സ്ത്രീ ആഗ്രഹിക്കുന്നത്

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും സ്ത്രീ സ്വയം കരുതുന്നത്. അതോ ലൈംഗികതയിലെ ഇഷ്ടാനിഷ്ടങ്ങളെ തുറന്നു പറയാന്‍ അവള്‍ ധൈര്യം കാണിക്കുന്നുണ്ടോ? ഇതല്ല താനാഗ്രഹിക്കുന്നതെന്ന് എന്നു സത്യസന്ധയാകാന്‍ അവള്‍ക്കാകുന്നുണ്ടോ?

വൈകുന്നേരം അടുക്കളപ്പണികളെല്ലാം ഒതുക്കി കഴിഞ്ഞ് മേല്‍കഴുകി വന്നാല്‍ പുരുഷന്റെ താല്‍പര്യത്തിനുവേണ്ടിയുള്ള ഒരിത്തിരി സമയം എന്ന പഴഞ്ചന്‍ കണ്‍സെപ്റ്റല്ല സ്ത്രീക്ക് ലൈംഗികതയെക്കുറിച്ചുള്ളത്. വിവാഹജീവിതത്തില്‍ ലൈംഗികത പ്രധാനം തന്നെയാണെന്ന് ഇന്നവള്‍ കരുതുന്നു. രതി നല്‍കുന്ന സന്തോഷവും ആനന്ദവും തന്റെ കൂടി അവകാശമാണെന്നും ഇന്നവള്‍ക്കു തിരിച്ചറിവുണ്ട്. തനിക്കു താല്‍പര്യമുണ്ടെങ്കില്‍ ലൈംഗികതയ്ക്ക് മുന്‍കൈ എടുക്കാനും അവള്‍ തയാറാണ്. ആധുനിക സ്ത്രീയുടെ, ലൈംഗികതയിലെ ഈ പുതിയ മനസ് തിരിച്ചറിഞ്ഞവരില്‍ ഒന്നാം സ്ഥാനത്ത് കോണ്ഡം പോലുള്ള, ഗര്‍ഭനിരോധന ഉറകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വന്‍കിട കമ്പനികളാണ്. അതു സ്വാര്‍ഥലാഭം കൊണ്ടാണെങ്കില്‍ പോലും. ഭര്‍ത്താവിന്റെ ബാഗില്‍ കോണ്ഡം പായ്ക്കറ്റ് കണ്ട് വരാനിരിക്കുന്ന രതിയുടെ മോഹനനിമിഷങ്ങളെക്കുറിച്ചോര്‍ത്ത് തരളിതയാകുന്ന സാധാരണക്കാരിയായ വീട്ടമ്മയും ബൈക്കില്‍ കാമുകനോട് ചേര്‍ന്നിരുന്ന് വികാരപാരവശ്യത്തോടെ അവന്റെ ചെവിയില്‍ ചുണ്ടുചേര്‍ക്കുന്ന മോഡേണ്‍ പെണ്‍കുട്ടിയുമെല്ലാം പരസ്യങ്ങളിലൂടെ പറയാതെ പറയുന്നു. ഇതാണ് പുതിയകാലസ്ത്രീയെന്ന്....ലൈംഗികതയെക്കുറിച്ചുള്ള അവളുടെ മനസും പ്രതീക്ഷയുമെന്താണെന്ന്.

സ്ത്രീ, ലൈംഗികതയുടെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയായതോടെ അവളെക്കുറിച്ചുള്ള പല പഴഞ്ചന്‍ സങ്കല്‍പങ്ങളും പൊളിച്ചെഴുതേണ്ടിവന്നു തുടങ്ങി. ഒരൊറ്റ ഇണയോടൊപ്പമുള്ള ലൈംഗികതയില്‍ പുരുഷന് എളുപ്പം ബോറടിക്കുമെന്നത് ഇന്നൊരു പുത്തനറിവല്ല. എന്നാല്‍ ഇതേ ബോറടി സ്ത്രീക്കുമുണ്ടെന്നു വന്നാലോ? ഒരൊറ്റ പുരുഷനോടൊപ്പമുള്ള ജീവിതം തങ്ങള്‍ക്കും ബോറടിയാണെന്ന് ചില സ്ത്രീകളെങ്കിലും തുറന്നു പറയുന്നുണ്ടെന്നാണ് മനശാസ്ത്രവിദഗ്ധരുടെ നിരീക്ഷണം. തങ്ങളുടെ വികാരങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും യാതൊരു വിലയും നല്‍കാത്ത പങ്കാളികളാണെങ്കില്‍ പ്രത്യേകിച്ചും.

പക്ഷേ, സ്ത്രീയുടെ പുതുതായി കിട്ടിയ ലൈംഗികാവബോധത്തെ പുരുഷനത്ര കണക്കിലെടുക്കുന്നില്ലെന്നാണ് മിക്ക ലൈംഗികാരോഗ്യ വിദഗ്ധരുടേയും അഭിപ്രായം. തനിക്കിപ്പോഴും പൂര്‍ണമായി കീഴടക്കാനാവാത്ത ആ വികാരസാമ്രാജ്യത്തെ അവന്‍ ഒരേസമയം മോഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. കീഴടക്കുന്നതിലും ആ വിജയത്തില്‍ ആനന്ദിക്കുന്നതിലുമാണ് പുരുഷന് താല്‍പര്യം. പക്ഷേ, നനുത്ത പരിലാളനങ്ങളില്‍ സ്വയം മറന്നു മുഴുകാനും പതിയെ എരിഞ്ഞുതുടങ്ങി ഒടുവില്‍ അഗ്നിയായി മാറാനുമാണ് സ്ത്രീ കൊതിക്കുന്നത്.

എന്നാല്‍, പുരുഷനില്‍ ഇപ്പോള്‍ സൂക്ഷ്മ സ്ത്രീവല്‍ക്കരണം നടക്കുന്നെന്നും ഒരു പക്ഷമുണ്ട്. സ്ത്രീ മുന്‍കൈ എടുക്കണമെന്ന് ചില പുരുഷന്മാരെങ്കിലും ആഗ്രഹിക്കുന്നുണ്ടെന്ന അഭിപ്രായമാണ് ചില മനശാസ്ത്രവിദഗ്ധര്‍. അതല്ല വിഷയമെന്നതിനാല്‍ തല്‍ക്കാലം നമുക്കതു വിടാം.

എന്താണ് ലൈംഗികതയില്‍ സ്ത്രീ ആഗ്രഹിക്കുന്നത്? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പോന്ന ശാസ്ത്രീയമായ ഗവേഷണങ്ങള്‍ വളരെ കുറവാണ്. ഫെമിനിസവും സെക്ഷ്വല്‍ ലിബറേഷനുമൊക്കെ വന്നതോടെയാണ് സ്ത്രീ ലൈംഗികതയേക്കുറിച്ചുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ ലോകത്തിന് കിട്ടിത്തുടങ്ങിയത്. അങ്ങനെ, അന്നുവരെ അജ്ഞാതമായിരുന്ന ആ വികാരസാമ്രാജ്യത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പുരുഷന്‍ മനസിലാക്കി തുടങ്ങി.

സ്ത്രീ സ്‌നേഹത്തിനു വേണ്ടിയാണ് ലൈംഗികതയിലേര്‍പ്പെടുന്നത്. എന്നാല്‍, പുരുഷന്‍ ലൈംഗികതയ്ക്കുവേണ്ടി സ്‌നേഹിക്കുന്നു എന്നു പറയാറുണ്ട്. ഇത് നൂറു ശതമാനം ശരിയാണെന്നാണ് ഗവേഷണങ്ങളുടെയും കണ്ടെത്തല്‍. സ്‌നേഹം, ആത്മബന്ധം തുടങ്ങിയ വികാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു സ്ത്രീ ലൈംഗികത. വൈകാരികമായ അടുപ്പം തോന്നുന്ന പുരുഷനോടൊപ്പമുള്ള ലൈംഗികതയാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രമായ വൈകാരിക അടുപ്പത്തിന്റെ പ്രകാശനമാകാം സ്ത്രീയെ സംബന്ധിച്ച് ലൈംഗികത. മറിച്ച്, പുരുഷന്റെ ലൈംഗിക ഉണര്‍വും വികാരവുമെല്ലാം തികച്ചും ജൈവപരമാണ്.

90കളില്‍ വയാഗ്ര വന്നതോടെ ലൈംഗികതയുടെ തലത്തില്‍ ഒട്ടേറെ പഠനങ്ങളും നടന്നുതുടങ്ങി. അടിസ്ഥാനപരമായി ഒരു പുരുഷ ഉത്തേജകൗഷധമാണെങ്കില്‍ പോലും സ്ത്രീ ലൈംഗികതയില്‍ വയാഗ്രയ്ക്ക് പ്രസക്തി ഉണ്ടോയെന്നറിയാന്‍ അത്തരം പഠനങ്ങളും ആരംഭിച്ചുതുടങ്ങി. അങ്ങനെ വയാഗ്രയുടെ നിര്‍മാതാക്കള്‍ നടത്തിയ ഒരു പഠനഫലം അമ്പരപ്പിക്കുന്നതായിരുന്നു. തലച്ചോറാണത്രെ സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ലൈംഗികാവയവം. തലച്ചോറിന്റെ ഉത്തേജനത്തിലൂടെയാണ് അവര്‍ ലൈംഗികസംതൃപ്തി നേടുന്നത്. കൂടുതല്‍ നേരം രതിപൂര്‍വലീലകള്‍ വേണമെന്നു സ്ത്രീകള്‍ ആഗ്രഹിക്കുന്നതിനു കാരണമിതാണ്.

പുരുഷന്റെയും സ്ത്രീയുടെയും ഉണര്‍വും മോഹങ്ങളും ഏറെ വിഭിന്നമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ചുംബനങ്ങളിലൂടെയും മധുരവാക്കുകളിലൂടെയും തലോടലുകളിലൂടെയും പുരുഷന്റെ സ്‌നേഹം ലഭിച്ചാലേ സ്ത്രീയുടെ ശരീരം രതിയ്ക്കായി ഉണരൂ. സ്ത്രീ നഗ്നത പുരുഷനെ ഉണര്‍ത്തുകയും ലൈംഗികതയിലേയ്ക്കു നയിക്കുകയും ചെയ്‌തേക്കാം. എന്നാല്‍, സുന്ദരമായ ഒരു പുരുഷ ശരീരം ഉണര്‍ത്തുന്ന ആകര്‍ഷണം കൊണ്ടു മാത്രം സ്ത്രീ, ലൈംഗികതയ്ക്കു തയാറാകില്ല. വൈകാരികവും ബുദ്ധിപരവും തുടങ്ങി ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ലൈംഗികതയിലേക്കുള്ള അവളുടെ ചുവടുവയ്പ്. ചുരുക്കി പറഞ്ഞാല്‍ സ്ത്രീയുടെ ലൈംഗികോര്‍ജം വൈകാരികമായ ഒന്നാണ്. വെറും ശാരീരികമല്ല.

ഈ ഒറ്റക്കാരണം കൊണ്ടുതന്നെ സ്ത്രീകളിലെ ലൈംഗികഉത്തേജനക്കുറവ് പുരുഷന്റെ ഉദ്ധാരണശേഷിക്കുറവിനേക്കാള്‍ സങ്കീര്‍ണമാണ്. വയാഗ്ര പോലുള്ള രക്തപ്രവാഹം വര്‍ധിച്ച് ഉത്തേജനം കൂട്ടുന്ന ഔഷധങ്ങള്‍ സ്ത്രീക്ക് ഗുണം ചെയ്യില്ല. സ്‌നേഹപരിലാളനങ്ങളോ ഒരു അഭിനന്ദനവാക്കോ ആയിരിക്കും അവള്‍ക്കു വേണ്ട ഉത്തേജകൗഷധം.

സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്ന പ്രചോദനങ്ങളേക്കുറിച്ചുള്ള ഒരു ശാസ്ത്രീയാന്വേഷണത്തില്‍ വെളിവാക്കപ്പെട്ട മറ്റു ചില കാര്യങ്ങള്‍ ഇതിലും രസകരമാണ്. റട്ഗര്‍ യൂണിവേഴ്‌സിറ്റിയിലെ ബാരി കോമിസാറുക് എന്ന ന്യൂറോ സയന്റിസ്റ്റാണ് മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ് ഉപയോഗിച്ച് സ്ത്രീയുടെ അഭിനിവേശത്തെ പഠിക്കാന്‍ ശ്രമിച്ചത്. ഇതിനായി നാലുഘട്ടങ്ങളിലെ സ്ത്രീകളുടെ രതിമൂര്‍ച്ഛകളെ നിരീക്ഷിച്ചു. അപൂര്‍വം ചില സ്ത്രീകളില്‍, ക്ലിറ്റോറിസിനെ നേരിട്ട് ഉത്തേജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതു പോലെ തന്നെയുള്ള രതിമൂര്‍ച്ഛ, ലൈംഗികഭാവനകളും ചിന്തകളും മാത്രം കൊണ്ട് ഉണ്ടാകുമെന്നു പഠനങ്ങളിലൂടെ ബാരി തെളിയിച്ചു (ഇക്കാര്യത്തിലും സ്ത്രീകള്‍ വളര്‍ന്ന സാഹചര്യത്തിനും സംസ്‌കാരത്തിനുമൊക്കെ സ്വാധീനമുണ്ട്.) ഇതേ സമയം തന്നെ വ്യായാമത്തെ തുടര്‍ന്ന് സ്ത്രീകളിലുണ്ടാകുന്ന ലൈംഗിക ഉണര്‍വ് ഉള്‍പ്പെടെയുള്ള നിരവധി പഠനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ടായിരുന്നു. ഈ പഠനങ്ങളുടെയെല്ലാം സംഗ്രഹം ഒന്നാണ്. പുരുഷന്റെ ലൈംഗിക ഉണര്‍വ് ഓണും ഓഫും ഒരൊറ്റ സ്വിച്ചാണെങ്കില്‍ സ്ത്രീയുടേത് നിരവധി നോബുകളുള്ള ഒന്നാണ്. എന്തുകൊണ്ടാണ് ഇത്രയധികം പ്രചോദനങ്ങളാല്‍ സ്ത്രീകള്‍ ഉണര്‍ത്തപ്പെടുന്നു എന്നതിന്റെ ഉത്തരം കണ്ടെത്താന്‍ മാത്രം വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. പക്ഷേ, സ്ത്രീകളില്‍ ലൈംഗിക അവയവങ്ങളിലുണ്ടാകുന്ന മാറ്റവും മാനസികമായ മാറ്റവും തമ്മില്‍ ഒരു ഡിസ്‌കണക്ടര്‍ ഉണ്ട്. അതിനാല്‍, ഇവരിലെ ലൈംഗിക ഉണര്‍വുകളെല്ലാം ലൈംഗികബന്ധത്തില്‍ അവസാനിക്കണമെന്നില്ല.

പണ്ട് സ്ത്രീയും പുരുഷനും ഒരൊറ്റ ശരീരമായിരുന്നത്രെ. സീയൂസ് ദേവന്‍ ആ ശരീരം രണ്ടായി കീറി ദൂരെയെറിഞ്ഞെന്നാണു സങ്കല്‍പം. കാലാകാലങ്ങളായി ഒരു പാതി മറുപാതിയെ തേടി നടക്കുകയാണ്. കഥയാണെങ്കിലും പ്രായപൂര്‍ത്തിയാകുന്നതോടെ പുരുഷനും സ്ത്രീയും ഒന്നു ചേര്‍ന്നു പൂര്‍ണരാകാനുള്ള ഒരന്വേഷണത്തിലാണ്. അതവര്‍ പൂര്‍ത്തിയാക്കുന്നത് ശരീരസമാഗമത്തിലൂടെയും. തന്റെ പുരുഷനെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീയെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ് എന്ന കാര്യത്തില്‍ സെക്‌സോളജിസ്റ്റുകള്‍ ഏതാണ്ട് ഒരേ അഭിപ്രായമാണ്. ഇതില്‍ ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. തോളു മുതല്‍ ഇടുപ്പുവരെയുള്ള അനുപാതം കൂടുതലുള്ള, പേശീദൃഢതയുള്ള, രോമാവൃതമായ ശരീരമുള്ള, ഘനഗാംഭീര്യമുള്ള ശബ്ദവും ദൃഢമായ താടിയെല്ലുകളുമുള്ള ആണത്തമുള്ള പുരുഷന്മാരോടാണത്രെ സ്ത്രീകള്‍ക്കു ചായ്‌വ്. പഴയ അതീവ ധീരന്‍-സുന്ദരന്‍-ബലവാന്‍-സങ്കല്‍പം തന്നെ. സാമൂഹികവും സാംസ്‌കാരികവും വികാരപരവുമായ ഘടങ്ങള്‍ അനുസരിച്ച് ഈ ഇഷ്ടത്തിലും വ്യത്യാസങ്ങള്‍ വരും.

2007-ല്‍ ഹോര്‍മോണ്‍സ് ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് അണ്ഡവിസര്‍ജനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ സ്ത്രീകളുടെ ദിവാസ്വപ്നങ്ങളില്‍ കൂടുതല്‍ കടന്നുവരുക ഇത്തരം ആണത്തമുള്ള മസിലന്മാര്‍ ആയിരിക്കുമത്രെ. ഇതിന് ഒരു ജീവശാസ്ത്രപരമായ വിശദീകരണം കൂടിയുണ്ട്. ഈ സമയമാണ് സ്ത്രീകള്‍ക്ക് ഗര്‍ഭവതികളാകാന്‍ ഏറ്റവും അനുയോജ്യമായത്. ഏറ്റവും മികച്ച ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ജൈവപരവും പ്രകൃത്യാലുള്ളതുമായ ചോദനയുടെ പരോക്ഷ പ്രതിഫലമാണത്രെ മികച്ച പുരുഷന്മാരേക്കുറിച്ചുള്ള ഈ പകല്‍ സ്വപ്നങ്ങള്‍.

ഒരു പുരുഷനെ ഇണയായി തെരഞ്ഞെടുക്കുമ്പോഴും ഇങ്ങനെയൊരു കരുതല്‍ സ്ത്രീക്കുണ്ട്. അതുകൊണ്ടാണ് സ്ത്രീ എപ്പോഴും ഗുണപരമായതും സ്ഥിരവുമായ ബന്ധങ്ങളോടു കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അണ്ഡവിസര്‍ജന ദിനങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി കൂടുതല്‍ ആക്ടീവായിരിക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്തു നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ലൈംഗികവികാരം തീവ്രമാക്കാന്‍ കാരണം.

ഇതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ....എന്ന് മധ്യവയസെത്തുന്നതോടെ സ്ത്രീ ചോദിച്ചുതുടങ്ങും. ലൈംഗികവികാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അവയുടെ ഏറ്റക്കുറച്ചിലുകളുടെ കാര്യത്തിലും വ്യത്യസ്തരാണ് സ്ത്രീ-പുരുഷന്മാര്‍ എന്നതു തന്നെ കാരണം. പുരുഷന്റെ ലൈംഗികവികാരം പ്രായമേറുമ്പോഴും വലിയ കുറവില്ലാതെ നിലനില്‍ക്കും. എന്നാല്‍ സ്ത്രീകളില്‍ പ്രായഭേദമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഒരു പ്രായം കഴിയുന്നതോടെ അവള്‍ ഉത്തരവാദിത്വമുള്ള കുടുംബിനിയും കുട്ടികളുടെ അമ്മയുമാകുന്നു. കാമുകിയുടെയും കിടപ്പറ പങ്കാളിയുടെയും വേഷങ്ങള്‍ കെട്ടിയാടുന്നത് അതോടെ കുറയുന്നു.

ലൈംഗികഅഭിനിവേശം ഇല്ലാതാകുന്നതല്ല പലപ്പോഴും ഇതിനു കാരണം. മറ്റു പല തിരക്കുകളും ഉത്തരവാദിത്വങ്ങളും മൂലം മാറ്റിവയ്ക്കാവുന്ന ഒന്നായ ലൈംഗികത അവഗണിക്കപ്പെടുകയാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലുമുള്ള സ്ത്രീകള്‍ക്ക് ചെറുപ്പക്കാരികളെ അപേക്ഷിച്ച് കൂടുതല്‍ ലൈംഗിക അഭിനിവേശം കാണുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 18 വയസിനും 26 വയസിനുമിടയിലുള്ള പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ രതിഭാവനകള്‍ കാണുന്നത് 27 വയസിനും 45 വയസിനും ഇടയിലുള്ള സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍.

എന്നാല്‍, മധ്യവയസെത്തുന്നതോടെ ചിലരില്‍ ലൈംഗികവികാരം കുറയും. അതിന്റെ പ്രധാനകാരണം ആര്‍ത്തവവിരാമമാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവു കുറയുന്നു. ഇത് യോനീ വരള്‍ച്ചയുണ്ടാക്കും. തത്ഫലമായി ലൈംഗികബന്ധം വേദനാജനകമാകാം. മാത്രമല്ല, ഈസ്ട്രജന്റെ അളവു കുറയുന്നതു മൂലം വികാരോത്തേജന കേന്ദ്രങ്ങളിലെ സ്പര്‍ശനങ്ങള്‍ കാര്യമായ ഉത്തേജനവും നല്‍കില്ല. ലൈംഗികമായ തന്റെ ആകര്‍ഷത്വവും ഊര്‍ജവും കുറയുന്നു എന്ന ചിന്ത സ്ത്രീയുടെ ആത്മാഭിമാനത്തെ തന്നെ തകര്‍ത്തുകളയാം.

പുറമേ നിന്നു നോക്കുന്നത്ര നിഷ്‌ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലരികളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.

ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയാണ് സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മൂന്നു ഹോര്‍മോണുകള്‍. ഇതില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ആണ് ഏറ്റവുമധികം പ്രാധാന്യമുള്ളത്. ഇത് അടിസ്ഥാനപരമായി ഒരു പുരുഷഹോര്‍മോണ്‍ ആണെങ്കിലും സ്ത്രീ ലൈംഗികതയില്‍ നിര്‍ണായകമായ പങ്കുണ്ട്. ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ശരീരത്തില്‍ ഇതിന്റെ അളവു കൂടിയാല്‍ ലൈംഗികവികാരം വര്‍ധിക്കാന്‍ ഇടയാകും.

സ്ത്രീയുടെ സെക്‌സ് ഡ്രൈവ് ഭാഗികമായി നിയന്ത്രിക്കുന്നത് ഈസ്ട്രജനാണെന്നു പറയാം. അടിസ്ഥാനപരമായി ഇതൊരു സ്ത്രീ ഹോര്‍മോണ്‍ ആണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. ആര്‍ത്തവവിരാമമാകുന്നതോടെ ഈ ഹോര്‍മോണിന്റെ ഉല്‍പാദനത്തില്‍ പ്രകടമായ കുറവുണ്ടാകാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ