ഞാനൊരു കോളജ് അധ്യാപികയാണ്. വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായി. ലൈംഗികബന്ധം അസ്വസ്ഥജനകമാണ്. വജൈനിസ്‌മസ് എന്നാണ് ഡോക്‌ടര്‍ പറഞ്ഞത്. ലൈംഗികബന്ധം എനിക്കിതുവരെ ശരിയായി സാധിച്ചിട്ടില്ല. പല ഡോക്‌ടര്‍മാരെയും മനഃശാസ്‌ത്ര വിദഗ്‌ദരെയും കണ്‌ടു. ഒന്നും ഫലപ്രദമായില്ല. ഇതുമൂലം എന്റെ വിവാഹബന്ധം തകരുകയാണ്. ഞാന്‍ എന്താണ് ചെയ്യേണ്‌ടത്.
ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികള്‍ സ്വയമറിയാതെയെന്നോണം പ്രവര്‍ത്തിക്കുന്നതാണു വജൈനിസ്‌മസിനു കാരണം. ശാരീരികകാരണങ്ങള്‍ കൊണ്‌ടല്ല ഈ അസ്വസ്ഥത ഉണ്‌ടാകുന്നത്. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു സ്വയം രക്ഷപ്പെടാനെന്നോണമാണു യോനീ പേശികള്‍ ചുരുങ്ങി മുറുകുന്നത്.
മനസിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗിക വിരക്തി, ഭയം, പാപബോധം, ചെറുപ്പത്തിലുണ്‌ടായിട്ടുള്ള തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്‌മസിനു കാരണമാകാം. സ്‌ത്രീകള്‍ക്കു ലൈംഗിക താത്‌പര്യം ഉണ്‌ടായിരിക്കുകയും എന്നാല്‍ യോനീ പ്രവേശം സാധിക്കാത്തതിനാല്‍ ലൈംഗീകാനന്ദം അനുഭവിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
ഇതു സ്‌ത്രീയെ കടുത്ത അസ്വസ്ഥതയിലാക്കും. വേണ്‌ടത്ര മനസംയമനത്തോടെയും അവശ്യമായ പൂര്‍വലീലകളോടെയും ബന്ധപ്പെടാന്‍ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു പരിശോധനകള്‍ നടത്തുന്നത് നന്നാവും.
ശരിയായ അവബോധത്തോടെ വിശകലനം ചെയ്‌താല്‍ എന്തുകൊണ്‌ടിതുണ്‌ടാകുന്നു എന്നു സ്വയം മനസിലാക്കാന്‍ കഴിഞ്ഞേക്കാം. മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞുകിടക്കുന്ന ചില ധാരണകളുടെ സ്വാധീനമാണു പലപ്പോഴും വജൈനിസ്‌മസിനു കാരണം. ആ പഴയ ധാരണകളെ ബോധപൂര്‍വം അതിജീവിക്കാനായാല്‍ യോനീ സങ്കോചം ഒഴിവാകും. വേണ്‌ടത്ര യോനീവികാസം നേടാനുള്ള വ്യായാമങ്ങളും രതിതാത്‌പര്യമുണര്‍ത്തുന്ന രീതികളും പരിശീലിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ