ഭാര്യ- ഞാന്‍ തൊട്ടിട്ടും എന്താ അനക്കമില്ലാത്തത്
ഭര്‍ത്താവ്- എന്തോ എനിക്കിന്ന് വേണ്ട
ഭാര്യ- നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട്
ഭര്‍ത്താവ്- ഭയങ്കര ക്ഷീണം. നീ ഒന്നുപോയേ
ഭാര്യ- എനിക്ക് കിട്ടിയേ തീരു
ഭര്‍ത്താവ്- നീ കിടന്നുറങ്ങ്
ഭാര്യ- എന്നാപ്പിന്നെ നിങ്ങള് പോയി പണി നോക്ക്
ഈയടുത്ത ദിവസം സ്വന്തം കിടപ്പറയില്‍ നടന്ന ആ സംഭാഷണം വെളിപ്പെടുത്തുമ്പോള്‍ അവള്‍ക്കൊട്ടും നാണമില്ലായിരുന്നു. ഭര്‍ത്താവ് സെക്‌സിന് മൂഡില്ലെന്ന് പറഞ്ഞ് പുറംതിരിഞ്ഞുകിടന്നതിന്റെ കാരണങ്ങള്‍ ചികയുകയായിരുന്നു ആ ഇരുപത്തിയെട്ടുകാരി…’ജോലിയെല്ലാം കഴിഞ്ഞ് കിടക്കാന്‍ നേരം ഒന്നു തലോടിയെങ്കിലെന്ന് തോന്നും, ഒന്ന് ഉമ്മ വെക്കാന്‍, കൂടെച്ചേര്‍ന്നുകിടക്കാന്‍…ഞാനൊരു ഭാര്യയല്ലേ. ഒരിക്കല്‍പ്പോലും അദ്ദേഹം എന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ചിട്ടില്ല.’ ലൈംഗികതയിലെ നിരാശാബോധം അവര്‍ മറച്ചുവെച്ചില്ല. രതിയില്‍ സ്ത്രീയും സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുകയാണ്.
ഇപ്പോള്‍ സ്ത്രീകളും ഇന്റര്‍നെറ്റില്‍ നോക്കുന്നു, സെക്‌സ് വീഡിയോ കാണുന്നു, ലൈംഗികപുസ്തകങ്ങള്‍ വായിക്കുന്നു. അത്ഭുതപ്പെടേണ്ട, ലൈംഗികതയിലെ പരമ്പരാഗത സങ്കല്‍പങ്ങള്‍ ഒട്ടാകെ തകിടം മറിയുകയാണ്.
‘ഭര്‍ത്താവ് എന്നെ കാമഭ്രാന്തി എന്നാണ് വിളിക്കുന്നത്. ഞാനിടയ്ക്കിടെ സെക്‌സ് ആവശ്യപ്പെടുന്നതുകൊണ്ടാവും. എപ്പോഴും പുതിയ രീതികള്‍ പരീക്ഷിക്കാനാണ് എനിക്കിഷ്ടം’ ഗള്‍ഫിലുള്ള ഒരു മുപ്പതുകാരി ഫേസ്ബുക്ക് മെസഞ്ചറില്‍ പുഞ്ചിരിക്കുന്നു. ദാമ്പത്യത്തില്‍ സെക്‌സ് നല്‍കുന്ന ആഹ്ലാദത്തില്‍ അവര്‍ സംതൃപ്തയാണ്. ‘ഇഷ്ടം, പ്രണയം, സ്‌നേഹം…എല്ലാം ചേര്‍ന്നൊരു വികാരമാണ് എനിക്ക് സെക്‌സ്. അതില്‍ പൂര്‍ണസുഖം കിട്ടാതെ വന്നാല്‍ അതും ഭര്‍ത്താവിനോട് പറയാറുണ്ട്.’
എല്ലാം അറിയാമെന്നാ വിചാരം
ദൃശ്യം എന്ന സിനിമയില്‍നിന്നാണ് ഈ രംഗം. മക്കളുടെ മുന്നിലാണെന്ന് ഓര്‍ക്കാതെ തലേദിവസത്തെ കിടപ്പറ അനുഭവത്തിന്റെ ഓര്‍മയില്‍ സംസാരിക്കുന്ന ലാല്‍. പിന്നീട് ലാലിനെ താക്കീത് ചെയ്യുന്ന മീന. ‘മക്കളുടെ മുന്നില്‍ വെച്ച് ഇത്തരം വര്‍ത്തമാനം പറയരുത്.’
ലാല്‍-അവര്‍ക്കൊന്നും മനസ്സിലായിട്ടില്ല. എനിക്കീ പ്രായത്തില്‍ ഇതിനേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
മീന-പറച്ചില്‍ കേട്ടാല്‍തോന്നും ഇപ്പോള്‍ കുറെ അറിയാമെന്ന്.
അതുവരെ കെട്ടിപ്പൊക്കിയ ലൈംഗികാഭിമാനത്തിന്റെ ഗോപുരങ്ങള്‍ ഭാര്യയുടെ മുന്നില്‍ തകരുമ്പോള്‍ അന്തിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ഭാവം ആ നിമിഷം ലാലിന്റെ മുഖത്തുകാണാം. സെക്‌സില്‍ പുരുഷന്റെ ചിന്തകളും മുന്‍വിധികളും തെറ്റാണെന്ന് തുറന്നുപറയുകയാണ് ഇതുപോലുള്ള പുതിയ സ്ത്രീകള്‍.
കോട്ടയത്തെ ഒരു സൈക്കോളജിസ്റ്റിന്റെ മുന്നില്‍ ഭര്‍ത്താവിനെയുംകൊണ്ടുവന്നതാണ് ആ യുവതി. ഐ.ടി. ജോലിക്കാരനാണ് പങ്കാളി. ‘ഞാന്‍ പറഞ്ഞാലേ ഇങ്ങേര് സെക്‌സിനെക്കുറിച്ച് ആലോചിക്കൂ. വൈകുന്നേരം വീട്ടില്‍ വന്നാല്‍ വീഡിയോ ഗെയിം കളിക്കും. അതാണ് ഹോബി. ഭക്ഷണം കഴിക്കൂ, കുളിക്കൂ എന്നൊക്കെ പറയുന്നപോലെ കിടപ്പറയിലേക്ക് വരാനും നിര്‍ബന്ധിക്കണം. ചിലപ്പോള്‍ ഭയങ്കര ക്ഷീണമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷമായി. ഇതുവരെ പൂര്‍ണമായൊരു ലൈംഗികബന്ധം ഉണ്ടായിട്ടില്ല’ അവര്‍ ഡോക്ടര്‍ക്കുമുന്നില്‍ പരാതിയുടെ കെട്ടഴിക്കുന്നു. ലൈംഗികതയില്‍ തന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ പങ്കാളിയെ തിരുത്തിയെടുക്കാനും മുന്‍കൈ എടുക്കുന്നു് ഭാര്യമാര്‍.
കൊച്ചി റെനൈ മെഡിസിറ്റിയിലെ സൈക്കോളജിസ്റ്റ് ജി.സൈലേഷ്യ പറയുന്നു. ‘ഒരു പെണ്‍കുട്ടി പങ്കാളിയെക്കുറിച്ച് പരാതിയുമായി വരുന്നത് അവരും സെക്‌സ് പ്രധാനകാര്യമായി കാണുന്നതുകൊണ്ടാണ്. പഴയ കാലത്തെ സ്ത്രീയാണെങ്കില്‍ എനിക്ക് സ്വസ്ഥമായിട്ട് കിടന്നുറങ്ങാമല്ലോ എന്ന് ചിന്തിക്കും. ആ കാലം പോയി.’
പല കുടുംബ ബന്ധങ്ങളുടെയും അടിത്തറ തകരുന്നതിലൊരു കാരണം സെക്‌സിലെ പരാജയമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കൊച്ചിയിലെ ഡോ.പ്രമോദൂസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്തിലെ ഡോ. പ്രമോദ് പറയുന്നത് നോക്കൂ.’ലൈംഗികാനന്ദം കിട്ടുന്നില്ലെങ്കില്‍ കുറച്ചുകാലം ഭാര്യ മിണ്ടാതിരിക്കും. പിന്നെ ദാമ്പത്യകലഹമായി ഈ അസ്വസ്ഥത പുറത്തുവരാം. ലൈംഗികാനന്ദം ഇല്ലാത്തതുകൊണ്ട് തകരുന്ന ഒരുപാട് വിവാഹബന്ധങ്ങളുണ്ട്. വിവാഹമോചനക്കേസുകള്‍ നോക്കിയാല്‍ 40-50 ശതമാനത്തിലെങ്കിലും വില്ലന്‍ ലൈംഗികപ്രശ്‌നങ്ങള്‍ ആണെന്ന് കാണാം.’ഇതുകൊണ്ടുതന്നെയാവാം ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഡോക്ടര്‍ ഒരു ചികിത്സാനുഭവം വിശദീകരിച്ചു.”അടുത്തിടെ വന്ന ഒരു സ്ത്രീ. പതിനഞ്ച് വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. ‘എനിക്കിതുവരെ രതിമൂര്‍ച്ഛ വന്നിട്ടില്ല. പലരും ഇതേക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോഴാണ് ഞാനിതിനെക്കുറിച്ച് ആലോചിച്ചത്’. ആ രീതിയില്‍പ്പോലും സ്ത്രീകള്‍ ചിന്തിച്ചുതുടങ്ങി”.
മാറാത്ത പുരുഷന്‍, മാറിയ സ്ത്രീ
അഞ്ചുവര്‍ഷം പ്രണയിച്ചശേഷം വിവാഹിതരായവരാണ് അവര്‍. കുട്ടികളാവാത്തതില്‍ വീട്ടുകാര്‍ക്ക് പരാതി. ഒടുവില്‍ ഉറ്റസുഹൃത്തിന്റെ സാന്നിധ്യത്തില്‍ ഭാര്യയും ഭര്‍ത്താവും മനസ്സുതുറന്നു. സെക്‌സില്‍ ഭാര്യ തന്റെ രീതികള്‍ ആസ്വദിക്കുന്നുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ പക്ഷം. പക്ഷേ ഭാര്യ സംസാരിച്ചുതുടങ്ങിയപ്പോള്‍ അയാളുടെ സങ്കല്‍പങ്ങള്‍ ചീട്ടുകൊട്ടാരമായി.’സ്വന്തം കാര്യം നേടിയാല്‍ പുള്ളിയുടെ ആവേശം പോവും. എനിക്ക് വേണ്ടൊരു തൃപ്തി തരാന്‍ ശ്രമിക്കാറില്ല, എന്നെ ശരിക്കൊന്ന് തലോടിയിട്ടില്ല.’ ഭാര്യ തുറന്നടിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ്.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ.ടി.എം.രഘുറാം പറയുന്നു. ‘എട്ടുപത്തുവര്‍ഷമായിട്ട് ലൈംഗികമായ പരാതികളുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്. പുരുഷന്റെ പ്രശ്‌നങ്ങള്‍ പോലും ഇപ്പോള്‍ അവരാണ് അവതരിപ്പിക്കുന്നത്. പാസീവായിട്ട് എല്ലാം സ്വീകരിച്ച് അടങ്ങി നില്‍ക്കേണ്ട ആളല്ല എന്ന ബോധം അവര്‍ക്കും വന്നു.’
കൊച്ചിയിലെ ഒരു സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തിയ മറ്റൊരു കേസ.് ‘വിവാഹമോചനത്തിന്റെ വക്കിലായിരുന്നു ആ പങ്കാളികള്‍. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് രണ്ടുവര്‍ഷവും ഏഴുമാസവും. ഇതുവരെ ശാരീരികബന്ധം നടന്നിട്ടില്ല. ഭര്‍ത്താവ് സെക്‌സിന് പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അയാള്‍ കൂടുതല്‍ നിരാശനായി. തനിക്ക് കഴിവില്ലെന്നൊരു തോന്നല്‍. ഈ അസ്വസ്ഥത മറികടക്കാന്‍ പഴയ കാമുകിയുമായി ബന്ധം പുനസ്ഥാപിക്കാനും പുള്ളി ശ്രമിച്ചു. അത് വൈവാഹിക കലഹത്തിലേക്ക് നീങ്ങി. എല്ലാം മറന്ന് ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ ഒരുക്കമാണ്. പക്ഷേ അതിനായി സെക്‌സിലൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല.
‘ഇപ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നല്‍ കൂടി. അതില്‍നിന്ന് സെക്‌സിനെ മാത്രം സ്ത്രീകള്‍ മാറ്റിനിര്‍ത്തുമെന്ന് തോന്നുന്നില്ല,’ ജി.സൈലേഷ്യ അഭിപ്രായപ്പെടുന്നു.
സ്ത്രീയുടെ ഈ മാറ്റത്തില്‍ പതറിപ്പോവുന്നു് ചില പുരുഷന്‍മാരെങ്കിലും. ‘ഭാര്യ ഓവര്‍ സെക്‌സാണെന്ന് പരാതിപ്പെടുന്ന പുരുഷന്‍മാരുണ്ട്. അവള്‍ കൂടുതല്‍ ആവശ്യപ്പെടുന്നു എന്നുപറഞ്ഞുവരുന്ന ഭര്‍ത്താക്കന്‍മാര്‍. ചിലരൊക്കെ സ്വന്തം മുഖം രക്ഷിക്കാനാണ് ഇതുപറയുന്നതും’, ഡോ. രഘുറാം നിരീക്ഷിക്കുന്നു. തൃശ്ശൂരിലാണ് പങ്കാളിയെക്കുറിച്ച് വിചിത്രമായ പരാതിയുമായി ആ ഭര്‍ത്താവ് ഡോക്ടറെ കാണാനെത്തിയത്.’അവള്‍ക്ക് സ്ത്രീയുടേതായ അവയവങ്ങളൊന്നുമില്ല ‘ അയാള്‍ തുറന്നടിച്ചു. ബന്ധുക്കളെല്ലാം കൂടെ യുവതിയെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തുകൊണ്ടുപോയാണ് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിച്ചത്. സ്വന്തം കഴിവുകേടുമറയ്ക്കാന്‍ ഭാര്യയുടെ മേല്‍ പഴിചാരി തടിയൂരാനായിരുന്നു ശ്രമം.
സെക്‌സില്‍ സ്ത്രീകളുടെ മാറിയ താത്പര്യം എന്താണെന്ന് അറിയുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിവാഹം കഴിഞ്ഞ് ആദ്യദിവസം തന്നെ സെക്‌സ് ഉണ്ടായില്ലെങ്കില്‍ ഇമേജ് തകരുമെന്ന് വിശ്വസിക്കുന്നവര്‍ തന്നെയാണ് കൂടുതലും.
പ്രായം കൂടിയെന്ന് ആരുപറഞ്ഞു
സ്ത്രീകള്‍ക്ക് പ്രായം കൂടുമ്പോള്‍ സെക്‌സില്‍ താത്പര്യം കുറയുമെന്നായിരുന്നു പുരുഷന്റെ പല്ലവി. പക്ഷേ സമൂഹത്തിന്റെ ഈ കാഴ്ചപ്പാടുതന്നെ തെറ്റാണെന്ന് പറയുന്നു കൊല്ലത്തെ ഫാമിലി കൗണ്‍സിലര്‍ കല ഷിബു.’പ്രായമുള്ള സ്ത്രീകള്‍ പയ്യന്‍മാരുമായി അടുപ്പം സ്ഥാപിക്കുന്നത് സെക്‌സ് മോഹിച്ചാണ്. സ്‌നേഹത്തിനായാണ് അന്യബന്ധത്തിലേക്ക് പോവുന്നതെന്ന വാദം അസംബന്ധമാണ്. ഏതുപ്രായത്തിലും സ്ത്രീയുടെ മനസ്സില്‍ സെക്‌സ് ചിന്തയുണ്ടാവും. പലരും അത്പ്രകടിപ്പിക്കില്ല. ലൈംഗികമോഹങ്ങള്‍ അമര്‍ത്തിവെക്കുമ്പോള്‍ മാനസിക-ശാരീരിക അസ്വസ്ഥതകള്‍ വരാം.’
സംതൃപ്തമല്ലാത്ത ദാമ്പത്യം ഉപേക്ഷിച്ച് പുതിയ തുരുത്തുകളില്‍ വീണുപോവുന്നുണ്ട് ചില സ്ത്രീ കളെങ്കിലും. ‘ഭര്‍ത്താവെന്ന ലേബല്‍ ഇല്ലാതെയും ജീവിക്കാമെന്ന ചങ്കൂറ്റം പലരിലുമുണ്ട്. അതുകൊണ്ടാണ് ലൈംഗികതയില്‍ അവര്‍ കൂടുതല്‍ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നതും.’കല ഷിബു അഭിപ്രായപ്പെടുന്നു.അപ്പോള്‍ രതിയില്‍ സ്‌നേഹത്തിനും പ്രണയത്തിനുമൊന്നും സ്ഥാനമില്ലാതായി എന്നാണോ? ‘അതുണ്ട്. മിക്ക സ്ത്രീകളും ലൈംഗികതയില്‍ പ്രണയവും വിശ്വാസവുമൊക്കെ പ്രധാനമാണെന്ന് കരുതുന്നു. അതിനായണ്ടി ശരീരം സമര്‍പ്പിക്കുന്നു.’
അവളൊരു പരാതിക്കാരിയോ
എന്റെ ഭര്‍ത്താവ് എന്നെ ഭോഗിക്കുമ്പോള്‍ ഭോഗാനന്തരം അദ്ദേഹം എന്നെ തന്റെ കരവലയത്തില്‍ സൂക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ മുഖത്തുതലോടുകയോ വയറ്റത്തു കൈവെക്കുകയോ ചെയ്തിരുന്നെങ്കില്‍, ഓരോ സംഭോഗക്രിയക്കുശേഷവും ഞാന്‍ അനുഭവിച്ച നിരാകരണബോധം അത്രതന്നെ എനിക്ക് അനുഭവപ്പെടുമായിരുന്നില്ല.’-മാധവിക്കുട്ടി.
കഥാകാരി ‘എന്റെ കഥ’യില്‍ വരച്ചുവെച്ച ഈ സ്ത്രീമനസ്സ് ഇപ്പോള്‍ പലരുടെയും ഉള്ളില്‍ നിന്ന് പുറത്തേക്ക് ചാടുന്നുണ്ട്. പുരുഷന്‍ തരുന്നതെല്ലാം അവസാന വാക്കല്ലെന്ന് പുതിയ സ്ത്രീകള്‍ ചിന്തിക്കുന്നു. പങ്കാളിയുടെ പാരമ്പര്യരീതികളെ അവര്‍ ഇഷ്ടപ്പെടുന്നുമില്ല.’പുള്ളിക്ക് എപ്പോഴും ഒരേ മുറി, ഒരേ നേരം, ആര്‍ക്കായാലും ബോറടിക്കില്ലേ’ ഒരു വിവാഹിത ചോദിക്കുന്നു.
മദ്യപിച്ച് രതിയിലേക്ക് എത്തുന്ന പങ്കാളിയെ മിക്ക ഭാര്യമാര്‍ക്കും വെറുപ്പാണ്. അത് പുരുഷന് നേരെയുള്ള പരാതിയായി മാറുന്നു. ആഴ്ചയിലൊരിക്കല്‍ കണ്ടുമുട്ടുന്ന ഭാര്യയും ഭര്‍ത്താവും, കോഴിക്കോട്ടുകാരാണ്. രണ്ട് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ വരുന്ന ഭര്‍ത്താവ് മൂഡുണ്ടാക്കാനായി മദ്യപിക്കും. ഒരാഴ്ച വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന ഭാര്യ നിരാശയോടെ കിടപ്പറയില്‍ മുഖം പൂഴ്ത്തും. പങ്കാളിയുടെ ശാരീരികബലഹീനതകളെക്കുറിച്ചും സ്ത്രീക്ക് പരാതിയുണ്ട്. ഡോ.പ്രമോദ് പറയുന്നു. ‘കുറെക്കാലമായി ഭര്‍ത്താവിന് ഉദ്ധാരണപ്രശ് നമുണ്ടെന്ന് പറയുന്നവരെ കാണാറുണ്ട്. എങ്കിലും എന്റെ ശരീരത്തിലൊന്ന് തൊടാം, തലോടാം, സ്‌നേഹം പ്രകടിപ്പിക്കാം. അതിന് ഇയാള്‍ക്കെന്താ കുഴപ്പം എന്നു ചോദിക്കുന്നവരാണ് അവര്‍. ആ ലാളന കൂടെ ഇല്ലാതാവുമ്പോള്‍ അവര്‍ അസ്വസ്ഥയാവുന്നു’.
തിരകളും ചുഴികളും നിറഞ്ഞ കടലാണ് സ്ത്രീ ശരീരം. അതിലെ പുതിയ പ്രകമ്പനങ്ങള്‍ക്കുമുന്നില്‍ പുരുഷന്‍ സംശയിച്ചുനില്‍ക്കണോ? ഡോ. രഘുറാം നിര്‍ദേശിക്കുന്ന പരിഹാരം ഇതാ. ‘സ്ത്രീകള്‍ മുന്‍കൈയെടുക്കുന്നത് ലൈംഗികതയില്‍ പുരോഗതി ഉണ്ടാക്കും. ഭാര്യ സെക്‌സ് ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കതില്‍ താത്പര്യം ഉണ്ടെന്നും സ്‌നേഹം ഉണ്ടെന്നുമാണല്ലോ കാണിക്കുന്നത്. അതുകൊണ്ട് സ്ത്രീകളുടെ ഈ മുന്നേറ്റം പുരുഷന്‍ ആഹ്ലാദത്തോടെ സ്വീകരിക്കട്ടെ’.
BY mathrubhumi.com/mb4eves/online/malayalam/kerala/women/articles/intimacy-article-547579
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ