്ണം നഷ്ടപ്പെടാതെ ഇരുന്നു. സാമാന്യബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാല്‍ തന്നെ ലിംഗത്തിന് അര ഇഞ്ച് നീളം കൂടുമെന്നുകരുതി ഇത്തരം ‘തീക്കളികള്‍’ നടത്തുന്നത് എത്ര അപകടകരമാണെന്നു മനസ്സിലാകും.

ഭാരം കെട്ടിത്തൂക്കി ലിംഗത്തിന്റെ വലിപ്പം കൂട്ടുകയെന്നതായിരുന്നു ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രീതി. ലിംഗത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ തീര്‍പ്പിച്ച് അവയില്‍ ഭാരക്കട്ടകള്‍ കെട്ടിത്തൂക്കുന്നു. ആദ്യത്തെ ആഴ്ച ഒരു പൗണ്ട് തൊട്ടടുത്ത ആഴ്ച രണ്ട് പൗണ്ട്. അങ്ങനെ ഭാരം കൂട്ടിക്കൊണ്ടിരിക്കും. ഇതിനെ അനുകരിച്ച് ചില ശാസ്ത്രജ്ഞന്മാര്‍ ലിംഗദൈര്‍ഘ്യപരീക്ഷണം നടത്തുവാന്‍ തുനിഞ്ഞു. മൂന്നാമത്തെ പരീക്ഷണം കൊണ്ട് ആകെ ആറുപേരില്‍ ഒരാള്‍ക്ക് അര ഇഞ്ച് ലിംഗദൈര്‍ഘ്യം സംഭവിച്ചു!

ലിംഗത്തിന്റെ വലിപ്പക്കുറവിനെ ഒരു ലൈംഗികപരാധീനതയായി കൊണ്ടുനടക്കുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധമാണ്. മറ്റു ശാരീരികാവയവങ്ങളുടെ വലിപ്പം പോലെ തന്നെ ജന്മസിദ്ധമാണ് ഈ പ്രത്യുല്പാദനാവയവത്തിന്റെയും വലിപ്പം തങ്ങള്‍ക്കു സിദ്ധമായ ലിംഗവലിപ്പം കൊണ്ടുതന്നെ തൃപ്തരായി അര്‍ത്ഥശൂന്യമായ ആകാംക്ഷചിന്തകള്‍ ഒഴിവാക്കി ആനന്ദപൂര്‍ണ്ണമായ ലൈംഗികജീവിതം ആസ്വദിക്കുകയാണ് വേണ്ടത്. അഥവാ ലിംഗത്തിന് ഒരല്പം വലിപ്പക്കുറവുണ്ടെങ്കില്‍പ്പോലും ഉചിതമായ മൈഥുനനിലകള്‍ സ്വീകരിച്ചുകൊണ്ട് അതിനെ വിജയകരമായി അതിജീവിക്കാവുന്നതേയുള്ളൂ.

തങ്ങളുടെ ലിംഗം കൂടുതലായി വളഞ്ഞിരിക്കുന്നുവെന്ന പരാതിയുമായി മനഃശാസ്ത്ര പംക്തികളിലേക്കെഴുതുന്ന ഒട്ടേറെ യുവാക്കളുണ്ട്. എല്ലാ ലിംഗങ്ങള്‍ക്കും ഒരല്പം വളവ് സഹജമത്രേ. യോനിയുടെ ആന്തരിക ഭാഗത്തിനും അല്പം വളവുള്ളതിനാല്‍ സംഭോഗത്തെ ഇത് സുഗമമാക്കുകയാണ് ചെയ്യുന്നത്.

ലംബതലവുമായി 20 മുതല്‍ 40 ഡിഗ്രിവരെയുള്ള ഒരു കോണ്‍ സൃഷ്ടിച്ചായിരിക്കും ലിംഗം ഉദ്ധരിക്കപ്പെടുക. ഇത് യോനിയുടെ കോണിന് സമമായതിനാല്‍ യോനീ സംവേശനത്തെ അനായാസകരമാക്കുന്നു. എന്നാല്‍ ചിലരില്‍ ലിംഗം അസാധാരണമാം വിധം വളഞ്ഞിരിക്കും. വക്രലിംഗതയെന്നോ (Peyrohies disease) വളഞ്ഞ ആണിരോഗമെന്നോ (Bend Nail Syndrome) ആണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗകോണിലെ വ്യത്യാസംമൂലം ഈ രോഗത്തില്‍ ലിംഗം വളഞ്ഞിരിക്കും. ലിംഗകലകള്‍ക്കുണ്ടാകുന്ന നാശം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ലിംഗകലകള്‍ക്ക് ഇപ്രകാരം നാശം സംഭവിക്കുന്നതെന്നതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഇനിയും അജ്ഞാതമാണ്. വക്രലിംഗമുള്ള രോഗികളില്‍ ഉദ്ധാരണം നടക്കുമ്പോള്‍ ലിംഗതനു (ശിശ്‌നദണ്ഡം) ഇടത്തോട്ട് തിരിഞ്ഞിരിക്കുകയാണെങ്കില്‍ ലിംഗശീര്‍ഷം (ശിശ്‌നമണി) വലത്തോട്ട് തിരിഞ്ഞിരിക്കും. ഈ അവസ്ഥ സംഭോഗത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നില്ലെങ്കിലും മാനസികമായ പിരിമുറുക്കവും ആകാംക്ഷയും ഉളവാക്കിയേക്കാം. സങ്കീര്‍ണ്ണമായ ചില ചികിത്സാവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ കാര്യമായ ഫലപ്രാപ്തി നല്‍കാത്തതായാണ് കണ്ടുവരുന്നത്. ലിംഗവലിപ്പക്കുറവിനെക്കുറിച്ചുള്ള അമിതാകാംക്ഷപോലെതന്നെ ഇക്കാര്യത്തിലും അനാവശ്യമായ ഉത്ക്കണ്ഠ ഒഴിവാക്കുകയാണ് വേണ്ടത്.

പ്രായമാകുംതോറും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ കൂടിക്കൊണ്ടിരിക്കുന്നതായി കാണാം. മധ്യവയസ്‌ക്കരായ മിക്ക പുരുഷന്മാരിലും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ ഏതാണ്ട് 90% ആയിരിക്കും. അമ്പത്തഞ്ചു വയസ്സുകഴിയുന്നതോടെ ഉദ്ധൃതലിംഗം തീര്‍ത്തും തിരശ്ചീനമായിത്തന്നെ നില്‍ക്കുന്നു. എന്നാല്‍ ലൈംഗികവേഴ്ചയെ ഇത് ഒരു തരത്തിലും ബാധിക്കാറില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ