ലൈംഗികത വേണ്ടേ... കിടപ്പറയിൽ ചെയ്യാം ഈ 5 കാര്യങ്ങൾ

ഭാര്യ–ഭർതൃ ബന്ധത്തിൽ ഏറ്റവും പവിത്രമായ ഒന്നു തന്നെയാണ് ലൈംഗികത. എല്ലാ ദിവസവും ചെയ്തു തീർക്കേണ്ട ഒരു കടമയല്ല ഇതെന്ന് ആദ്യം മനസിലാക്കുക. എല്ലാ ദിവസവും രാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടണമെന്നോ രതിമൂർച്ഛയിൽ എത്തണമെന്നോ ഇല്ല. ദമ്പതികൾക്ക് ഇരുവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സമയങ്ങൾ മാത്രം ഇതിനായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അല്ലാത്ത ദിവസങ്ങളിൽ പുറംതിരിഞ്ഞു കിടക്കണമെന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. ലൈംഗികത ആസ്വദിക്കാൻ കഴിയാത്ത ദിവസങ്ങളിൽ കിടപ്പറയിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഏതൊക്കയാണെന്നും എങ്ങനെ ബന്ധം ദൃഢമാക്കാമെന്നും നോക്കാം.

1. ഉള്ളുതുറന്ന് സംസാരിക്കാം
തിരക്കിട്ട ജീവിതത്തിനിടയിൽ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് പരസ്പരമുള്ള ആശയവിനിമയം. ഓഫീസിലെ പരാതികളും ക്ലെയിന്റ് മീറ്റിങ്ങുകളുമെല്ലാം മാറ്റിവച്ച് കുടുംബത്തിനായി അൽപനേരം സംസാരിക്കാൻ ഈ സമയം തിരഞ്ഞെടുക്കാം. അവധി ആഘോഷം പ്ലാൻ ചെയ്യുകയോ, കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ, ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം.
2. കെട്ടിപ്പുണർന്നു കിടക്കാം
പരസ്പരം സ്പർശിച്ച് കിടക്കാൻ തന്നെയാണ് ദമ്പതികൾ ആഗ്രഹിക്കുന്നത്. ലൈംഗികബന്ധത്തിനുള്ള മൂഡ് ലഭിക്കുന്നില്ലെങ്കിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കാവുന്നതാണ്. സ്നേഹബന്ധം കൂടുതൽ ദൃഢമാക്കാനും ഒരാൾ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം കൂട്ടാനും ഇത് സഹായകമാകും.
3. ചുംബനം
ചുംബനം കാണിക്കുന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ആത്മാർഥമായ സ്നേഹത്തെയാണ്. സ്നേഹം ഉള്ളിടത്തു മാത്രമേ ദൃഢമായ ചുംബനവും നടക്കുകയുള്ളൂ. ദാമ്പത്യബന്ധത്തിനിടയിൽ വേലിക്കെട്ടുകളില്ലാത്ത ഒന്നാകുന്നു ചുംബനവും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ഉമ്മകൾ നൽകി സ്നേഹം പ്രകടിപ്പിക്കാം. വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത സ്നേഹമാണ് ഒരുമ്മയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
4. തലോടൽ
എന്തെങ്കിലും ഒരു അഭിനന്ദനാർഹമായ നേട്ടമോ ജോലിയിൽ ഒരു പ്രമോഷനോ ഒക്കെ കിട്ടുമ്പോൾ പുറത്തു തട്ടി നിങ്ങൾ സ്നേഹം കാണിച്ച് ഒന്നു തലോടാറില്ലേ, ഇത് പരസ്പരമുള്ള വിശ്വാസവും ഉയരങ്ങൾ കീഴടക്കാനുള്ള പ്രചോദവും നൽകുന്നുണ്ടെന്ന് അറിയുക. അതുകൊണ്ടു തന്നെ ഇത്തരം തലോടലുകൾക്ക് ഇനി പിശുക്കു കാണിക്കേണ്ട.
5. ഉറക്കം

സ്നേഹ തലോടലുകൾക്കു ശേഷം പങ്കാളിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുന്നതിന്റെ സുഖം ഒരു തലയിണയ്ക്കും നൽകാൻ കഴിയില്ല. ഇതൊരു സാന്ത്വനത്തിന്റെ കൂടി പ്രതീകമാകുന്നു.

@http://www.manoramaonline.com/health/sex/family-life-five-things-couples-should-do-in-bed.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ