ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കൽ (Choosing The Right Birth Control Method)

ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം, ജീവിത ശൈലി, വ്യക്തിത്വം, ബന്ധത്തിന്റെ അവസ്ഥ, സൗകര്യം (നിങ്ങളുടെയും പങ്കാളിയുടെയും), ലൈംഗികജന്യ രോഗങ്ങൾ (എസ്ടിഡികൾ) ഉയർത്തുന്ന അപകടസാധ്യത, ഗർഭനിരോധന ഉപാധിയുടെ വിലയും ഫലസിദ്ധിയും തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം നിങ്ങൾ ഒരു മാർഗം തെരഞ്ഞെടുക്കുക.
ഗർഭനിരോധനത്തിന് നിരവധി മാർഗങ്ങളുണ്ട്;
  • പിൻവലിക്കൽ രീതി
  • ഗർഭസാധ്യതയുള്ള ദിവസങ്ങൾ ഒഴിവാക്കൽ (സ്വാഭാവിക രീതി)
  • പുരുഷ ഗർഭനിരോധന ഉറ
  • സ്തീകൾക്കുള്ള ഗർഭനിരോധന ഉറ
  • ബീജനാശിനികൾ
  • സ്പോഞ്ച്
  • കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ
  • ഗർഭനിരോധന കുത്തിവയ്പ്
  • ഗർഭനിരോധന പാച്ച്
  • ഗർഭനിരോധന വളയം
  • ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ (ഇൻട്രാ യൂട്രൈൻ ഡിവൈസുകൾ)
  • ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന സംവിധാനങ്ങൾ
  • സ്ത്രീ വന്ധ്യംകരണം
  • പുരുഷ വന്ധ്യംകരണം
  • അടിയന്തിര ഗർഭനിരോധനം (എമർജൻസി കോണ്ട്രാസെപ്റ്റീവ്)
  • ഡയഫ്രം
  • സെർവിക്കൽ ക്യാപ്

ഗർഭനിരോധന മാർഗങ്ങൾ (Contraceptive Methods)
മുകളിൽ പറഞ്ഞിരിക്കുന്ന ഗർഭനിരോധന മാർഗങ്ങളിൽ പലതും ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ളവയാണെങ്കിലും (പുരുഷ ഗർഭനിരോധന ഉറകൾ പോലെയുള്ളവ) ചിലത് ഓൺലൈൻ സ്റ്റോറുകളിൽ നിന്നു മാത്രമേ ലഭിക്കാറുള്ളൂ (സ്പോഞ്ച്, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ). അതേസമയം, ഡയഫ്രം, സെവിക്കൽ ക്യാപ് തുടങ്ങിയവയ്ക്ക് ഇന്ത്യക്കാർക്കിടയിൽ പ്രചാരം ലഭിച്ചിട്ടില്ല.
തെരഞ്ഞെടുക്കുന്നത് നിസ്സാരമല്ലാത്ത ജോലിയാണ്. ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുമ്പോൾ ഏതെങ്കിലും ഒന്ന് എല്ലാവർക്കും അനുയോജ്യമാവണമെന്നില്ല. ജീവിതം ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ നിങ്ങളുടെ ഗർഭനിരോധന ആവശ്യങ്ങൾക്കും മാറ്റം വന്നേക്കാം. ഇത്തരത്തിലുള്ള ചില പരിഗണനകളെക്കുറിച്ചാണ് താഴെ പറയുന്നത്;
1. നിലവിലുള്ള ഗർഭനിരോധന രീതികൾ എന്തെല്ലാം?
ലഭ്യമായ രീതികളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചും വായിക്കുക. വിവിധ ഗർഭനിരോധന മാർഗങ്ങൾ വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്.
  • വന്ധ്യംകരണം: പുരുഷന്മാരിൽ ബീജവാഹിനിക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്നതിലൂടെ ബീജങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തിയും (പുരുഷ വന്ധ്യംകരണം) സ്ത്രീകളിൽ ഫലോപ്പിയൻ ട്യൂബുകളിൽ തടസ്സം സൃഷ്ടിക്കുന്നതിലൂടെ ഗർഭധാരണം തടയുന്നതുമായ (സ്ത്രീ വന്ധ്യംകരണം) സ്ഥിരമായ ഗർഭനിരോധന മാർഗങ്ങളാണിവ. സ്ത്രീകളിൽ നടത്തുന്ന ട്യൂബൽ ലീഗേഷൻ അല്ലെങ്കിൽ ട്യൂബൽ ഇം‌പ്ലാന്റുകൾ, പുരുഷന്മാരിൽ നടത്തുന്ന വാസക്ടമി ശസ്ത്രക്രിയ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
  • ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങളും (IUD) സംവിധാനങ്ങളും (IUS): ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ, കോയിൽ, ലൂപ്പ്, ത്രികോണം അല്ല്ലെങ്കിൽ ടി-ആകൃതിയിലുള്ള പ്ലാസ്റ്റിക്കിലോ ലോഹത്തിലോ നിർമ്മിച്ച ഉപാധികൾ ഗർഭപാത്രത്തിനുള്ളിൽ കടത്തിവയ്ക്കുന്ന രീതിയാണിത്. ഇവ വെറും ഉപകരണങ്ങളോ (ഐയുഡി) ഹോർമോൺ പുറത്തുവിടുന്നവയോ (ഐയുഎസ്) ആകാം. കോപ്പർ ഐയുഡിയും (കോപ്പർ ടി) ഹോർമോണൽ ഐയുഎസും ഇതിന് ഉദാഹരണങ്ങളാണ്.
  • വഴികളിലൂടെ ശരീരത്തിലേക്ക് ഹോർമോണുകൾ എത്തിക്കുന്നതിലൂടെ ഗർഭനിരോധനം സാധ്യമാക്കുന്ന രീതിയാണിത്. കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന കുത്തിവയ്പുകൾ, ഗർഭനിരോധന ഇം‌പ്ലാന്റുകൾ, ഗർഭനിരോധന പാച്ച്, ഗർഭനിരോധന വളയങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.
  • തടസ്സ രീതികൾ (ബാരിയർ മേത്തേഡുകൾ): ബീജത്തെ ഗർഭാശയത്തിലേക്കോ യോനിയിലേക്കോ പ്രവേശിക്കാതെ തടഞ്ഞ് ഗർഭധാരണത്തെ പ്രതിരോധിക്കുന്ന രീതിയാണിത്. പുരുഷ ഗർഭനിരോധന ഉറകൾ, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ, ഗർഭനിരോധന സ്പോഞ്ച് (കോണ്ട്രാസെപ്റ്റീവ് സ്പോഞ്ച്), ഡയഫ്രം, സെർവിക്കൽ ക്യാപ് എന്നിവയാണ് ഇതിന് ഉദാഹരണങ്ങൾ.
  • സ്വാഭാവിക രീതിയിലുള്ള കുടുംബാസൂത്രണം: ചില ശാരീരിക ലക്ഷണങ്ങളെ കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഗർഭമുണ്ടാവാൻ സാധ്യതയുള്ള സമയം കണക്കുകൂട്ടുകയും ആ സമയത്ത് വിട്ടുനിൽക്കുകയോ അധിക സുരക്ഷയ്ക്കുള്ള ഉപാധികൾ സ്വീകരിക്കുകയോ ചെയ്യുന്നു. കലണ്ടർ രീതി (റിഥം മെത്തേഡ്), അണ്ഡോത്പാദനത്തിനു ശേഷം ശരീരോഷ്മാവ് ഉയരുന്നത്, ഗർഭാശയ ശ്ലേഷ്മം തുടങ്ങിയ ലക്ഷണങ്ങൾക്ക് അനുസൃതമായി സ്വീകരിക്കുന്ന സുരക്ഷകളാണ് ഇതിന് ഉദാഹരണം.
2.ഈ രീതികൾ എത്രത്തോളം ഫലപ്രദങ്ങളാണ്? (How effective are these methods)
മുകളിൽ പറഞ്ഞ രീതികളുടെ ഫലപ്രാപ്തിയെ കുറിച്ച് അറിഞ്ഞിരിക്കണം. ഗർഭനിരോധന മാർഗങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നത് ശതമാന കണക്കിലാണ്. ഒരു രീതി 98% വിജയകരമാണെന്ന് പറയുന്നതിന് അർത്ഥം, 100 സ്ത്രീകൾ ഒരു വർഷക്കാലം ഈ രീതി പിന്തുടർന്നാൽ അവരിൽ രണ്ട് പേർ ഗർഭം ധരിച്ചേക്കാമെന്നാണ്.
ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിന്, ഏതു തരത്തിലുള്ള ഗർഭനിരോധന മാർഗമായിരുന്നാലും അത് ശരിയായ രീതിയിലും തുടർച്ചയായും ഉപയോഗിക്കണം. ഉപയോഗിക്കുന്നതിനായി വളരെ കുറച്ച് പ്രയത്നം മാത്രം ആവശ്യമായി വരുന്ന രീതികൾ (ഐയുഡികൾ, ഗർഭനിരോധന ഇം‌പ്ലാന്റുകൾ, വന്ധ്യംകരണം തുടങ്ങിയവ) പിന്തുടരുന്നവർക്ക് സാധാരണയായി ഗർഭധാരണ സാധ്യത വളരെ കുറവായിരിക്കും. എന്നാൽ, മറ്റു രീതികൾ പിന്തുടരുമ്പോൾ ഗർഭധാരണം നടക്കുന്നുണ്ടോ എന്ന സൂക്ഷ്മ നിരീക്ഷണവും നിശ്ചിതകാലത്തുള്ള വിട്ടു നിൽക്കലും (പീരിയോഡിക് ആബ്സ്റ്റനൻസ്) ആവശ്യമായിവരും.

3. ഗർഭനിരോധന മാർഗം അസ്ഥിരപ്പെടുത്താനാവുമോ? (Is the method reversible)
നിങ്ങൾ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുമ്പോൾ സന്താനോത്പാദന ലക്ഷ്യങ്ങളെ കുറിച്ചും ഓർക്കേണ്ടതുണ്ട്.
  • നിങ്ങൾക്ക് ഇനി കുട്ടികൾ വേണ്ട എന്നാണ് തീരുമാനമെങ്കിൽ വന്ധ്യംകരണം പോലെയുള്ള സ്ഥിരമായ രീതികൾ പരിഗണിക്കുന്നതാവും നല്ലത്.
  • നിങ്ങൾ ഗർഭിണിയാവാൻ ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഉടൻ വേണ്ട എന്നാണ് തീരുമാനമെങ്കിൽ, ഗർഭധാരണ ശേഷി പെട്ടെന്നു തന്നെ പഴയതുപോലെയാവുന്നതിനെ അനുകൂലിക്കുന്ന ഐയുഡി പോലെയുള്ള രീതികളെ പറ്റി ചിന്തിക്കുന്നതാവും നല്ലത്.
  • ഗർഭനിരോധന കുത്തിവയ്പ് നിർത്തിവച്ച ശേഷം ഗർഭധാരണ ശേഷി സാധാരണ നിലയിൽ ആവാൻ എട്ട് മാസത്തോളം വേണ്ടിവരും.
  • ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന വളയങ്ങൾ അല്ലെങ്കിൽ ഗർഭനിരോധന പാച്ച് എന്നിവയുടെ ഉപയോഗം നിർത്തി ഒരു മാസത്തിനുള്ളിൽ സ്ത്രീകളുടെ ഗർഭധാരണ ശേഷി സാധാരണനിലയിലേക്ക് തിരിച്ചെത്താറുണ്ട്.
  • ഉടൻ തന്നെ ഗർഭം ധരിക്കാൻ പദ്ധതിയുണ്ട് എങ്കിൽ, പെട്ടെന്നു നിർത്താവുന്നതും ഗർഭധാരണ ശേഷി പെട്ടെന്ന് വീണ്ടെടുക്കാവുന്നതുമായ തടസ്സ മാർഗങ്ങൾ (ബാരിയർ മെത്തേഡ്) അല്ലെങ്കിൽ കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ പോലെയുള്ള മാർഗങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്.


4. ജീവിതചര്യയിൽ ഗർഭനിരോധന ഉപാധിയും ഉൾപ്പെടുത്തണോ? (Whether you want to include contraception into your daily routine)

നിങ്ങൾ ചിട്ടയിൽ ജീവിക്കുന്ന, ദിനക്രമം പിന്തുടരുന്ന ഒരാൾ ആണെങ്കിൽ ഗർഭനിരോധന ഉപാധിയെ കുറിച്ച് ഓർക്കാതിരിക്കാൻ സാധ്യത കുറവാണ്. നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ധാരാളമുണ്ട്. സൗകര്യാർത്ഥം, നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രം ഉപയോഗിക്കാവുന്ന ഉപാധി (പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ഗർഭനിരോധന ഉറകൾ പോലെയുള്ളവ) തെരഞ്ഞെടുക്കാം; അല്ലെങ്കിൽ എല്ലാ ദിവസവും കഴിക്കുന്ന ഗർഭനിരോധന ഗുളികകൾ; അല്ലെങ്കിൽ എല്ലാ ദിവസവും അല്ലെങ്കിൽ എല്ലാ സമയത്തും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കേണ്ടാത്തവ (പാച്ച്, കുത്തിവയ്പ്, ഇം‌പ്ലാന്റ് മുതലായവ).
  • ഓരോ 5-10 വർഷത്തിലൊരിക്കൽ പുതുക്കേണ്ടവ: ഐയുഡിയും ഐയുഎസും
  • മൂന്ന് വർഷത്തിലൊരിക്കൽ മാറ്റേണ്ടത്: ഗർഭനിരോധന ഇം‌പ്ലാന്റ്
  • രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വേണ്ടത്: ഗർഭനിരോധന കുത്തിവയ്പ്
  • മാസം തോറും മാറ്റേണ്ടത്: ഗർഭനിരോധന വളയം (വജൈനൽ റിംഗ്)
  • ആഴ്ചതോറും മാറ്റേണ്ടത്: ഗർഭനിരോധന പാച്ച്
  • ദിവസേന ഉപയോഗിക്കുന്നവ: കഴിക്കുന്ന ഗർഭനിരോധന ഗുളിക ( കമ്പയിൻഡ് അല്ലെങ്കിൽ പ്രൊജസ്റ്റജൻ-ഒൺലി ഗുളികകൾ)
  • ഓരോ തവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്നവ: പുരുഷ ഗർഭനിരോധന ഉറകൾ, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ, ഡയഫ്രം, ക്യാപ്
5. യോനിയിൽ ഗർഭനിരോധന ഉപാധി കടത്തിവയ്ക്കുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥതയില്ല? (Are you comfortable introducing a contraceptive into the vagina)

യോനിയിൽ ഗർഭനിരോധന ഉപാധികൾ കടത്തിവയ്ക്കുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥതയില്ലെങ്കിൽ, സ്ത്രീകളുടെ ഗർഭനിരോധന ഉറ, ഡയഫ്രം, ക്യാപ്, വജൈനൽ റിംഗ് എന്നിവയിലേതെങ്കിലും പരിഗണിക്കാവുന്നതാണ്. ദീർഘകാല ഉപാധികളാണ് നിങ്ങൾ നോക്കുന്നതെങ്കിലും, ഡോക്ടർ നിങ്ങളുടെ യോനിയിലൂടെ ഗർഭാശയത്തിലേക്ക് ഗർഭനിരോധന ഉപാധി കടത്തിവയ്ക്കുന്നതിൽ പ്രശ്നമില്ല എങ്കിലും, ഐയുഡിയോ ഐയുഎസോ പരിഗണിക്കാവുന്നതാണ്.

6. ഹോർമോൺ രീതികൾ പറ്റില്ലെങ്കിൽ? (What if you cannot use hormonal methods)

ചില ഗർഭനിരോധന മാർഗങ്ങളിൽ സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അതേ ഹോർമോണുകൾ (ഈസ്ട്രജൻ, പ്രോജസ്റ്റെറോൺ) അടങ്ങിയിട്ടുണ്ട്. സ്തനാർബുദം പോലെയുള്ള രോഗാവസ്ഥകളിലുള്ള സ്ത്രീകൾക്ക് ഹോർമോണുകൾ പ്രശ്നം സൃഷ്ടിക്കും. ഇങ്ങനെയുള്ളവർക്ക് ഹോർമോൺ ഇല്ലാത്ത ഗർഭനിരോധന ഉറകൾ അല്ലെങ്കിൽ ഐയുഡി പോലെയുള്ള ഉപാധികളെ കുറിച്ച് ആലോചിക്കാവുന്നതാണ്.
ഈസ്ട്രജൻ അടങ്ങിയ ഗർഭനിരോധന ഉപാധികൾ 35 വയസ്സിന് മുകളിൽ പ്രായമുള്ളതും പുകവലിക്കാരുമായ സ്ത്രീകൾക്കും അമിതഭാരമുള്ളവർക്കും ചിലമരുന്നുകൾ കഴിക്കുന്നവർക്കും മൈഗ്രേനും അപസ്മാരപൂർവ ലക്ഷണമുള്ളവർക്കും രക്തപര്യയന വ്യവസ്ഥയിൽ തകരാറുള്ളവരുമായ സ്ത്രീകൾക്കും അനുയോജ്യമല്ല.

7. ഗർഭനിരോധന ഉപാധിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടോ? (Are you taking other medications which can interfere with your contraceptives)

ചില ഗർഭനിരോധന ഉപാധികളെ (കഴിക്കുന്ന ഗുളികകൾ) നിങ്ങൾ കഴിക്കുന്ന മറ്റ് മരുന്നുകൾ ബാധിച്ചേക്കാം. ഗർഭനിരോധന ഉറകൾ, ഐയുഡികൾ, ഐയുഎസ്, ഗർഭനിരോധന കുത്തിവയ്പ് എന്നിവയെ മറ്റു മരുന്നുകളുടെ ഉപയോഗം ബാധിക്കില്ല.

8. നിങ്ങൾ പുകവലിക്കുമോ? (Are you a smoker)

പുകവലിക്കാർക്ക് മിക്ക ഗർഭനിരോധന മാർഗങ്ങളും ഉപയോഗിക്കാവുന്നതാണ്. എന്നാൽ, 35 വയസ്സിനു മുകളിൽ പ്രായമുള്ള പുകവലിക്കാരായ സ്ത്രീകൾ, കമ്പയിൻഡ് ഓറൽ ഗുളികകൾ, ഗർഭനിരോധന പാച്ച്, വജൈനൽ റിംഗ് എന്നിവ ഉപയോഗിക്കേണ്ട എന്ന് ശുപാർശ ചെയ്യപ്പെട്ടേക്കാം. ഐയുഡി, ഐയുഎസ്, ഗർഭനിരോധന ഇം‌പ്ലാന്റ്, ഗർഭനിരോധന കുത്തിവയ്പ്, പ്രോജസ്റ്റജൻ-ഒൺലി ഗുളികകൾ എന്നിവയിലേതെങ്കിലും പരീക്ഷിക്കാനാവും നിർദേശിക്കുക.

9. നിങ്ങൾക്ക് അമിതഭാരമുണ്ടോ? (Are you overweight)

മിക്ക ഗർഭനിരോധന ഉപാധികളും നിങ്ങളുടെ ശരീരഭാരത്തെ ബാധിക്കുകയില്ലെന്ന് മാത്രമല്ല ഭാരം കൂട്ടുകയുമില്ല. എന്നാൽ, ഗർഭനിരോധന കുത്തിവയ്പുകൾ ചെറിയ തോതിൽ ശരീരഭാരം കൂട്ടിയേക്കും.

10. ആർത്തവത്തിൽ വരുന്ന മാറ്റങ്ങളിൽ പ്രശ്നമുണ്ടോ? (Are you okay with your periods changing)

ചില ഗർഭനിരോധന മാർഗങ്ങൾ നിങ്ങളുടെ ആർത്തവക്രമത്തെ ബാധിച്ചേക്കാം. ഇവ ആർത്തവം ശരിയായി ഉണ്ടാവാതിരിക്കാൻ കാരണമാവുകയും രക്തസ്രാവം ഇല്ലാതാക്കുകയും ചെയ്തേക്കാം. മറ്റുചിലവ ക്രമം തെറ്റിയുള്ള ആർത്തവത്തിനും അമിതരക്തസ്രാവത്തിനും കാരണമായേക്കാം. കഴിക്കുന്ന ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന പാച്ചുകൾ, ഗർഭനിരോധന കുത്തിവയ്പ്, ഐയുഎസ്, വജൈനൽ റിംഗ് എന്നിവ അമിത രക്തസ്രാവമുള്ള സ്ത്രീകൾ ഉപയോഗിക്കുന്നത് ആർത്തവ രക്തസ്രാവം കുറയ്ക്കാൻ സഹായകമാവും.

11. മതപരമായ വിശ്വാസങ്ങളും സാംസ്കാരികമായ ആചാരങ്ങളും (Religious beliefs and cultural practices)

ചില മതവിശ്വാസങ്ങൾ അനുസരിച്ച് ചില ഗർഭനിരോധന മാർഗങ്ങൾ അനുചിതമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ മതപരവും സാംസ്കാരികവുമായ വിശ്വാസങ്ങൾ ഗർഭനിരോധന മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചേക്കാം.

12. ഗർഭനിരോധന മാർഗങ്ങളുടെ പാർശ്വഫലങ്ങൾ എന്തൊക്കെ? (What are the side effects of the contraceptives)

സ്വാഭാവിക കുടുംബാസൂത്രണത്തിനും തടസ്സ രീതിക്കും (ബാരിയർ മെത്തേഡ്) പറയത്തക്ക പാർശ്വഫലങ്ങൾ ഇല്ല. ഹോർമോൺ രീതികൾ പോലെയുള്ളവയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ട്, ചിലതിന് രൂക്ഷമായ രീതിയിൽ. നിങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്തശേഷം നിങ്ങൾ തെരഞ്ഞെടുക്കുന്ന ഗർഭനിരോധന മാർഗത്തിന് പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് മനസ്സിലാക്കുക.

13. ലൈംഗികജന്യ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം? (Protection against sexually transmitted diseases)

ഗർഭനിരോധന ഉറകൾ (പുരുഷന്മാരുടെയും സ്ത്രീകളുടെയും) ലൈംഗികജന്യ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പുനൽകുന്നു. നിങ്ങൾക്കും പങ്കാളിക്കും മറ്റ് ലൈംഗിക പങ്കാളികൾ ഇല്ല എങ്കിലും ഇരുവർക്കും ലൈംഗികജന്യ രോഗങ്ങൾ ഇല്ല എങ്കിലും മറ്റ് ഉപാധികളും സ്വീകരിക്കാവുന്നതാണ്. അതേസമയം, നിങ്ങൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ട് എങ്കിലും ലൈംഗികജന്യ രോഗം ഉണ്ടോയെന്ന് വ്യക്തമല്ല എങ്കിലും മറ്റ് ഉപാധികൾക്കൊപ്പം ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.

14. ലൈംഗിക പങ്കാളി അംഗീകരിക്കുമോ? (Acceptability by your sexual partner)

നിങ്ങൾ തെരഞ്ഞെടുത്ത ഗർഭനിരോധന മാർഗത്തെ കുറിച്ച് പങ്കാളിയുമായി ചർച്ചചെയ്ത് സ്വീകാര്യത ഉറപ്പുവരുത്തുക. ചിലപ്പോൾ വ്യത്യസ്തമായ മാർഗമായിരിക്കും പങ്കാളിക്ക് താത്പര്യം. ഉദാഹരണത്തിന്, ലൈംഗിക സുഖം കുറയ്ക്കുമെന്നതിനാൽ ഒരു പങ്കാളിക്ക് ഗർഭനിരോധന ഉറ ഉപയോഗിക്കുന്നതിൽ താത്പര്യം കാണില്ല. ഇത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ലൈംഗികതയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

15. ചെലവ് (Cost)

ചില തരത്തിലുള്ള ഗർഭനിരോധന മാർഗങ്ങൾ ചെലവു കുറഞ്ഞതാണെങ്കിൽ മറ്റു ചിലവ ചെലവേറിയതായിരിക്കും. ഉദാഹരണത്തിന്, ഒരു പായ്ക്കറ്റ് പുരുഷ ഗർഭനിരോധന ഉറ (10 എണ്ണം) 50-100 രൂപ നിരക്കിൽ ലഭ്യമാണ്. എന്നാൽ, സ്ത്രീകളുടെ ഗർഭനിരോധന ഉറ ഒരു പായ്ക്കറ്റിന് (3 എണ്ണം) നിലവിൽ 150 രൂപയാണ്. ഗർഭനിരോധന ഉപാധി തെരഞ്ഞെടുക്കുന്നതിനും സ്വീകരിക്കുന്നതിനും മുമ്പ് അവയുടെ ചെലവിനെ കുറിച്ചും ചിന്തിക്കേണ്ടതാണ്.

Copyright © 2017 Modasta. All rights reserved

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ