ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ

ഉദ്ധാ‍രണ പ്രശ്നങ്ങള്‍ മൂലം കിടപ്പറയില്‍ പരാജയപ്പെടുന്ന നിരവധി പുരുഷന്മാരുണ്ട്. പലരും ഇത് പുറത്തറിയിക്കാതെ മനസില്‍ കൊണ്ട് നടക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എളുപ്പ വഴി കണ്ടെത്തിയിരിക്കുകയാണ് ഫിന്‍‌ലന്‍ഡിലെ ഗവേഷകര്‍.

ലൈംഗിക ജീവിതം സജീവമായുള്ളവര്‍ക്ക് ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷം ഗവേഷകര്‍ ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. അന്‍പത്തി അഞ്ചിനും 75നും ഇടയില്‍ പ്രായമുള്ള 989 പുരുഷന്മാരിലാണ് പഠനം നടത്തിയത്.

ആഴ്ചയില്‍ ഒരു പ്രാവശ്യം എന്ന തോതിലും കുറവാണ് ലൈംഗിക ബന്ധമെങ്കില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഉദ്ധാരണ ശേഷിക്കുറവും ലൈംഗിക ബന്ധം പുലര്‍ത്തുന്നതും തമ്മില്‍ വിപരീത അനുപാതമാണുള്ളതെന്ന് പഠനം പറയുന്നു.

ആയിരം പേരെ പഠന വിധേയമാക്കിയതില്‍ ഉദ്ധാരണ ശേഷിക്കുറവുള്ള 79 പേര്‍ ആഴ്ചയില്‍ ഒരു പ്രാവശ്യത്തിലും കുറവ് തവണയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍, ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഉദ്ധാരണ ശേഷിക്കുറവ് 1000 ത്തില്‍ 32 പേര്‍ക്ക് എന്ന കണക്കിലായിരുന്നു.

ആഴ്ചയില്‍ മൂന്ന് തവണയോ അതില്‍ കൂടുതലോ പ്രാവശ്യം ലൈംഗിക വേഴ്ച നടത്തുന്നവരില്‍ ഉദ്ധാ‍രണ ശേഷിക്കുറവ് 1000ത്തിന് 16 എന്ന നിലയിലേക്ക് കുറയുകയുണ്ടായി. ഇതിന് പുറമെ പ്രഭാത ഉദ്ധാരണം ആഴ്ചയില്‍ ഒരു തവണയിലും കുറവാണെങ്കില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകാനുളള സാദ്ധ്യത രണ്ട് മുതല്‍ അഞ്ച് മടങ്ങ് വരെ അധികമാ‍ണെന്നും കണ്ടെത്തുകയുണ്ടായി.

ഏതായാലും ഉദ്ധാരണ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പതിവായി ലൈംഗിക ബന്ധം പുലര്‍ത്തണമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്- ഫിന്‍ലന്‍ഡിലെ താമ്പെറിലെ സര്‍വകലാശാല ആശുപത്രിയിലെ യൂറോളജി വകുപ്പിലെ ജുഹ കൊസ്കിമകി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ