ഒരു സ്ത്രീ അരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ എന്തു ചെയ്യും? ഇത്തരം സാഹചര്യത്തെ എങ്ങനെ നേരിടാമെന്നും എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസിന്റെ ഉപയോഗത്തെ കുറിച്ചും സംസാരിക്കുന്നത് ഡോ.ബീനാജെയ്സിംഗ്. ബാംഗ്ലൂർ, മദർഹുഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സാവിദഗ്ധയുമാണ് ഡോ.ബീന.
ഗർഭധാരണത്തിന്റെ സാധ്യത ഒഴിവാക്കാൻ ലൈംഗികബന്ധത്തിലേർപ്പെട്ട് 72 മണിക്കൂറിനുള്ളിലാണ് എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ഉപയോഗിക്കേണ്ടത്. ഇത് “മോർണിംഗ്- ആഫ്റ്റർ പിൽസ്” എന്ന പേരിലും അറിയപ്പെടുന്നു. പരമാവധി പ്രയോജനം ഉറപ്പാക്കാൻ ബന്ധപ്പെട്ടു കഴിഞ്ഞ് കഴിയുന്നത്ര വേഗം ഗുളിക കഴിക്കണം. സ്ഥിരീകരിച്ചു കഴിഞ്ഞ ഗർഭത്തിന് ഇവ പ്രയോജനപ്പെടില്ല. ‘ഗർഭച്ഛിദ്ര ഗുളികകൾ’ ആയി ഇവയെ കണക്കാക്കേണ്ടതില്ല.
ഇനി പറയുന്ന സാഹചര്യങ്ങളിൽ എമർജൻസി കോൺട്രാസെപ്ഷൻ ഗുളികകൾ ഉപയോഗിക്കാം;
- അരക്ഷിതമായ ലൈംഗികബന്ധം
- കോണ്ടത്തിന് തകരാറു സംഭവിക്കുമ്പോൾ
- ഗർഭനിരോധന ഗുളികകൾ കഴിക്കാൻ മറന്നാൽ
- ബലാത്സംഗത്തിനിരയായാൽ
ലൈംഗികബന്ധത്തിനു ശേഷം ഗർഭധാരണത്തെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അതെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യണം എന്നാണ് ശുപാർശചെയ്യാൻ കഴിയുന്നത്. എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും വിപരീത ഫലമുണ്ടാകുമോ എന്ന് വ്യക്തമായ ഉപദേശം നൽകാൻ ഡോക്ടർക്ക് മാത്രമേ കഴിയൂ. എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് കഴിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് യോനിയിലൂടെ രക്തസ്രാവം ഉണ്ടാകും. അതേസമയം, ആർത്തവം ഉണ്ടായില്ല എങ്കിൽ ഡോക്ടറെ കാണുകയും ഗർഭപരിശോധന നടത്തുകയും വേണം, എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് 100% ഫലപ്രദമല്ല; ഡോ. ബീന മുന്നറിയിപ്പ് രൂപേണ പറയുന്നു.
അവസാന ആശ്രയം എന്ന നിലയിൽ മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാവൂ എന്നാണ് എപ്പോഴും ശുപാർശചെയ്യപ്പെടുന്നത്. സ്ഥിരം ഗർഭനിരോധന ഉപാധി എന്ന നിലയിൽ ഇവ ഉപയോഗിക്കരുത്. ഗർഭനിരോധനത്തിനായി സ്ഥിരം ഗർഭനിരോധന മാർഗങ്ങളിലേതെങ്കിലും സ്വീകരിക്കുക.
എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസിന്റെ പാർശ്വഫലങ്ങൾ: ഛർദിയും മനംപിരട്ടലുമാണ് എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ഉപയോഗിക്കുമ്പോൾ സാധാരണയായി ഉണ്ടാകുന്ന പാർശ്വഫലങ്ങൾ. ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നത് ചിലർക്ക് സ്തനങ്ങളിലെ വേദനയ്ക്കും തലവേദനയ്ക്കും കാരണമാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ