ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട്
സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു ജോലി. പത്താം ക്ലാസു വരെ പഠിച്ച സുപ്രിയ രണ്ടു വർഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തന്നേക്കാൾ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരനുമായി സുപ്രിയ അടുപ്പത്തിലായി..
ഒരിക്കൽ അരുതാത്ത സഹാചര്യത്തിൽ ഇരുവരെയും നാട്ടുകാർ പിടികൂടി. രണ്ടു പേരെയും വീട്ടിൽ അടച്ചിട്ട ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. രാജീവ് നാട്ടിലെത്തി സുപ്രിയയുമായി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി സുപ്രിയെയും കുട്ടിയെയും അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു.
പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായി. കാരണം ആകെയുള്ളത് ഒരു പെൺകുട്ടിയാണ്. അവൾക്ക് പ്രായം 17 തികഞ്ഞു. യുവാവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാമെന്ന ഉറപ്പിൽ സുപ്രിയയോട് ക്ഷമിക്കാൻ രാജീവ് തയാറായി.
തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവുമായി ഇതുപോലൊരു ബന്ധത്തിലെത്താനുള്ള കാരണം വീട്ടുകാർ തിരക്കിയപ്പോൾ സുപ്രിയ പൊട്ടിത്തെറിച്ചു.
ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു സുപ്രിയയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തെ ദാമ്പത്യബന്ധം പരിശോധിച്ചാൽ ഭർത്താവുമായുള്ള ലൈംഗികബന്ധം നടന്നത് വെറും നാേലാ അഞ്ചോ തവണ മാത്രം. ആദ്യ ബന്ധത്തിൽ തന്നെ സുപ്രിയ ഗർഭിണിയാവുകയും ചെയ്തു.
പിന്നെ ഗർഭകാല പരിചരണം, പ്രസവം കുഞ്ഞിനെ വളർത്തൽ അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല.
രാജീവിന്റെ മുഖ്യപ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിന് ശ്രമം ആരംഭിക്കുമ്പോൾ തന്നെ എല്ലാം അവസാനിക്കും.. ഒട്ടേറെ തവണ ശ്രമിച്ചപ്പോഴാണ് മൂന്നോ നാലോ പ്രാവശ്യം ഐന്തങ്കിലുമൊന്ന് നടന്നത്. അതു തന്നെ ഏതാനും സെക്കന്റുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. സുപ്രിയയെ സംബന്ധിച്ച്, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി അത്താഴമില്ലെന്നു പറയുന്ന അവസ്ഥ.
എപ്പോഴെങ്കിലും രാജീവ് അങ്ങനെയൊരു താൽപര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ” എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത്?”
രാജീവിന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടാൻ സാധിച്ചാൽ തന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു നേരത്തേക്ക് മൂത്രമൊഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും..
ഇത്തരം ഒരു സാഹചര്യത്തിലാണ് യുവാവുമായി സുപ്രിയയുടെ പ്രണയം തളിരിട്ടതും ശാരീരിക ബന്ധത്തിലെത്തിയതും അത് നാട്ടുകാർ പിടികൂടിയതും. സുപ്രിയയുടെ സഹോദരനും ഭാര്യയും കൂടിയാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടു വന്നത്.
രാജീവിന് പ്രോസ്ട്രേറ്റ് ഗ്രന്ഥിക്കു വീക്കവും നീർക്കെട്ടും അണുബാധയുമുണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നം രൂക്ഷമാവാൻ തുടങ്ങിയത്.
ഏകദേശം രണ്ടു മാസത്തെ ചികിത്സകൊണ്ട് അണുബാധയും നീർക്കെട്ടും പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കാനുള്ള മരുന്നുകൾ കുറച്ചു കാലം കൂടി തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു.
(ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സോളജിസ്റ്റ് ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആന്റ് മാരിറ്റൽ ഹെൽത്ത്, കൊച്ചി)
@http://drpromodusinstitute.in/blog/അവൾ-പറയും-എന്തിനാ-നമ്മൾ-വ/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ