ഡോ. ഷിംന അസീസ്
സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന് വലിയൊരു തകരാറുണ്ട്. ഭൂരിപക്ഷത്തിനും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന് പറഞ്ഞൊരു സാധനം ബിൽകുൽ നഹീ. മുൻപത്തെ സെന്റൻസ് കണ്ട് നടു നിവർത്തി 'ഹായ്' പറഞ്ഞ് വായിക്കാൻ ഇരുന്നവരോടൊരു വാക്ക്, ലൈംഗികവിദ്യാഭ്യാസം എന്നാൽ എങ്ങനെ ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്ന സംഗതി മാത്രമല്ല. മറിച്ച് മനുഷ്യനിലെ ലൈംഗികാവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും, അടിസ്‌ഥാന പ്രത്യേകതകളെയും കുറിച്ച് അത്യാവശ്യമായ അറിവ് നൽകൽ കൂടിയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ നമ്മളെല്ലാം കാറിപ്പൊളിച്ച് കരഞ്ഞോണ്ട് ഇറങ്ങി വന്ന യോനി അഥവാ വജൈന എന്ന പാതയെക്കുറിച്ച് വല്ല പിടിയുമുണ്ടോ? #SecondOpinion ഇന്ന് ആ പാതയുടെ പ്രാധാന്യമാണ് വിവരിക്കുന്നത്.
'ഇതൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു, ഞങ്ങൾ തപ്പി കണ്ടു പിടിക്കൂലേ' എന്ന് കൊനിഷ്‌ട് ചിന്തിക്കുന്നവരോട് ഒരു വാക്ക് - പങ്കാളിക്ക് മാത്രമല്ല, സ്വന്തം ശരീരത്തിൽ എന്തിനാണ് ഇങ്ങനെയൊരു ദ്വാരമെന്ന് ഒരു തരം ദാരുണമായ നാണത്തോടെയോ അറപ്പോടെയോ അറിയാൻ ശ്രമിക്കാത്ത സ്‌ത്രീകളുണ്ട്. ലൈംഗികതയെക്കുറിച്ച് കേൾക്കുന്നത് പോലും പാപമെന്ന് കരുതുന്ന 'വിദ്യാസമ്പന്നർ' 2018ലും യഥേഷ്‌ടമുണ്ട്. വിവാഹപൂർവ്വ / വിവാഹശേഷമുള്ള ജീവിതത്തിൽ ഈ വിവരക്കേടുകൾ ഉണ്ടാക്കുന്ന സ്വൈര്യക്കേടുകൾ ചെറുതല്ല. അതിശയോക്‌തിയെന്ന് കരുതരുത്, മോൾ മൂത്രമൊഴിക്കുമ്പോൾ യോനിയിലൂടെയും മൂത്രം വരുന്നു എന്ന് പറഞ്ഞ അമ്മയേയും ബന്ധപ്പെടുമ്പോൾ മൂത്രം പുറത്ത് വരും എന്ന് പേടിച്ച് വിവാഹശേഷം മാസങ്ങളോളം ഭർത്താവിന് ലൈംഗികബന്ധം നിഷേധിച്ച ഭാര്യയേയും മൂത്രനാളിക്കകത്തേക്ക് ലിംഗം കയറ്റാൻ ശ്രമിച്ച് മടുത്ത് 'I quit' എന്നുരുവിട്ട ദമ്പതികളേയും അറിയാം.
ലാബിയ മേജോറ, ലേബിയ മൈനോറ എന്നീ പേശികൾ മൃദുവായ വാതിലുകൾ പോലെ നിന്ന് സംരക്ഷണം നൽകിയാണ് മൂത്രനാളിയും യോനിയും സ്‌ത്രീകളിൽ ഫിറ്റ് ചെയ്തിട്ടുള്ളത്. ഇതിനു മുകൾഭാഗത്തായി കൃസരി അഥവാ ക്ലിറ്റോറിസ് എന്ന കുഞ്ഞുമൊട്ട് പോലുള്ള മദ്ധ്യരേഖയിലുള്ള അവയവം പുരുഷൻമാരുടെ ലിംഗത്തിന്റെ ഫീമെയിൽ വേർഷനാണ്. ഉത്തേജനമാണ് പുള്ളിക്കാരിയുടെ പ്രധാന ജോലി. അതിന് താഴെയുള്ള വലിയ പേശീ വാതിലുകൾ അകത്തിയാൽ നടുവിലായി കൃസരിയുടെ താഴെ ആദ്യം കാണുന്ന ചെറിയ ദ്വാരമാണ് മൂത്രം വരുന്ന യുറേത്ര / മൂത്രനാളി. അതിന് താഴെ ഇലാസ്‌തികതയുള്ള അൽപം വലിയ ദ്വാരമാണ് യോനി. യോനിക്കും കുറച്ച് താഴെയായി കാണുന്നത് മലദ്വാരം. ഇതിൽ മൂത്രനാളി മൂത്രാശയത്തിലേക്കും, യോനി ഗർഭപാത്രത്തിലേക്കും, മലദ്വാരം മലാശയത്തിലേക്കും ഡയറക്‌ട് കണക്ഷൻ മേടിച്ചിരിപ്പാണ്. ഈ മൂന്ന് അവയവങ്ങളും ഏതാണ്ട് സമാന്തരമായാണ് അടിവയറിനകത്ത് സ്‌ഥിതി ചെയ്യുന്നതും. സാധാരണ ഗതിയിൽ മൂത്രമോ യോനിയിലെ സ്രവങ്ങളോ മലമോ ഒരിക്കലും തമ്മിൽ ചേരുകയോ മറുദ്വാരത്തിലൂടെ പുറത്ത് വരികയോ ഇല്ല.
ബന്ധപ്പെടുന്ന സമയത്ത് നനവുണ്ടാക്കുന്നതിൽ പങ്കുള്ള ബാർത്തോലിൻസ് ഗ്രന്ഥികൾ, യോനിയിലേക്ക് കടന്നാലുടൻ തന്നെയുണ്ടായേക്കാവുന്ന കന്യാചർമ്മം എന്ന ഹൈമൻ തുടങ്ങിയവയും യോനീപരിസരത്തുണ്ട്. കന്യാചർമ്മത്തിന്റെ കാര്യത്തിൽ അതിനെ സദാചാരത്തിന്റെ ISI മാർക്കായൊന്നും എടുക്കേണ്ടതില്ല. ആദ്യം ബന്ധപ്പെടുമ്പോൾ രക്‌തം കണ്ടില്ലെങ്കിൽ വല്ല സ്‌പോർട്‌സ് / ഡാൻസ് ഒക്കെയായി അത് പൊട്ടിയതാകാം എന്ന് മനസ്സിലാക്കുക. അതില്ലാത്തത് ഒരു അന്താരാഷ്ട്ര വിഷയമാക്കുകയും വേണ്ട.
മാസമുറ വരാനുള്ള വഴി, ലൈംഗിക ആസ്വാദനം, പ്രസവം എന്നിവയാണ് യോനിയുടെ പ്രധാന ധർമ്മങ്ങൾ. ഒരു കുഞ്ഞിനെ മുഴുവൻ ഉൾക്കൊള്ളാൻ മാത്രം ഇലാസ്‌തികയും ഇതിനുണ്ട്. ചില പുരുഷൻമാരുടെയെങ്കിലും ധാരണ പോലെ യോനീമുഖം മുതൽ അങ്ങേയറ്റത്ത് ഗർഭാശയത്തിന്റെ താഴേ അറ്റമായ സെർവിക്‌സ് വരെയൊന്നും യോനിക്ക് അകത്ത് ആസ്വാദനം വിളിച്ചോതുന്ന ഞരമ്പുകളില്ല. സ്‌ത്രീകളുടെ ലൈംഗികാവയവം കാലുകൾക്കിടയിലല്ല, ചെവികൾക്കിടയിലെ തലച്ചോറാണ്. അത് കൊണ്ട് തന്നെ മാനസികാനുഭൂതി തേടുന്ന പെണ്ണിന് വേണ്ടി ലിംഗത്തിന്റെ 'നീളം വർദ്ധിപ്പിക്കൽ' എന്ന് കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട് പൊടിയും സ്‌പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത് വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക. അതിന് കൊടുക്കുന്ന കാശിന് എന്തോരം പുട്ടും കടലേം കഴിക്കാം ! നിങ്ങളുടെ ആത്മവിശ്വാസവും സ്നേഹവുമാണ് നിങ്ങളുടെ ലൈംഗികജീവിതത്തിന് യഥാർത്ഥ നിറം പകരുന്നത്.
പല തരം സ്രവങ്ങൾ ഉണ്ടാകുന്ന വജൈനക്ക് ഒരു സ്വാഭാവികമായ ഗന്ധമുണ്ട്. അതിൽ അറയ്‌ക്കാൻ യാതൊന്നുമില്ല. ജനിച്ചയുടനുള്ള കുറച്ച് ദിവസം അമ്മയുടെ ശരീരത്തിലെ ഈസ്‌ട്രജൻ ഹോർമോണിന്റെ പ്രഭാവത്താൽ പെൺകുഞ്ഞുവാവക്ക് ഇത്തരം സ്രവങ്ങൾ ഉണ്ടാവുക സ്വാഭാവികം. പിന്നെയൊരു ഇടവേളയ്ക്ക് ശേഷം ഇതുണ്ടാകുന്നത് ആർത്തവാരംഭം മുതൽ ആർത്തവവിരാമം വരെയാണ്. ആ കാലമത്രയും ഈസ്‌ട്രജൻ 'വാടീ മുത്തേ, നമുക്കവനെ കാത്തു നിൽക്കാം, അർമാദിക്കാം, വേണെങ്കി കൊച്ചിനേം ഉണ്ടാക്കാം ' എന്നോർമ്മിപ്പിച്ച് കൂടെ നിൽക്കും. അയ്‌ന് മുന്നേം പിന്നേം നനവ് നഹീ നഹീ... ഇനിയും കൂടുതൽ വ്യക്തത വേണമെന്നുള്ളവർക്ക് റെഫർ ചെയ്യാനുള്ളത് താഴെ നൽകിയിട്ടുണ്ട്.
യോനിയിൽ നിന്നും എപ്പോഴുമുണ്ടാകുന്ന വൈറ്റ് ഡിസ്‌ചാർജിന് ബസ് സ്‌റ്റാന്റിലും റോഡ്‌സൈഡിലും ഉള്ള പോസ്‌റ്ററുകൾ ഇട്ടിരിക്കുന്ന പേരാണ് 'അസ്‌ഥിയുരുക്കം'. 206 എല്ലുമായി നമ്മളൊക്കെ ജീവിക്കുന്നത് ഈ ചീള് കേസിനൊന്നും എല്ല് ഉരുക്കി യോനിയിലൂടങ്ങ് ഒഴുക്കി കളയാനല്ല. ഗർഭപാത്രത്തിൽ നിന്നും സെർവിക്‌സിൽ നിന്നുമൊന്നും വരുന്ന ഈ സ്രവത്തിന് അസ്‌ഥികളുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, വണ്ണം കുറയുന്നതിനോ കവിളൊട്ടുന്നതിനോ ഒന്നുമിത് കാരണവുമല്ല. ആ സ്രവത്തിന് മങ്ങിയ വെള്ള നിറവും ഒരു സ്‌ഥിരമായ ഗന്ധവുമുണ്ട്. അതിന് പകരം, പച്ച കലർന്ന നിറം/തൈര് പൊലുള്ള രൂപം / രക്‌തം കലരുക തുടങ്ങിയ അവസ്‌ഥകൾ, ചൊറിച്ചിൽ, ദുർഗന്ധം എന്നിവയുണ്ടെങ്കിൽ അത് രോഗമാകാം. എന്നാൽ പോലും അത് എല്ലുരുക്കം / അസ്‌ഥിയുരുക്കമല്ല, ബാക്‌ടീരിയയോ ഫംഗസോ ഉണ്ടാക്കുന്ന രോഗങ്ങളാണ്. നിങ്ങളുടെ ഉള്ളിലുള്ള കിടിലൻ സ്‌ത്രീത്വത്തിന്റെ ഔദ്യോഗിക സ്രവമാണ് ആ വെളുത്ത ഡിസ്‌ചാർജ്. അതിനെ അറപ്പോടെയല്ല നമ്മളയറിയേണ്ടത്, അതിശയത്തോടെയാണ്. അത്രയും മനോഹരിയാണ് പെണ്ണ്... ചുമ്മാ അങ്ങ് അവളെ സ്‌നേഹിക്കെന്നേ...
@http://athmahealth.com/vagina/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ