വേദനയുടെ വഴികള്‍

ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാ വജൈനിസ്മസ്....


ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാ വജൈനിസ്മസ്. യോനീപേശികള്‍ വല്ലാതെ ഇറുകിപ്പിടിക്കുകമൂലം പുരുഷലിംഗത്തിന് യോനീപ്രവേശം സാധിക്കാതെ വരുന്നു. വജൈനിസ്മസ് ഉള്ളവര്‍ക്ക് ലൈംഗികബന്ധം അസാധ്യമാണെന്നു തന്നെ പറയാം. സാധിക്കുന്നെങ്കില്‍തന്നെ തികച്ചും വേദനാപൂര്‍ണവും അസ്വാസ്ഥ്യജനകവുമായിരിക്കും. ലൈംഗികബന്ധം സാധിക്കാതെ വരിക, കടുത്ത വേദന അനുഭവപ്പെടുക, യോനി ചെറുതാണെന്നു തോന്നുക തുടങ്ങിയവയ്‌ക്കൊക്കെ കാരണം മിക്കപ്പോഴും വജൈനിസ്മസ് തന്നെയായിരിക്കും.



എന്തുകൊണ്ട്?


ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികള്‍ സ്വയമറിയാതെയെന്നോണം, പ്രവര്‍ത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാവരുത് എന്നു മനഃപൂര്‍വം വിചാരിച്ചാലും യോനീസങ്കോചം ഉണ്ടാകാതെ നോക്കാനാവില്ല. ശാരീരിക കാരണങ്ങള്‍ കൊണ്ടൊന്നുമല്ല ഈ അസ്വസ്ഥത ഉണ്ടാകുന്നത്. യോനിയിലേക്ക് ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികള്‍ ചുരുങ്ങി മുറുകുന്നത്. മനസ്സിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗികവിരക്തി, ഭയം, പാപബോധം, ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം.



എങ്ങനെ തിരിച്ചറിയാം?


വജൈനിസ്മസ് തിരിച്ചറിഞ്ഞു ചികിത്സ തേടുക അത്രയെളുപ്പമല്ല. ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ത്തന്നെ അസ്വസ്ഥതകള്‍ തോന്നാം. ഭഗപേശികളില്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ യോനീസങ്കോചമുണ്ടാകും. പുരുഷലിംഗമോ വിരലോ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടും നനവില്ലാതെ യോനീനാളം വരണ്ടിരിക്കും. കടുത്ത വേദനയുമുണ്ടാകും. സ്നേഹപൂര്‍ണമായ പൂര്‍വലീലകള്‍ നടത്താനും വിഷമമായിരിക്കും. സ്ത്രീക്ക് ലൈംഗികതാല്‍പര്യം ഉണ്ടായിരിക്കുകയും എന്നാല്‍ യോനീപ്രവേശനം സാധിക്കാത്തതിനാല്‍ ലൈംഗികാനന്ദം അനുഭവിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് സ്ത്രീയെ കടുത്ത അസ്വസ്ഥതയിലാക്കും.



പരിശോധന എങ്ങനെ


ലൈംഗികബന്ധത്തിന് തുടര്‍ച്ചയായി വിഷമതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇരുപങ്കാളികളും ഇതില്‍ ഒരുപോലെ പങ്കുകൊള്ളേണ്ടതാണ്. വേണ്ടത്ര മനഃസംയമനത്തോടെയും അവശ്യമായത്ര പൂര്‍വലീലകളോടെയും ബന്ധപ്പെടാന്‍ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടാന്‍ മടിക്കരുത്. പരിചയസമ്പന്നയായ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധനകള്‍ നടത്തുന്നതു നന്നാവും. ഏതെങ്കിലും തരത്തിലുള്ള ശാരീരികപ്രശ്‌നങ്ങളാണോ ലൈംഗികതയെ തകര്‍ക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കും. എന്നാല്‍, വജൈനിസ്മസുള്ളവരില്‍ ഗൈനക്കോളജിക്കല്‍ പരിശോധനകള്‍ നടത്തുന്നത് അത്രയെളുപ്പമാവില്ല. യോനീപരിശോധനകള്‍ നടത്താനാവാത്തവിധം പേശികള്‍ സങ്കോചിച്ചിരിക്കുന്നതുകൊണ്ടാണത്.



പലതരം സങ്കോചങ്ങള്‍


യോനീസങ്കോചത്തിന്റെ സവിശേഷതകളനുസരിച്ച് ഈ പ്രശ്‌നത്തെ പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ടുതരം വജൈനിസ്മസുകളായി വേര്‍തിരിക്കാറുണ്ട്.

പ്രൈമറി: ഭഗപേശികളുടെ സങ്കോചംമൂലം സ്ഥിരമായി ലൈംഗികബന്ധം അസാധ്യമോ വേദനാജനകമോ ആകുന്ന സ്ഥിതിയാണിത്. പരിശോധനകള്‍ക്കു ശ്രമിക്കുമ്പോഴും ലൈംഗിക ബന്ധത്തിനുള്ള പ്രാഥമിക ലീലകള്‍ ആരംഭിക്കുമ്പോഴുമൊക്കെത്തന്നെ ഈ വേദന തുടങ്ങിയിരിക്കും. കുറേ നേരം നില്‍ക്കുകയും ചെയ്യും.

സെക്കന്‍ഡറി: മുമ്പ് പ്രശ്‌നമൊന്നുമില്ലാതിരുന്ന സ്ത്രീക്ക് ഏതെങ്കിലും തരത്തിലുള്ള അപകടമോ ശസ്ത്രക്രിയയോ മറ്റോ ഉണ്ടായതിനെത്തുടര്‍ന്ന് ലൈംഗികബന്ധസമയത്ത് വേദനയും മുറുക്കവും അനുഭവപ്പെടുന്നതാണ് സെക്കന്‍ഡറി വജൈനിസ്മസ്.



ഡിസ്‌പെറൂണിയ


ലൈംഗികബന്ധത്തില്‍ വേദനയുണ്ടാകുന്ന അവസ്ഥയ്ക്ക് പൊതുവില്‍ പറയുന്ന പേരാണ് ഡിസ്‌പെറൂണിയ എന്നത്. മിക്കപ്പോഴും ഇത് എന്തെങ്കിലും ശാരീരിക കാരണം കൊണ്ടാണ് ഉണ്ടാവുക. രോഗങ്ങളെയോ ശസ്ത്രക്രിയയേയോ തുടര്‍ന്ന് വേദനയുണ്ടാ കുന്ന ചിലരില്‍ ഡിസ്‌പെറൂണിയ സെക്കന്‍ഡറി വജൈനിസ്മസിനും കാരണമാകാം.




വജൈനിസ്മഎങ്ങനെ പരിഹരിക്കാം
സ് എന്താണെന്നു വ്യക്തമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ശരിയായ അവബോധത്തോടെ വിശകലനം ചെയ്താല്‍ എന്തുകൊണ്ടിതുണ്ടാവുന്നു എന്നു സ്വയം മനസ്സിലാക്കാനും കഴിഞ്ഞേക്കും.

മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞുകിടക്കുന്ന ചില ധാരണകളുടെ സ്വാധീനമാണ് പലപ്പോഴും വജൈനിസ്മസിനു കാരണം. ആ പഴയ ധാരണകളെ ബോധപൂര്‍വം അതിജീവിക്കാനായാല്‍ യോനീസങ്കോചം ഒഴിവാകും.

വേണ്ടത്ര യോനീവികാസം നേടാനുള്ള വ്യായാമങ്ങളും രതിതാല്‍പര്യമുണര്‍ത്താനുതകുന്ന ടെക്‌നിക്കുകളും പരിശീ ലിക്കുക.

പങ്കാളികള്‍ ഒരുമിച്ച് വളരെ സാവധാനം ലൈംഗികബന്ധത്തിനു ശ്രമിക്കണം.

ലിംഗപ്രവേശനത്തിനു മുമ്പ് വേണ്ടത്ര യോനീവികാസം വരുത്താന്‍ ശ്രദ്ധിക്കണം. സ്വയം നനവുണ്ടാകുന്നില്ലെങ്കില്‍ ലൂബ്രിക്കന്‍റുകള്‍ ഉപയോഗിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ