ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ എന്ന്ഞാന്‍ സെക്സിന് തയ്യാറാണോ എന്ന ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്തിരുന്നു.
കമിതാവുമായുളള ബന്ധം ആരോഗ്യകരമാണോ എന്ന് എങ്ങനെ പരിശോധിക്കാം. താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ.
തുല്യരായാണോ നിങ്ങള്‍ പരസ്പരം പരിഗണിക്കപ്പെടുന്നത്?
പരസ്പരം നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ?
പരസ്പരം നിങ്ങള്‍ സത്യസന്ധരാണോ?
പങ്കാളിയുടെ വിശ്വാസങ്ങളെയും ചിന്തയെയും ആദരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ?
പങ്കാളിയുടെ സന്തോഷം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
സമാനമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുന്നവരാണോ നിങ്ങള്‍?
കൊച്ചുകൊച്ച് തമാശകളും പൊട്ടിച്ചിരിയും നിറഞ്ഞതാണോ നിങ്ങളുടെ ഒത്തുചേരലുകള്‍?
പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാണോ?
സെക്സിലേര്‍പ്പെടാനുളളത്ര വളര്‍ച്ച നിങ്ങളുടെ ബന്ധത്തിനുണ്ടെന്ന് ഇരുവരും കരുതുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ ഇരുവര്‍ക്കും മുന്നോട്ടു പോകാം.
എല്ലാ മനുഷ്യനും ലൈംഗികചോദനയുണ്ട്. എങ്കിലും എപ്പോഴും സെക്സ് വേണമെന്ന് ആരും ആഗ്രഹിക്കാറുമില്ല. എപ്പോള്‍ സെക്സിലേര്‍പ്പെടണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ലെങ്കിലും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനമെടുത്താല്‍ തെറ്റ് പറ്റാനുളള സാധ്യത കുറഞ്ഞിരിക്കും.
ഏറ്റവും അടുത്ത ബന്ധമുളള സുഹൃത്തിനോടോ ബന്ധുവിനോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനുമായി പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാം.
പലഘടകങ്ങള്‍ ചേരുമ്പോഴാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകുന്നത്. നിങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍പരമായ ലക്ഷ്യങ്ങള്‍, മറ്റുളളവരുമായുളള നല്ല ബന്ധം, സ്വാഭിമാനം എന്നിവയെ സെക്സ് ദോഷകരമായി ബാധിക്കുമെങ്കില്‍ അതെങ്ങനെയാണ് ആരോഗ്യകരമായ ലൈംഗിക ജീവിതമാകുന്നത്?
വൈകാരികമായ കരുതലുകള്സംഭോഗം നടന്നാലുമില്ലെങ്കിലും സെക്സ് ആസ്വാദ്യകരമായ അനുഭൂതിയാണ്. എന്നാല്‍ സെക്സ് എങ്ങനെയാണ് ബന്ധങ്ങളെ വഷളാക്കുന്നത്? ബന്ധങ്ങള്‍ തകര്‍ക്കുന്ന വില്ലനായി സെക്സ് രൂപം മാറുന്നതെപ്പോഴാണ്?
സെക്സിലേര്‍പ്പെട്ടതിനു ശേഷം നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി തോന്നുമോ? ഉവ്വെങ്കില്‍ എന്തുമാറ്റമാണ് ഉണ്ടാവുക?
സംഭോഗാനന്തരം നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?
സെക്സിനു ശേഷം പങ്കാളിയില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? കിട്ടിയില്ലെങ്കില്‍ എങ്ങനെയാണ് അത് നിങ്ങളെ ബാധിക്കുക?
പ്രതീക്ഷിച്ച അനുഭൂതിയല്ല സെക്സില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം?
സെക്സിലേര്‍പ്പെടുന്നതോടെ നിങ്ങളുടെ ബന്ധം തകര്‍ന്നാല്‍ ആ സാഹചര്യം എങ്ങനെയാണ് നേരിടുന്നത്?
സെക്സിലേര്‍പ്പെന്നതിന്റെ ഭാഗമായി കുടുംബവും സുഹൃത്തുക്കളുമായുളള നിങ്ങളുടെ ബന്ധം തകരാനിടയായാല്‍ എന്തു ചെയ്യും?
ഇത്തരം വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യസെക്സിന് നിങ്ങള്‍ ഇനിയുമേറെ സമയം കാത്തിരിക്കേണ്ടതുണ്ട്.
സമ്മര്‍ദ്ദങ്ങള്‍
സുഹൃത് വലയത്തില്‍ നിങ്ങളുടെ പ്രായത്തിലുളള എല്ലാവരും ലൈംഗികജീവിതം അറിഞ്ഞിട്ടുളളവരും നിങ്ങള്‍ക്ക് ആ അനുഭവം ഇല്ലെന്നും കരുതുക. സുഹൃത്തുക്കളുടെ അനുഭവകഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അതൊന്നറിയണമെന്ന ആഗ്രഹം സ്വാഭാവികം മാത്രമാണ്.
ഈ സമ്മര്‍ദ്ദം നിങ്ങള്‍ എങ്ങനെയാണ് കണക്കിലെടുക്കുക. ഇനി പറയുന്ന കാര്യങ്ങള്‍ സംഭോഗത്തിലേര്‍പ്പെടാന്‍ വേണ്ട കാരണങ്ങളായി നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സുഹൃത്തുക്കള്‍ക്കിടയില്‍ കന്യക നിങ്ങള്‍ മാത്രമാണെന്ന അറിവ് നിങ്ങളെ അലട്ടുന്നുണ്ടോ?
സെക്സ് എന്തെന്നറിയാനുളള ആഗ്രഹം വല്ലാതെ മനസിലുയരുന്നുണ്ടോ?
നിങ്ങള്‍ക്കും ലൈംഗികാനുഭവമുണ്ടെന്ന് വരുമ്പോള്‍ സൗഹൃദസംഘത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ?
സെക്സിലേര്‍പ്പെട്ടില്ലെങ്കില്‍ പങ്കാളി നിങ്ങളെ ഉപേക്ഷിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
സെക്സിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കൂടുതല്‍ മുതിര്‍ന്നുവെന്ന ബോധം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തികച്ചും നെഗറ്റീവായ ഈ കാരണങ്ങളേതെങ്കിലും നിങ്ങളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയം ആയിട്ടില്ല എന്നാണ് അര്‍ത്ഥം.
കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നോ?
സെക്സിനെക്കുറിച്ച് നിങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതും നിങ്ങളുടെ പങ്കാളി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സെക്സിലെത്തുന്നതിനു മുമ്പു തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി പരസ്പരം അറിഞ്ഞിരിക്കണം.
പറയുന്നതു പോലെ എളുപ്പമല്ല ഇത്. ആകസ്മികമായി സംഭവിക്കേണ്ടതാണ് സെക്സ് എന്ന ധാരണ വെച്ചു പുലര്‍ത്തുന്നുവെങ്കില്‍ പ്രത്യേകിച്ചും.
സത്യത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണ ബന്ധത്തിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. പങ്കാളിക്ക് ഒരിക്കലും നിങ്ങളുടെ മനസ് വായിക്കാന്‍ കഴിയില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുകയും അത് ആദരിക്കപ്പെടുന്നുവെന്നും പരിഗണിക്കപ്പെടുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.
അതു ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ് ചോദ്യം.
ഇത്തരം കാര്യങ്ങളെക്കുറിച്ച്, അതായത് സുരക്ഷിതമായ സെക്സിനെക്കുറിച്ചും ജനനനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചുമൊക്കെ പങ്കാളിയുമായി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് സങ്കോചമുണ്ടോ?
ഏതെങ്കിലും ലഹരി ഉപയോഗിച്ചിരുന്നെങ്കില്‍ ഈ വിഷയങ്ങള്‍ കുറേക്കൂടി ആയാസരഹിതമായി സംസാരിക്കാമെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ?
അരുത് എന്ന് പങ്കാളിയോട് എപ്പോള്‍ എങ്ങനെ പറയുമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് അജ്ഞതയുണ്ടോ?
അരുത് എന്ന് പറഞ്ഞാല്‍ പങ്കാളി വിഷമിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
ഏതു തരത്തിലുളള ലൈംഗിക ബന്ധമാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന കാര്യം തുറന്നു പറഞ്ഞാല്‍ പങ്കാളി എന്തുകരുതുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
ലൈംഗികബന്ധത്തില്‍ എന്ത് ഇഷ്ടപ്പെടുന്നുവെന്നും എന്ത് ഇഷ്ടപ്പെടുന്നില്ലെന്നും പങ്കാളിയോട് തുറന്നു പറയാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടോ?
ഇത്തരം കാര്യങ്ങള്‍ പങ്കാളിയുമായി തുറന്നു ചര്‍ച്ച ചെയ്യുന്നതില്‍ വൈമുഖ്യം നേരിടുന്നുവെങ്കില്‍ ആദ്യ സെക്സിന് ഇനിയും കാത്തിരിക്കണം.
ഗര്‍ഭം, ലൈംഗികമായി സംക്രമിക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരസ്പരം സംസാരിക്കാവുന്ന അടുപ്പമില്ലെങ്കില്‍ ലൈംഗികബന്ധത്തിന് സമയമായിട്ടില്ല. ഏത് തരം സെക്സില്‍ ഏര്‍പ്പെടുംമുമ്പ് വരുംവരായ്കകളെക്കുറിച്ച് തുറന്നു സംസാരിക്കാനുളള അടുപ്പം പങ്കാളിയുമായി ഉണ്ടാക്കിയിരിക്കണം. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് പിന്നെ തുറന്നു പറച്ചിലുകള്‍ക്കൊന്നും വലിയ കാര്യമില്ലെന്നും തിരിച്ചറിയണം.
ആകസ്മികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനിടയായാല്‍ പോലും ഏതേത് മുന്‍കരുതലുകളെടുക്കണം എന്ന കാര്യത്തെക്കുറിച്ചു പോലും മുന്‍ധാരണയുണ്ടാകുന്നത് നല്ലതാണ്.
ശാരീരികമായ പ്രതിസന്ധികള്‍
ബന്ധം അര്‍ത്ഥപൂര്‍ണവും ആഴമേറിയതുമാക്കുന്നതില്‍ സെക്സിന് പരമപ്രാധാന്യമുണ്ട്. എന്നാല്‍ ശാരീരികമായ രണ്ട് പ്രതിബന്ധങ്ങളും സെക്സ് സൃഷ്ടിക്കും. ലൈംഗിക രോഗങ്ങളും അപ്രതീക്ഷിതമായ ഗര്‍ഭവും. ഈ വിഷയവും കമിതാക്കള്‍ ശ്രദ്ധിച്ചിരിക്കേണ്ടതു തന്നെ.
താഴെ ചൂണ്ടിക്കാണിച്ചിരിക്കുന്നവ നിങ്ങളെ ഉദ്ദേശിച്ചാണോ എന്ന് നോക്കൂ...
1. സുരക്ഷിതമായ സെക്സിനെക്കുറിച്ച് എനിക്ക് ധാരണയുളളതിനാല്‍ രോഗബാധയെക്കുറിച്ച് ഭീതിയില്ല.
2.എന്റെ കൈവശം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉണ്ട്. അവ ഉപയോഗിക്കുന്നതെങ്ങനെയെന്നും എനിക്കറിയാം.
3.ഗര്‍ഭമുണ്ടാകാതിരിക്കാന്‍ എന്തുവേണമെന്ന് എനിക്കറിയാം.
4.സന്താനനിയന്ത്രണോപാധികളെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. അവ എങ്ങനെ ഉപയോഗിക്കണമെന്നും.
5. അണുബാധയോ അനവസരത്തിലുളള ഗര്‍ഭമോ ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാം.
6. അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചാല്‍ പങ്കാളി അത് എങ്ങനെ ഉള്‍ക്കൊളളുമെന്ന് എനിക്കറിയാം.
7. വരുംവരായ്കകളെക്കുറിച്ചോര്‍ക്കാതെ ലൈംഗികബന്ധം പുലര്‍ത്തിയാല്‍, ലൈംഗിക രോഗബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ മടിയില്ല.
8. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പങ്കാളിയുമായി തുറന്ന ചര്‍ച്ച നടത്തിയിട്ടുണ്ട്.
സ്വയം പ്രതിരോധിക്കാന്‍ അറിയുമെങ്കില്‍ മാത്രമേ വിവാഹപൂര്‍വ രതിയ്ക്ക് മുതിരാവൂ എന്ന് വ്യക്തമല്ലേ. ശാരീരികമായി ഉണ്ടാകാനിടയുളള പ്രശ്നങ്ങളെ നേരിടാനുളള കരുത്തും വേണമെന്നര്‍ത്ഥം.
ജനന നിയന്ത്രണത്തിനും അണുബാധ തടയുന്നതിനും ഏറ്റവും സുരക്ഷിതമായ മാര്‍ഗം കോണ്ടം ഉപയോഗിക്കുന്നതാണെന്നും അറിഞ്ഞിരിക്കണം. ഗര്‍ഭനിരോധന ഉറകളൊന്നും ഉപയോഗിക്കാതെയുളള സെക്സിനാണ് പങ്കാളി ആഗ്രഹിക്കുന്നതെങ്കില്‍ അപകട സൂചന മണത്ത് പിന്മാറുക.
ആരോഗ്യകരവും ചുമതലാബോധവുമുളള ബന്ധത്തിന് സെക്സ് അവശ്യഘടകമാണ്. എന്നാല്‍ സെക്സ് കൂടിയേ തീരൂ എന്ന് നിര്‍ബന്ധവുമില്ല. താന്‍ സെക്സിന് സന്നദ്ധയാണോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഓരോരുത്തരുമാണ്. സമയമെടുത്ത് മേല്‍പറഞ്ഞ കാര്യങ്ങള്‍ ശാന്തമായ മനസോടെ ആലോചിച്ചുറപ്പിക്കുക. അവശ്യം കാര്യങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കുക. എന്നിട്ട് സ്വയം തീരുമാനിക്കുക.
"ഞാന്‍ സെക്സിന് തയ്യാറാണോ?"
സൗഹൃദമോ പ്രണയമോ സെക്സിലേയ്ക്ക് വഴിമാറി വീഴുന്നത് ഇക്കാലത്ത് അസംഭവ്യമല്ല. പ്രണയവും സൗഹൃദവും ലൈംഗിക ചൂഷണത്തിന് ഉപാധിയാക്കുന്നവരുമുണ്ട്. ആഴമേറിയ പ്രണയം വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ കലാശിക്കുക എന്നതും അത്ര വലിയ സംഭവമല്ല ഇക്കാലത്ത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ ലൈംഗികബന്ധത്തിന് പ്രാപ്തനാണോ എന്ന് എങ്ങനെ വിലയിരുത്താം?
ബന്ധങ്ങള്‍ വളരുമ്പോള്‍ ഒരുപക്ഷേ, എവിടെയെങ്കിലും ഒരു ഘട്ടത്തില്‍ വെച്ച് നിങ്ങളും ലൈംഗിക ബന്ധത്തെക്കുറിച്ച് ആലോചിച്ചേക്കാം. വിവാഹത്തിനു മുമ്പു തന്നെ. വേണമോ വേണ്ടയോ എന്ന ചിന്ത വല്ലാത്ത മാനസിക സംഘര്‍ഷവുമുണ്ടാക്കിയേക്കാം. സ്വന്തം വ്യക്തിത്വത്തെ അളക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാം.
ആദ്യത്തെ ലൈംഗിക ബന്ധം എന്നത് വളരെ സൂക്ഷിച്ച് മുന്നോട്ടുവെയ്ക്കേണ്ട ഒരു ചവിട്ടുപടിയാണ്. ഊഷ്മളവും സുദൃഢവുമായ ഒരു ഹൃദയബന്ധത്തിന് അത് കാരണമായേക്കാം. ബന്ധം തകരാനും തീരാത്ത അപമാനത്തിനും തോരാത്ത കണ്ണീരിനും അത് കാരണമായിക്കൂടെന്നുമില്ല. അതുകൊണ്ടു തന്നെ സൂക്ഷിച്ചേ മതിയാകൂ. ഒരിക്കല്‍ നഷ്ടപ്പെട്ട കന്യകാത്വം പിന്നെ തിരികെ കിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.
ബന്ധങ്ങളെ തകര്‍ക്കാനും നിലനിര്‍ത്താനും സെക്സിന് ശേഷിയുണ്ട്. അതുകൊണ്ടു തന്നെ ഈ തീരുമാനം വളരെ നിര്‍ണായകവുമാണ്. വളരെ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കാവൂ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതും അതുകൊണ്ടാണ്.
സ്വന്തം മൂല്യങ്ങളെ വിലമതിക്കുക.
സെക്സ് വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിന് ആദ്യം ആലോചനാവിഷയമാക്കേണ്ടത് സ്വന്തം മൂല്യങ്ങളെയാണ്. കേട്ടും അറിഞ്ഞും മനസിലാക്കിയും ലൈംഗികതയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായിരിക്കും. മതവിശ്വാസവും, കുടുംബാന്തരീക്ഷവും സദാചാരബോധവുമെല്ലാം ആ അഭിപ്രായം സ്വരൂപിക്കുന്നതില്‍ പ്രധാനമായ പങ്കു വഹിക്കുന്നുണ്ടാകും. വിവാഹപൂര്‍വ ലൈംഗികത പാപമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ ഏത് സമ്മര്‍ദ്ദത്തിലും ആ വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ വേണം.
ആദ്യ സെക്സിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ ഏതെല്ലാം മൂല്യങ്ങള്‍ പരിഗണിക്കണം? ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി നോക്കാം. ഇനി പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ...
1. ആഴമേറിയ ഹൃദയബന്ധം നിലനിര്‍ത്തുന്നതിന് സെക്സ് അനിവാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
2.സെക്സിനെക്കുറിച്ചുളള നിങ്ങളുടെ ധാര്‍മ്മിക വീക്ഷണമെന്താണ്? എന്താണ് ഇതേക്കുറിച്ച് നിങ്ങളുടെ കുടുംബത്തിന്റെ കാഴ്ചപ്പാട്?
3.നിങ്ങള്‍ മതവിശ്വാസിയാണെങ്കില്‍, സെക്സിനെക്കുറിച്ച് ആ മതം എന്താണ് നിഷ്കര്‍ഷിക്കുന്നതെന്ന് അറിയാമോ? ഈ നിഷ്കര്‍ഷയ്ക്ക് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടോ?
4. കമിതാവുമായി സെക്സാകാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
നിങ്ങളുടെ വിശ്വാസവും സെക്സും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയമായില്ല എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രവൃത്തി മൂല്യബോധവുമായി പൊരുത്തപ്പെടുന്നതു വരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്.
വ്യക്തിത്വവും ലക്ഷ്യങ്ങളും
എവിടെത്തിരിഞ്ഞാലും ലൈംഗികതയുടെ അതിപ്രസരമാണ് ഇപ്പോള്‍. ടെലിവിഷനില്‍, ഇന്റര്‍നെറ്റില്‍, പുസ്തകങ്ങളിലൊക്കെ ലൈംഗികമയമാണ് കാര്യങ്ങള്‍. സംഗീതവും നൃത്തവും സെക്സില്‍ നിന്നും മുക്തമല്ല. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള പരസ്യങ്ങളിലും പ്രധാനഇനം സെക്സും സെക്സ് ബിംബങ്ങളുമാണ്. ഇതെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സെക്സിനുളള പ്രേരണ ജ്വലിപ്പിക്കും.
ഇതിനടിപ്പെടണോ വേണ്ടയോ എന്നത് വലിയ ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ.
1. സെക്സിനെക്കുറിച്ച് നിങ്ങളുടെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന സന്ദേശമെന്താണ്?
2. നിങ്ങളുടെ ഭാവി ജീവിതത്തെ സെക്സ് എങ്ങനെയാണ് സ്വാധീനിക്കുന്നത്? തൊഴിലിലോ പഠനത്തിലോ നിങ്ങള്‍ എത്തിച്ചേരാനാഗ്രഹിക്കുന്ന ഉയരത്തിലെത്തുന്നതിനെ നിങ്ങളുടെ ആദ്യസെക്സ് എങ്ങനെ ബാധിക്കും?
3. സെക്സിനെക്കുറിച്ച് നിങ്ങളുടെ ആത്മീയമോ മതപരമോ ധാര്‍മ്മികമോ ആയ വീക്ഷണങ്ങള്‍ എന്താണ്?
4. ചുമതലാബോധമുളള ഒരു പങ്കാളിയുമായാണ് സെക്സിലേര്‍പ്പെടേണ്ടത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
വ്യക്തിപരമായ വീക്ഷണങ്ങളുടെയും ലക്ഷ്യങ്ങളുടെയും വിരുദ്ധധ്രുവത്തിലാണ് ആദ്യ സെക്സ് എന്ന അനുഭവം നില്‍ക്കുന്നതെങ്കില്‍ അതിനു മുതിരാതിരിക്കുക.
പങ്കാളിയുമായുളള ബന്ധം പരിശോധിക്കണം
ലൈംഗികതയെക്കുറിച്ച് നിങ്ങള്‍ക്കും പങ്കാളിക്കും സമാനമായ വീക്ഷണമാണോ എന്ന് പരിശോധിക്കണം. ലൈംഗികതയെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ പോലുമാകുന്നില്ലെങ്കില്‍ സെക്സിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.
പങ്കാളികളില്‍ ഒരാള്‍ സെക്സ് ആഗ്രഹിക്കുകയും മറ്റെയാള്‍ അതിനു തയ്യാറല്ലാതെയുമിരുന്നാലോ! കരഞ്ഞും കാലുപിടിച്ചും മുഖം വീര്‍പ്പിച്ചും കാര്യം സാധിക്കാന്‍ പല കാമുകന്മാരും വിരുതന്മാരുമാണ്. എന്നാല്‍ കാര്യം നടന്നു കഴിയുമ്പോള്‍ പിന്നെ കണ്ടഭാവം പോലും കാണിക്കാതെ തിരിഞ്ഞു നടക്കുകയും ചെയ്യും. വഞ്ചിക്കപ്പെടാനുളള ചെറിയ സാധ്യതകള്‍ പോലും ഒഴിവാക്കണം.
ആദ്യ സെക്സിലേര്‍പ്പെടാന്‍ സ്ത്രീ വിമുഖയാകുന്നതിന് മേല്‍പറഞ്ഞ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാകാം. അവയ്ക്ക് ചെവി കൊടുക്കാനോ അത് മനസിലാക്കാനോ കാമുകന്‍ തയ്യാറാല്ലെങ്കില്‍ ആ ബന്ധം അപ്പോള്‍ തന്നെ വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഒരു ബന്ധവും ശാശ്വതമല്ല. മാത്രമല്ല ആ ബന്ധം എന്നും സംഘര്‍ഷഭരിതവുമായിരിക്കും.
ഇനി രണ്ടുപേര്‍ക്കും സെക്സിന് താല്‍പര്യമുണ്ടെങ്കിലോ. അപ്പോഴും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയ ശേഷമേ പ്രവൃത്തിയിലേയ്ക്ക് കടക്കാവൂ. ആദ്യസെക്സ് തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് രണ്ടുപേര്‍ക്കും ഉത്തരമുണ്ടാവുകയും ഈ ഉത്തരം പരസ്പരം അംഗീകരിക്കപ്പെടുന്നതുമാകണം. സെക്സ് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാം. ബന്ധങ്ങള്‍ വഷളാകാനും സെക്സ് കാരണമാകും.
പരസ്പരമുളള ശ്രദ്ധയും വിശ്വാസവുമാണ് ബന്ധങ്ങളെ സുദൃഢമായിരിക്കുന്നത്. ദൃഢമായ ബന്ധത്തില്‍ സെക്സ് മനോഹരമായ അനുഭവമായിരിക്കും. എന്നാല്‍ സെക്സുളളതു കൊണ്ടു മാത്രം ഒരു ബന്ധവും ദൃഢമാകണമെന്നില്ല.