പ്രസവത്തിനു ശേഷമുള്ള ലൈംഗികത (Postpartum Sex)

അതെ! നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുന്നു; ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിൽ പുതിയ അതിഥിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ദിവസം അവസാനിക്കാറായപ്പോഴോ? ഒന്നു തലചായ്ക്കാനുള്ള അവസരം തേടുകയായിരുന്നു, കുഞ്ഞ് വീണ്ടും നിങ്ങളെ എഴുന്നേൽപ്പിക്കുന്നതുവരെ.

നിങ്ങളുടെ ലൈംഗിക ജീവിതത്തിന് എന്തു സംഭവിച്ചു എന്ന് അത്ഭുതപ്പെടുന്നുണ്ടോ (Wondering what happened to your sex life)?

ലൈംഗികത! കുഞ്ഞു പിറന്ന ശേഷം ഉടനെയുള്ള കാലയളവിൽ ആ വാക്കു തന്നെ നിങ്ങൾക്ക് വളരെ അപരിചിതമായി തോന്നിയേക്കാം. പ്രസവം കഴിഞ്ഞ ശേഷം, കിടക്കയിൽ പങ്കാളിയുമൊത്ത് സ്വകാര്യ നിമിഷങ്ങൾ പങ്കിടുക എന്നത് നിങ്ങളുടെ മനസ്സിലുള്ള അവസാനത്തെ കാര്യമായിരിക്കും. ഹോർമോൺ വ്യതിയാനങ്ങളും അമ്മയായതു മൂലമുള്ള വർദ്ധിച്ച ഉത്തരവാദിത്വങ്ങളും കാരണം ലൈംഗികതയ്ക്ക് മുൻഗണന നൽകാൻ നിങ്ങൾ തയ്യാറായേക്കില്ല.

അപ്പോൾ അതെങ്ങനെ (So, how will it be now)?

ഒരു കാര്യം ഉറപ്പാണ്; അത് വ്യത്യസ്തമായിരിക്കും. ഒൻപതു മാസത്തെ ഗർഭവും അതിനു ശേഷമുള്ള പ്രസവവും എല്ലാം നിങ്ങളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ ലൈംഗികത ആവശ്യമാണോ എന്ന കാര്യത്തിൽ നിങ്ങൾക്ക് അത്ര ഉറപ്പുണ്ടായിരിക്കില്ല; ഹോർമോണുകൾ അതിൽ താല്പര്യവുമുണ്ടാക്കില്ല, നിങ്ങളുടെ യോനി സുഖപ്പെടേണ്ടതും അത്യാവശ്യമാണ്.

എപ്പോൾ അത് സാധ്യമാവും (How soon is it possible)?

മിക്ക ഡോക്ടർമാരും ലൈംഗികബന്ധം പുന:രാരംഭിക്കാൻ കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും കാത്തിരിക്കാനാവും ഉപദേശിക്കുക. സാധ്യമായ എല്ലാ അണുബാധകൾക്കും എതിരെ ഉള്ള ഒരു മുൻകരുതൽ നടപടിയാണിത്. പ്രസവത്തിനു ശേഷം ലൈംഗികബന്ധം ആരംഭിക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരമാവുന്നതാണ് ഉത്തമം.

ഇന്ത്യയിലെ മിക്കയിടങ്ങളിലും അമ്മയെയും കുഞ്ഞിനെയും 40 ദിവസം മാറ്റി പാർപ്പിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് 90 ദിവസം വരെ നീളും. ഇതിന് ചില ശാസ്ത്രീയ വശങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ഏകദേശം 3-8 ആഴ്ചകൾക്ക് ശേഷമാണ് പ്രസവശേഷമുള്ള രക്തസ്രാവം പൂർണമായി നിൽക്കുക. ഏറ്റെടുത്ത വലിയൊരു ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ ഗർഭാശയമുഖത്ത് ഉണ്ടായിരിക്കാവുന്ന പരുക്കുകൾ ഭേദമായി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്നുള്ളതിന്റെയും സൂചനയാണിത്.

കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ബന്ധപ്പെടുമ്പോൾ (What happens when we have sex for the first time after we have our baby)?

കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
മിക്ക സ്ത്രീകൾക്കും ഈ അവസരത്തിൽ വേദന അനുഭവപ്പെടും, സിസേറിയനോ സാധാരണ പ്രസവമോ എന്നുള്ളത് ഇവിടെ പ്രസക്തമല്ല. പ്രസവത്തിനു ശേഷം തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ വേദന അധികരിച്ചേക്കാം. നിങ്ങളുടെ യോനി വരണ്ടതാകാം, പ്രസവത്തിനു ശേഷം മുലയൂട്ടുന്ന അവസരത്തിൽ വരൾച്ച കൂടുതലായി അനുഭവപ്പെടാം. ലൈംഗികബന്ധത്തിൽ യോനീവരൾച്ച ഒരു പ്രതിബന്ധം തന്നെയാണ്. നിങ്ങൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.
വീണ്ടും എപ്പോഴെങ്കിലും ഇതുപോലെ സംഭവിക്കുമോ (Will it happen ever again)?
മനസ്സു പുണ്ണാക്കേണ്ട കാര്യമില്ല; വേദന കുറയ്ക്കാനും ലൈംഗികത നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും വഴികളുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ നിങ്ങൾ ശരീരത്തിന് അൽപ്പം സമയം നൽകണം.

നിങ്ങൾക്ക് സഹായകമാവുന്ന ചില ടിപ്പുകൾ ഇതാ (Here are tips that would help you);

രതിപൂർവ കേളികൾ: നല്ലൊരു സംഭോഗത്തിന്റെ വിജയമന്ത്രമാണിത്, നിങ്ങൾ രതിപൂർവ ബാഹ്യ കേളികളിലൂടെ (ഫോർപ്ലേ) മുന്നേറണം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് അവസാനം വരെ എത്താൻ കഴിഞ്ഞില്ല എങ്കിൽപ്പോലും ലൈംഗികത ആസ്വാദ്യകരമായിരിക്കും. എല്ലാം, സാവധാനം മതി, ധൃതി നിങ്ങളെ സഹായിക്കില്ല.
പങ്കാളിയോട് പറയണം: നിങ്ങൾക്ക് വേദനിക്കുന്നുണ്ട് എങ്കിൽ, അത് പങ്കാളിയെ അറിയിക്കുന്നതിൽ തെറ്റില്ല. നിങ്ങൾക്ക് യോനിയിൽ സ്വയം വഴുവഴുപ്പ് സൃഷ്ടിക്കാൻ കഴിയുമെന്നും ഓർക്കുക; ഹോർമോൺ വ്യതിയാനങ്ങളും മുലയൂട്ടലും സാധാരണയായി യോനീവരൾച്ചയ്ക്ക് കാരണമാകാറുണ്ട്. ലൂബ്രിക്കന്റുകളും ഈ അവസ്ഥ മറികടക്കാൻ സഹായിക്കും.

തയ്യാറെടുക്കലും ആവശ്യമാണ്: ഇളം ചൂടുവെള്ളത്തിൽ ഒരു കുളി വളരെ നല്ലതാണ്. ആയാസരഹിതമായിരിക്കുക, വീട്ടുകാര്യങ്ങൾ മനസ്സിനെ ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ആ നിമിഷങ്ങളിൽ മറ്റൊന്നും തലയിൽ വേണ്ട, അത്ര തന്നെ.

കെഗെൽ വ്യായാമങ്ങൾ അത്ഭുതം കാട്ടും: കെഗെൽ വ്യായാമങ്ങൾ നിങ്ങളുടെ പെൽവിക് ഫ്ലോർ മസിലുകളെ ശക്തിപ്പെടുത്തും. പ്രസവത്തിനു ശേഷമുള്ള സമയത്ത് ഇത് വലിയൊരളവ് വരെ പ്രയോജനം ചെയ്യും.
ഏതു രീതിയിൽ ബന്ധപ്പെടണം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കുന്ന ശാരീരിക സ്ഥിതിയും പ്രധാനമാണ്. ഏതു സ്ഥിതി വേണമെന്ന് നിങ്ങൾ പരീക്ഷിച്ച് ഉറപ്പിക്കുക.

ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ബന്ധപ്പെടലിനു ശേഷവും വേദന കുറയാത്ത സാഹചര്യമുണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ