ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് ഭാവന നെയ്യാത്തവർ കുറവായിരിക്കും. അതേസമയം, ആദ്യാനുഭവത്തെ കുറിച്ചുള്ള കെട്ടുകഥകൾക്കും ഭയപ്പാടിനും ഒട്ടും കുറവില്ലതാനും. ലൈംഗികതയെ കുറിച്ചുള്ള ജ്ഞാനം, പശ്ചാത്തലം, പങ്കാളിയുടെ അറിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ, ആദ്യാനുഭവം സുഖകരമായ ഒരു അനുഭൂതിയോ വേദനാപൂർണമായ ഒരു അനുഭവമോ ആയി മാറിയേക്കാം. ചില മതങ്ങൾ ലൈംഗികതയെ കുറിച്ചുള്ള ചർച്ചകൾ നികൃഷ്ടമായി കാണുന്നതിനാൽ പെൺകുട്ടികൾക്ക് ലൈംഗികതയെ കുറിച്ച് ആവശ്യമായ അറിവ് ലഭിച്ചുവെന്നുവരില്ല. ഇവർക്ക് റൊമാന്റിക് നോവലുകളിൽ നിന്നോ സിനിമകളിൽ നിന്നോ പകർന്നു കിട്ടുന്ന അതിഭാവുകത്വം നിറഞ്ഞ അറിവുകൾ മാത്രമാകും കൈമുതൽ.
നിങ്ങളുടെ ആദ്യ ലൈംഗികാനുഭവം എങ്ങനെ സുഖകരമായ ഒരു അനുഭൂതി ആക്കാമെന്ന് നോക്കൂ;
ഒരുക്കങ്ങൾ (Preparation)
ആദ്യ ലൈംഗികാനുഭവത്തിനായി മാനസികമായും ശാരീരികമായും വൈകാരികമായും ഒരുങ്ങേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത എന്നു പറയുന്നത് വെറുമൊരു ശാരീരികാവശ്യം മാത്രമല്ല. അവരെ സംബന്ധിച്ചിടത്തോളം ആദ്യ തവണയാണെങ്കിലും അല്ലെങ്കിലും പങ്കാളിയിൽ നിന്ന് വൈകാരിക സ്ഥിരതയും വിശ്വാസ്യതയും ധാരാളമായി ലഭിച്ചാൽ മാത്രമേ ലൈംഗികത ആസ്വദിക്കാൻ കഴിയൂ.
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സാധാരണ ഉണ്ടാകാവുന്ന വേദനയെ അതിജീവിക്കാൻ തക്കവണ്ണം ഒരു സ്ത്രീ പ്രായവും പക്വതയുള്ളവളായിരിക്കണം. ഉത്തമ പങ്കാളി അവരുടെ ഭയാശങ്കകൾ ദൂരികരിക്കാനുള്ള മന:ശക്തി നൽകുകയും ബന്ധപ്പെടൽ ആസ്വദിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും. ഇണയെ മനസ്സിലാക്കുന്നതും സ്വന്തം കാര്യമെന്നതിലുപരി ഇരുവരുടെയും ആസ്വാദ്യത ലക്ഷ്യമിടുന്നതും ധൃതി കാട്ടാത്തതുമായ ആളാണോ പങ്കാളി എന്നതുമായി ഇക്കാര്യം ബന്ധപ്പെട്ടിരിക്കുന്നു. മെഴുകുതിരി വെളിച്ചം, സുഗന്ധ ലേപനങ്ങൾ, അരണ്ട വെളിച്ചം, സുഖപ്രദമായ കിടക്ക എന്നിങ്ങനെ റൊമാന്റിക് മൂഡ് സൃഷ്ടിക്കുന്നത് പങ്കാളികൾ ഇരുവരുടെയും പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.
ലൈംഗിക രോഗങ്ങളിൽ (STDs) നിന്നുള്ള സംരക്ഷണത്തെ കുറിച്ചും ഗർഭ സാധ്യതയെ കുറിച്ചും ഉള്ള ചിന്ത ആവശ്യമാണ്. ഗർഭനിരോധന ഉറകളും ഡോക്ടറുടെ നിർദേശപ്രകാരം ഗർഭനിരോധന ഗുളികകളും ഉപയോഗിക്കുന്നത് വഴി ആശങ്കകൾ ഒഴിവാക്കാം.
വേദനയുളവാക്കുന്നത്? (Painful?)
ആദ്യ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചില സ്ത്രീകൾക്ക് വേദനയുണ്ടായേക്കാം. എന്നാൽ, ചിലർക്ക് ഇതുണ്ടാവില്ല. യഥാർത്ഥ വേദനയെക്കാളുപരി, ലൈംഗിക വേഴ്ചയുമായി ബന്ധപ്പെട്ടു കേൾക്കാനിടയായിട്ടുള്ള കെട്ടുകഥകൾ സൃഷ്ടിക്കുന്ന ഭയമാവാം മിക്കപ്പോഴും വില്ലനാവുന്നത്. ഈ സാഹചര്യത്തിൽ, ആഹ്ളാദിക്കാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരം അതിനനുവദിക്കില്ല, ചെറിയൊരു സ്പർശം പോലും പിരിമുറുക്കം കൂടുതലാക്കി വേഴ്ച ബുദ്ധിമുട്ടുനിറഞ്ഞതാക്കുന്നു.
നിങ്ങളെ മനസ്സിലാക്കുന്ന ഒരു പങ്കാളിക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. നിങ്ങൾ സുഖപ്രദമായ അവസ്ഥയിലാണ് എന്ന് ഉറപ്പുവരുത്താൻ ക്ഷമകാട്ടുകയും ധൃതി കാട്ടാതെ മുന്നേറുകയും വേണം. ബന്ധപ്പെടുമ്പോൾ വേദന തോന്നാനുള്ള ഒരു പ്രധാന കാരണം യോനീവരൾച്ച ആണെന്നിരിക്കെ, ആവശ്യമായ രതിപൂർവ ലീലകളിൽ ഏർപ്പെട്ടാൽ ആദ്യ പെനിട്രേഷന്റെ (penetration) വേദന ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
സാധാരണഗതിയിൽ, ആദ്യമായി ബന്ധപ്പെടുമ്പോൾ വളരെ ചെറിയ വേദനയേ തോന്നുകയുള്ളൂ. എന്നാൽ, നിങ്ങൾക്ക് അതിയായ വേദന അനുഭവപ്പെടുകയോ ബന്ധപ്പെട്ടതിനു ശേഷം ദിവസങ്ങളോളം വേദന നിലനിൽക്കുകയോ ചെയ്താൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാവണം. ഇത്തരം വേദനകൾക്ക് ഗൗരവതരമായ മറ്റു കാരണങ്ങൾ ഉണ്ടായേക്കാം.
രക്തസ്രാവം – സ്വാഭാവികമായതെന്താണ് ? (Bleeding – what is normal?)
ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സ്ത്രീകൾക്കും രക്തസ്രാവം ഉണ്ടാകും എന്നത് വെറുമൊരു സങ്കൽപ്പം മാത്രമാണ്. രക്തസ്രാവം ഉണ്ടാകുന്നത് കന്യാചർമ്മം പൊട്ടുന്നതു മൂലമാണ്. എന്നാൽ, കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത്, സൈക്ലിംഗ്, നീന്തൽ തുടങ്ങി നിരവധി കാരണങ്ങൾ മൂലവും കന്യാചർമ്മം പൊട്ടാം. ചിലരിൽ ജന്മനാ കന്യാചർമ്മം കാണുകയുമില്ല. തെളിഞ്ഞ ചുവപ്പു നിറത്തിൽ നേരിയ രക്തസ്രാവമാണ് സാധാരണയുണ്ടാവുക. എന്നാൽ, ഇതുണ്ടായില്ല എങ്കിലും കാര്യമാക്കേണ്ടതില്ല. ആദ്യ വേഴ്ചയ്ക്കു ശേഷം നിർത്താതെയുള്ള രക്തസ്രാവമുണ്ടായാൽ ഉടൻ ഡോക്ടറെ കാണണം. ഇത് യോനീഭിത്തിയിൽ മുറിവുണ്ടായതു മൂലമാകാം. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയ്ക്ക് കാരണമായേക്കാം. അതേസമയം, ഇരുണ്ട നിറത്തിലുള്ള രക്തസ്രാവമാണെങ്കിൽ അത് ഗർഭാശയമുഖത്തു നിന്നോ ഗർഭാശത്തിൽ നിന്നോ ആകാം. ഇത് ഉടൻ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ഓരോ വ്യക്തിക്കും തങ്ങളുടെ ആദ്യാനുഭവം പകരംവയ്ക്കാനാവാത്തതായിരിക്കും. അതിന്റെ വിജയവും പരാജയവും ഇരു പങ്കാളികളുടെയും ഉത്തരവാദിത്വമാണ്. നിങ്ങളുടെ ആദ്യാനുഭവം എന്നെന്നും ഓർമ്മിക്കത്തക്കതാക്കൂ, നിങ്ങളുടെ കാമനകൾ യാഥാർത്ഥ്യമാക്കാൻ ഒന്നും തടസ്സമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ