സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം

സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്‌നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 43 ശതമാനം സ്ത്രീകളിലും 31 ശതമാനം പുരുഷന്മാരിലും ലൈംഗിക പ്രശ്‌നങ്ങളുള്ളതായി കണ്ടുവരുന്നു. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. മിക്കവാറും ലൈംഗികപ്രശ്‌നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നവയാണ്. പങ്കാളിയോടും അതുപോലെതന്നെ ഡോക്ടറോടും നിങ്ങളുടെ പ്രശ്‌നങ്ങള്‍ യഥാസമയം പങ്കുവെയ്ക്കുകയാണ് വേണ്ടത്.


കാരണങ്ങള്‍

മാനസികമോ ശാരീരികമോആയ കാരണങ്ങള്‍മൂലം ലൈംഗിക പ്രശ്‌നങ്ങളുണ്ടാകാം.

ശാരീരികം:
പ്രമേഹം, ഹൃദയ സംബന്ധിയായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, ഹോര്‍മോണ്‍ അസംതുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍, മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം.

മാനസികം:
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, പങ്കാളിയെ തൃപ്തിപെടുത്താനകുമോയെന്ന ആകുലത, വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം തുടങ്ങിയവയും ലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

പ്രശ്‌നങ്ങള്‍ ആര്‍ക്ക് ?

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. എല്ലാംപ്രായക്കാരിലും ഇത് കണ്ടുവരുന്നു. പ്രായമാകുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ലൈംഗികതയെ സാരമായി ബാധിക്കുന്നത് സ്വാഭാവികമാണ്.

സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു

താല്‍പര്യമില്ലായ്മ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, രതിമൂര്‍ച്ചയുടെ അഭാവം, വേദനയോടെയുള്ള ലൈംഗികബന്ധം തുടങ്ങിയവയാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍.

താല്‍പര്യമില്ലായ്മ

ലൈംഗികതയോട് താല്‍പര്യമില്ലാത്ത അവസ്ഥയ്ക്കുപിന്നില്‍ നിരവധി കാരണങ്ങളുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിവിധ ചിക്തിസകള്‍. (ഉദാ. അര്‍ബുദ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോതെറാപ്പി), വിഷാദരോഗം, ഗര്‍ഭാവസ്ഥ, മാനസിക സമ്മര്‍ദം, ക്ഷീണം തുടങ്ങിയവ ചില കാരണങ്ങളാണ്. ഒരെ പ്രവൃത്തിമൂലമുള്ള താല്‍പര്യക്കുറവ്, ജോലി, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജീവിതരീതിയുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവയും താല്‍പര്യക്കുറവിന് കാരണമാകുന്നു.

ഉത്തേജനക്കുറവ്

ലൈംഗിക പ്രകൃയക്കിടെ ഉത്തേജിതയാകാത്തത് ലൂബ്രിക്കേഷനെ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് പ്രധാനകാരണം. ഉല്‍കണ്ഠയും ഉത്തേജനത്തെ ബാധിക്കുന്നു. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ യോനിയിലേയ്ക്കും ക്ലിറ്റോറിസിലേയ്ക്കും ആവശ്യത്തിന് രക്തംപ്രവഹിക്കുന്നതിന് തടസമാകുന്നു. ഇത് ഉത്തേജനമില്ലായ്മയുണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

രതിമൂര്‍ച്ച

താല്‍പര്യമില്ലായ്മ, അറിവില്ലായ്മ, കുറ്റബോധം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായ തിക്താനുഭവം എന്നിവ രതിമൂര്‍ച്ചെയ ബാധിക്കുന്നു. ആവശ്യത്തിന് ഉത്തേജിപ്പിക്കപ്പെടാത്തതും കഴിക്കുന്ന മരുന്നുകളും മാറാരോഗങ്ങളും രതിമൂര്‍ച്ചയെ സാരമായി ബാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

വേദനാപൂര്‍ണമായ ബന്ധം

ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാകുന്നതിനു പിന്നില്‍ നിരവധികാരണങ്ങളാണുള്ളത്. ഗര്‍ഭാശയമുഴ, ഓവറേറിയന്‍ സിസ്റ്റ്, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ശസ്ത്രക്രിയക്കിടെ യോനീഭാഗത്തെ ടിഷ്യുവിലുണ്ടാകുന്ന പാടുകള്‍, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാപൂര്‍ണമാക്കും. മാനസിക കാരണങ്ങളാണ് യോനീ സങ്കോചത്തിന് കാരണമാകുന്നത്. മനസിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗികവിരക്തി, ഭയം, പാപബോധം, ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം.

എങ്ങനെ തിരിച്ചറിയാം

ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ശാരീരിക പരിശോധനനടത്തിയാണ് യഥാര്‍ഥ പ്രശ്‌നം കണ്ടെത്തുന്നത്. യോനീപ്രദേശം വിശദമായ പരിശോധിക്കുന്നതിലൂടെ ഇതുസംബന്ധിച്ചുള്ള ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താനാകുന്നു. യോനീ പ്രദേശത്തെ കോശങ്ങളിലുള്ള മാറ്റങ്ങളും വിശകലനം ചെയ്യുന്നു. ഇതൊടൊപ്പംതന്നെ മറ്റ് പരിശോധനകളും ഡോക്ടര്‍ നിര്‍ദേശിക്കും.

ലൈംഗികതയോടുള്ള മനോഭാവം, ഭയം, ഉല്‍ക്കണ്ഠ, മുമ്പുണ്ടായിട്ടുള്ള തിക്താനുഭവം, റിലേഷന്‍ഷിപ്പ് പ്രശ്‌നങ്ങള്‍, മദ്യപാനം തുടങ്ങിയവ ചോദിച്ചറിയുന്നതിലൂടെ ഏതുതരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന നിഗമനത്തിലെത്താന്‍ ഡോക്ടറെ സഹായിക്കുന്നു.

ചികിത്സ

വനിതാ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. വ്യത്യസ്ഥ തരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ഇവര്‍ക്കാകും. മറ്റ് ചികിത്സാരീതികള്‍ ഏതെന്ന് തുടര്‍ന്ന് കാണുക

ബോധവല്‍ക്കരണം

ശരീരഘടന, ലൈംഗികപ്രവര്‍ത്തനങ്ങള്‍, പ്രായമാകുമ്പോഴുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങള്‍, ലൈംഗിക സവിശേഷതകള്‍ തുടങ്ങിയവ അറിയിക്കുന്നതിലൂടെ ഉല്‍ക്കണ്ഠ ഒഴിവാക്കാനും ലൈംഗികതയുടെ ആവശ്യകത ബോധ്യപ്പെടുത്താനും കഴിയും.

ഉത്തേജനം വര്‍ധിപ്പിക്കുക

ലൈംഗിക ഉത്തേജനമുണ്ടാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍, പുസ്തകങ്ങള്‍, വീഡിയോ എന്നിവയും ലൈംഗിക ദിനചര്യയിലെ മാറ്റങ്ങളും ഉത്തേജനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ശ്രദ്ധതിരിക്കല്‍ തന്ത്രം

ലൈംഗിക ഭാവന, വ്യായാമത്തോടൊപ്പമുള്ള ലൈംഗികബന്ധം, സംഗീതം, വീഡിയോ എന്നിവ മാനസിക സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും ഒഴിവാക്കാന്‍ സഹായിക്കും.

പുര്‍വകേളി

മസാജിങ് ഉള്‍പ്പടെയുള്ള ലൈംഗിക പൂര്‍വ ലീലകള്‍ ഉത്തേജനമുണ്ടാക്കാന്‍ സഹായിക്കും. ഈ ഘട്ടത്തില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.

വേദന കുറയ്ക്കല്‍

ലിംഗത്തിന്റെ യോനിയിലേയ്ക്കുള്ള പ്രവേശനത്തിന്റെ നിയന്ത്രണം സ്ത്രീ പങ്കാളിക്കു നല്‍കുന്നതിലൂടെ ലൈംഗിക ബന്ധത്തിലൂടെയുണ്ടാകുന്ന വേദന കുറയ്ക്കുന്നതിന് സഹായിക്കും. ഇതിന് അനുകൂലമായ പൊസിഷന്‍ സ്വീകരിക്കുന്നതായിരിക്കും ഉചിതം.

പ്രശ്‌ന പരിഹാരം

കാരണം കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സ എളുപ്പമാകുന്നു. ചികിത്സിച്ചുമാറ്റാവുന്നവയാണെന്ന ബോധം പ്രശ്‌നപരിഹാരത്തിന് ഏറെ സഹായിക്കുന്നു. കൗണ്‍സലിങ്, ബോധവല്‍ക്കരണം, പങ്കാളികള്‍ തമ്മിലുളള ആശയവിനിമയം എന്നിവയിലൂടെ മിക്കവാറും പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

സ്ത്രീകളിലെ ലൈംഗിക വിരക്തിക്കുപിന്നില്‍ ഹോര്‍മോണ്‍ അസംതുലിതാവസ്ഥയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവ് ചര്‍മത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുകയും ആര്‍ത്തവവിരമാമുണ്ടാക്കുകയും ചെയ്യും. ലൂബ്രിക്കേഷന്‍ കുറയുന്നതോടൊപ്പം യോനീ പ്രദേശത്തെ സെന്‍സേഷന്‍ കുറയുകയും ചെയ്യുന്നു.

മെയില്‍ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ കുറവ് രതിമൂര്‍ച്ചയെ ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തേജനത്തെയും സെന്‍സേഷനെയും ഇത് ബാധിക്കുന്നു. ഹോര്‍മോണ്‍, മറ്റ് മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ച് ഗവേഷകര്‍ പഠനംനടത്തിക്കൊണ്ടിരിക്കുകയാണ്.

ഗര്‍ഭപാത്രം നീക്കംചെയ്യല്‍

ഗര്‍ഭപാത്രം നീക്കം ചെയ്ത പലരിലും താല്‍പര്യമില്ലായ്മയും ലൂബ്രിക്കേഷനില്ലാത്ത അവസ്ഥയും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭപാത്രം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഹോര്‍മോണ്‍ അസംതുലിതാവസ്ഥയാണ് ഇതിന് കാരണം. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്കിടെ നാഡിക്കും ഞെരമ്പുകള്‍ക്കുമുണ്ടാകുന്ന ക്ഷതവും ലൈംഗികതയെ ബാധിക്കും.

ആര്‍ത്തവവിരാമം

ആര്‍ത്തവവിരമാമത്തതുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും വൈകാരികമായ മാറ്റങ്ങളും ലൈംഗിക താല്‍പര്യത്തെ ബാധിക്കുന്നു. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും വജൈനല്‍ ലൂബ്രിക്കന്റുകളുടെ ഉപയോഗത്തിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാം. ആര്‍ത്തവവിരമാത്തിനുശേഷം ചിലര്‍ക്ക് ലൈംഗികതയില്‍ താല്‍പര്യം വര്‍ധിക്കുന്നതായി കാണുന്നുവെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികളുണ്ടാകില്ലെന്ന ചിന്തയാണ് പ്രധാനം. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞതിന്റെ വിശ്രമാവസ്ഥയും പങ്കാളികള്‍ തമ്മിലുള്ള ഈഷ്മളത വര്‍ധിപ്പിക്കും.

ഡോക്ടറെ കാണേണ്ടതെപ്പോള്‍

ഇടെയ്‌ക്കെല്ലാമുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ അവഗണിക്കാം. എന്നാല്‍ പ്രശ്‌നം എപ്പോഴും നിലനില്‍ക്കുകയും പങ്കാളികള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാകുകയും ചെയ്താല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ