പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിക്കുമ്പോള്‍

പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ പല പെണ്‍കുട്ടികളും അജ്‌ഞരാണ്‌. കിറ്റുകളുടെ ശരിയായ ഉപയോഗത്തിലൂടെ മാത്രമേ ശരിയായ ഫലം ലഭിക്കൂ

ഗര്‍ഭം ധരിക്കുക എന്നത്‌ ഏതോരു സ്‌ത്രീയുടെയും ജീവിത അഭിലാഷമാണ്‌. താന്‍ ഗര്‍ഭിണിയാണെന്നു അറിയുന്നത്‌ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ളതും ഓര്‍മ്മിക്കപ്പെടുന്നതുമായ നിമിഷമാണ്‌-പ്രത്യേകിച്ചും ആദ്യത്തേത്‌.

പണ്ടൊക്കെ ആര്‍ത്തവം തെറ്റുകയും മറ്റു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴും ഗര്‍ഭിണിയാണെന്ന നിഗമനത്തിലെത്തുകയാണ്‌ പതിവ്‌ അല്ലെങ്കില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയശേഷം ഗര്‍ഭിണിയാണോയെന്ന്‌ ഉറപ്പുവരുത്തുന്നു. എന്നാല്‍ ഇന്ന്‌ ഈ ലക്ഷണങ്ങളെല്ലാം വരുന്നതിനു മുമ്പുതന്നെ വീട്ടില്‍വച്ച്‌ ഗര്‍ഭിണിയാണോയെന്ന്‌ അറിയാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്‌.

ഈ പരിശോധനയുടെ ആധാരം എച്ച്‌.സി.ജിയെന്ന ഹോര്‍മോണ്‍ ആണ്‌. ഈ ഹോര്‍മോണ്‍ കണ്ടുപിടിച്ചതു 1930-ല്‍. ഇത്‌ ഉല്‍പാദിപ്പിക്കുന്ന ഭ്രൂണത്തിന്റെ ടോപൊബ്ലാസ്‌റ്റ് എന്ന കോശത്തില്‍ നിന്നാണ്‌.

അണ്‌ധവും ബീജവും തമ്മില്‍ സംയോജിച്ചു അല്‍പം കഴിഞ്ഞതിനു ശേഷമേ ഈ ഹോര്‍മോണ്‍ ഉല്‍പാദിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ അണ്‌ധവും ബീജവും തമ്മില്‍ സംയോജിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭധാരണം നടന്ന ശേഷമേ ഈ പരിശോധന പോസിറ്റീവ്‌ ആകുകയുള്ളൂ. കൃത്യമായി ആര്‍ത്തവം വരുന്ന ഒരു സ്‌ത്രീക്കു ആര്‍ത്തവം തെറ്റുന്ന സമയത്തു തന്നെ ഗര്‍ഭിണിയാണെങ്കില്‍ ഇത്‌ പോസിറ്റീവായി കാണേണ്ടതുണ്ട്‌.
ഹോര്‍മോണിന്റെ വര്‍ധന

ഗര്‍ഭം പുരോഗമിക്കുന്നതിനനുസരിച്ച്‌ ഈ ഹോര്‍മോണിന്റെ അളവും വര്‍ധിക്കും. മൂത്രം, രക്‌തം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ ഇത്‌ മനസിലാക്കാന്‍ സാധിക്കും. സാധാരണയായി രക്‌തത്തിലെ ഹോര്‍മോണിന്റെ അളവ്‌ 25 മില്ലി എത്തിയാല്‍ തന്നെ മൂത്രത്തില്‍ ഇത്‌ നന്നായി അറിയാന്‍ സാധിക്കും.

രക്‌തത്തില്‍ ഇത്‌ കുറച്ചുകൂടെ നേരത്തെ ഉള്ളപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും. സാധാരണയായി വിപണിയില്‍ ലഭിക്കുന്ന കിറ്റുകളുടെ പ്രവര്‍ത്തനശേഷി 25മില്ലി യാണുള്ളതാണു ഹോര്‍മോണ്‍ ഈ അളവില്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ തന്നെ പോസിറ്റീവാകും.

ആദ്യമായി ഹോം കിറ്റ്‌ കണ്ടുപിടിച്ചതു 1968-ല്‍ മാഗ്രറ്റ്‌ എന്ന ശാസ്‌ത്രജ്‌ഞനാണ്‌. രക്‌തത്തിലും മൂത്രത്തിലും ചെയ്‌തു നോക്കാവുന്ന പ്രഗ്നസികിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇതുപയോഗിച്ചു വീട്ടില്‍ തന്നെ പരിശോധന നടത്തി നോക്കാമെന്നതാണു ഇതിന്റെ ഏറ്റവും വലിയ ഗുണം. മൂത്രം ഉപയോഗിച്ചു പരിശോധ നടത്താവുന്ന പല തരത്തിലുള്ള കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

എല്ലാ കിറ്റുകളും 25 മില്ലി എച്ച്‌.സി.ജി ശരീരത്തില്‍ ഉണ്ടെങ്കില്‍ ഗര്‍ഭം കണ്ടുപിടിക്കാന്‍ സാധിക്കും. ചില കിറ്റുകള്‍ക്കു 15 മില്ലി എച്ച്‌.സി.ജി ഉണ്ടെങ്കില്‍ പോലും പരിശോധ ഫലം പോസിറ്റീവായി കാണിക്കാന്‍ സാധിക്കും. യൂറിന്‍ കിറ്റുകള്‍ വാങ്ങുമ്പോള്‍ തീയതി കഴിയാത്തതു വാങ്ങാന്‍ ശ്രദ്ധിക്കുക.
ടെസ്‌റ്റു ചെയ്യുന്ന വിധം

രാവിലെയുള്ള ആദ്യത്തെ മൂത്രമാണ്‌ നല്ലതെങ്കിലും ഏതുന്നേരത്തെ മൂത്രമാണെങ്കിലും കുഴപ്പമില്ല. എച്ച്‌.സി.ജി ഹോര്‍മോണിന്റെ സാന്ദ്രത രാവിലത്തെ മൂത്രത്തിലായിരിക്കും കൂടുതല്‍. മൂത്രം വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതുമായ പാത്രത്തില്‍ എടുക്കുക. പരിശോധന ചെയ്യാനുള്ള ഉപകരണം അറ്റം കീറിയതിനു ശേഷം ഒട്ടിച്ച കവറില്‍ നിന്നു പുറത്തെടുക്കുക. വൃത്തിയുള്ള നിരപ്പായ സ്‌ഥലത്തു വയ്‌ക്കുക.

കിറ്റിന്റെ കൂടെക്കിട്ടുന്ന ഫില്ലറില്‍ മൂത്രം നിറയ്‌ക്കുക, എന്നിട്ടു രണ്ടു തുള്ളി മൂത്രം കിറ്റിന്റെ പരിശോധന ചെയ്യാന്‍ അടയാളപ്പെടുത്തിയ കുഴിയില്‍ ഇറ്റിക്കുക. 5 മുതല്‍ 10 മിനിറ്റുവരെ കാത്തിരിക്കുക. ഫലം ഇതിനുള്ളില്‍ അറിയാന്‍ കഴിയും. 10 മിനിറ്റിനു ശേഷമുള്ള ഫലം വിശ്വാസയോഗ്യമല്ല.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:ഡോ. രജനി രവീന്ദ്രന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ