ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ എല്ലാവരുടെയും മനസില്‍ വരുന്ന കാര്യങ്ങളാണ് ഉറകള്‍, ഗുളികകള്‍, കുത്തിവയ്പ്പ്, കോപ്പര്‍ ടീ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ ഇവയ്ക്കൊപ്പം ചെലവേറിയതും നിരന്തരം ഉപയോഗിക്കെണ്ടതുമാണ്. എന്നാല്‍ ചിലവ് വളരെ ക്കുറവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികത ആസ്വദിക്കുന്നതോടൊപ്പം ഗര്‍ഭ നിരോധനത്തെ പ്രാവര്‍ത്തികമാക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ മറ്റൊരു മാര്‍ഗങ്ങളും ഉപയോഗിക്കാതെ ഗര്‍ഭ നിരോധനം സാധ്യമാക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഏറെക്കാലമായി പ്രചാരത്തിലുണ്ടായിരുന്നു. ഇതില്‍ ചിലത് പരിചയപ്പെടുത്തുകയാണ് ഇവിടെ.
പ്രകൃതിദത്ത മാര്‍ഗങ്ങള്‍ എന്നാല്‍ മരുന്നുകളൊ മറ്റ് രീതികളൊ ഉപയോഗിക്കാതെ ദമ്പതികള്‍ പരസ്പര സമ്മതൊടെ പ്രയോഗിക്കുന്ന രീതികളാണ്. ക്ഷമയും മനസാന്നിധ്യവും ഇത്തരം രീതികള്‍ക്ക് അത്യാവശ്യമാണ്. പ്രധാനമായും ആറ് മാര്‍ഗങ്ങളാണ് ഉള്ളത്. പിന്‍വലിക്കല്‍ രീതി, മുലയൂട്ടല്‍, വിട്ടുനില്‍ക്കല്‍, താപനില രീതി, ഗര്‍ഭാശയസ്രവം നോക്കി, കലണ്ടര്‍ രീതി തുടങ്ങിയവയാണ് അവ. , ഈ മാര്‍ഗങ്ങള്‍ ചെലവുകുറഞ്ഞതും എളുപ്പവും ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വളരെ ഫലപ്രദവും ആണ്. പണ്ട് ഇത്തരം മാര്‍ഗങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
പിന്‍വലിക്കല്‍ രീതിയിലേക്ക് വരാം. ഇപ്പോഴും ലോകത്തെമ്പാടുമുള്ള ആളുകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉപയോഗിക്കുന്ന രീതിയാണിത്. യോനിക്കുള്ളില്‍ ശുക്ളവിസര്‍ജനം നടത്താതിരിക്കുക എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. രതിമൂര്‍ച്ഛയുടെ സമയത്തു ലിംഗം പുറത്തെടുത്ത് ശുക്ളം പുറമേ വിസര്‍ജിക്കുന്നതാണ് ഇതില്‍ ചെയ്യുന്നത്. കൃത്യമായ രീതിയില്‍ പ്രയോഗിക്കാമെങ്കില്‍ വിജയം 96-97 ശതമാനം വരെയാണ് എന്നതിനാല്‍ പലപ്പോഴും ഡോക്ടര്‍മ്മാര്‍ വരെ ഇത് നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ വളരെയധികം ആത്മനിയന്ത്രണം ഉള്ളവര്‍ക്ക് മാത്രമെ ഇത് സാധ്യമാകുകയുള്ളു. കൂടാതെ ശീഘ്രസ്ഖലനം ഉള്ളവര്‍ ഇത് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ചിലരില്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പുള്ള ലിംഗസ്രവത്തില്‍ ചിലപ്പോള്‍ പുരുഷബീജം കാണാവുന്നതാണ് എന്നതിനാല്‍ നൂറുശതമാനം വിജയമാകാന്‍ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്. വളരെ പെട്ടന്ന് ഈ രീതിയിലേക്ക് മാറുന്നത് ലൈംഗികസംതൃപ്തിയില്‍ ഒരല്‍പം കുറവുണ്ടാക്കുമെങ്കിലും പിന്നീട് ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കും. മറ്റ് ഉപാധികള്‍ ഇല്ലാതെ വന്നാല്‍ ഇതിനെ അത്യാവശ്യം ഉപാധിയായി ഉപയോഗിക്കാം.
നന്നായി മുലയൂട്ടുന്നത് ഫലപ്രദമായ മറ്റൊരു ഉപാധിയാണ്. എന്നാല്‍ ഇത് ഒരുതവണ പ്രസവിച്ചവരിലാണ് പ്രായൊഗികമാവുക. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന കാലഘട്ടത്തില്‍ അണ്ഡവളര്‍ച്ചയ്ക്കും അണ്ഡവിസര്‍ജനത്തിനും സഹായകമായ ഹോര്‍മോണുകള്‍ കുറവായിരിക്കുമെന്നതിനാല്‍ അണ്ഡവിസര്‍ജനം ഇല്ലാതിരിക്കുകയും ഗര്‍ഭധാരണം കുറയുകയും ചെയ്യുന്നു. പകല്‍ ചുരുങ്ങിയത് ഓരോ നാലുമണിക്കൂര്‍ ഇടവിട്ടും രാത്രിയാണെങ്കില്‍ ഓരോ ആറുമണിക്കൂര്‍ ഇടവിട്ടും മുലയൂട്ടിയാല്‍ മാത്രമേ ഇതിനു വിജയസാധ്യതയുള്ളൂ. പേരിനു മാത്രം മുലയൂട്ടല്‍ നടത്തുന്നവര്‍ പരാജയപ്പെടാന്‍ സാധ്യത ഏറെയാണ്.
ആര്‍ത്തവദിവസങ്ങള്‍ നോക്കി പ്രത്യുത്പാദനശേഷി കുറവുള്ള ദിവസങ്ങളില്‍ ബന്ധം പുലര്‍ത്തുന്ന രീതിയായ കലണ്ടര്‍ രീതി മറ്റൊരു സാധ്യമായ പരീക്ഷണമാണ്. ഒരു കലണ്ടറില്‍ മാസമുറ തുടങ്ങുന്ന ദിവസം അടയാളപ്പെടുത്തുക. രണ്ടു മാസമുറകള്‍ തമ്മിലുള്ള ദിവസം രേഖപ്പെടുത്തുക. ഇങ്ങനെ 6-8 മാസം വരെ എടുത്തതിനുശേഷം ഏറ്റവും കുറഞ്ഞ മാസമുറയുടെ ദിവസത്തില്‍ നിന്നും 18 ദിനം കുറയ്ക്കുക. (30 ദിവസം ഉണ്ടെങ്കില്‍ 30-18=12) അതായത് പ്രത്യുല്‍പാദനം നടക്കാന്‍ ഏറ്റുവും സാധ്യത കൂടിയ ദിവസത്തിന്റെ തുടക്കം മാസമുറ തുടങ്ങി പന്ത്രണ്ടാം ദിനത്തില്‍ ആരംഭിക്കുന്നു.
ഗര്‍ഭധാരണ സാധ്യതയുടെ അവസാനദിനം ഏറ്റവും നീണ്ട മാസമുറയുടെ ദിനങ്ങളില്‍ നിന്ന് 11 ദിനം കുറയ്ക്കുക. അതായത് ഗര്‍ഭധാരണസാധ്യതയുടെ അവസാനദിവസം എന്നതു മാസമുറ തുടങ്ങി പത്തൊമ്പതാം ദിനത്തിലാണ്. യോനിയിലൂടെ വരുന്ന സ്രവത്തിന്റെ അളവും സ്വഭാവവും നോക്കി അണ്ഡവിസര്‍ജനദിനം ഏകദേശം കണക്കാക്കാന്‍ കഴിയും. സെര്‍വിക്കല്‍ മ്യൂക്കസ് മെതേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഒരു ആര്‍ത്തവചക്രത്തില്‍ ആദ്യ ദിവസങ്ങളില്‍ രക്തം ഉണ്ടാകുന്നു. രക്തസ്രാവം നിന്നതിനുശേഷം കുറച്ചുദിവസം ഒരു വിധത്തിലുള്ള സ്രവവും ഉണ്ടാവില്ല. അണ്ഡവളര്‍ച്ച ഉണ്ടാവുന്നതോടെ യോനിയില്‍ നിന്നും ചെറിയ തോതില്‍ സ്രവം ഉണ്ടാവുന്നു. ഓവുലേഷന്‍ എന്ന അണ്ഡവിസര്‍ജനത്തോടെ ഈ സ്രവത്തിന്റെ അളവും അതിന്റെ കട്ടിയും (ഇലാസ്റ്റിസിറ്റി) കൂടുന്നു. ഈ ദിവസങ്ങളാണ് ഏറ്റവും ഗര്‍ഭധാരണ സാധ്യതയുള്ളത്. തുടര്‍ന്ന് മ്യൂക്കസിന്റെ കട്ടി കുറയുന്നതോടെ ഗര്‍ഭധാരണ സാധ്യത കുറയുന്നത് തിരിച്ചറിയാനാകും.
ആര്‍ത്തവചക്രത്തില്‍ ഓരോഘട്ടത്തിലും ഹോര്‍മോണ്‍ ഉല്‍പാദനത്തിലെ വ്യത്യാസങ്ങള്‍ മൂലം ശരീരത്തിലെ ടെംപറേച്ചര്‍ വ്യതിയാനം ഉണ്ടാകും. ഓവുലേഷന്‍ ആകുമ്പോള്‍ പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നതിനാല്‍ ആര്‍ത്തവത്തിന്റെ മധ്യഭാഗം മുതല്‍, ശരീര ഊഷ്മാവ് ഒരു ഡിഗ്രിഫാരന്‍ഹീറ്റു വരെ വര്‍ധിക്കുന്നു. ഒരു ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ഇതിനായി ഉപയോഗിക്കാം. വിശ്രമിച്ചിരിക്കുമ്പോള്‍ വേണം താപനില അളക്കാന്‍. ദിവസവും ഒരേ സമയത്തും ഒരേ സ്ഥാനത്തുവെച്ചും വേണം താപനില അളക്കാന്‍. ഇതിനെ തുടര്‍ച്ചയായി ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.
മാസമുറയുടെ ആദ്യഘട്ടത്തില്‍ ശരീരതാപനില കുറവായിരിക്കും. അണ്ഡവിസര്‍ജനമെന്ന ഓവുലേഷന്‍ നടക്കുന്നതോടെ ശരീരതാപനില കൂടും. തുടര്‍ന്ന് അടുത്ത ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പ് താപനില കുറയും. അണ്ഡവിസര്‍ജനം നടന്ന് മൂന്നോ നാലോ ദിവസത്തിനുശേഷമുള്ള സമയം സുരക്ഷിതദിനങ്ങളായിരിക്കും. അതുവരെ മറ്റ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കണം.
ലൈംഗികതയില്‍ നിന്നും വിട്ടുനില്‍ക്കല്‍- ഇതിനെ ഒരു ഗര്‍ഭനിരോധന മാര്‍ഗമായി കാണാം. ലൈംഗികബന്ധം ചെയ്യാതിരിക്കുക എന്നതാണ് ഇതിന്റെ സാധാരണ തത്വം. ബാഹ്യകേളികളില്‍ മുഴുകുകയും എന്നാല്‍ ഗര്‍ഭനിരോധനം സാധ്യമാക്കുന്നു എന്നതാണിതിന്റെ ഗുണം. ചില പ്രത്യേക അവസരങ്ങളില്‍ വളരെയധികം പ്രയോജനപ്രദമായ മാര്‍ഗമാണിത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ