സ്ത്രീ ലൈംഗികത; മാസികകള്‍ എഴുതുന്നതല്ല യാഥാര്‍ത്ഥ്യം

 
സ്ത്രീകളുടെ രതിമൂര്‍ച്ഛയെ ഒരു സാമൂഹിക പ്രശ്‌നമായി അക്കാദമിക് സമൂഹം ഇപ്പോഴും അംഗീകരിച്ചിട്ടില്ല

സ്ത്രീകളുടെ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചുമൊക്കെ നമ്മള്‍ അധികവും കേള്‍ക്കുന്നത് വനിത മാസികകളില്‍ നിന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ വളരെ കുറച്ചു മാത്രമേ നടന്നിട്ടുള്ളു. എന്നാല്‍ ചില വിദഗ്ധര്‍ ഇത്തരം പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഇതുവരെയുള്ള വിശ്വാസങ്ങള്‍ക്ക് തികച്ചും ഘടകവിരുദ്ധമായ കണ്ടെത്തലുകളാണ് പുറത്തുവരുന്നത്. പുരുഷ ശാരീരിക പ്രശ്‌നങ്ങളെ അപേക്ഷിച്ച് സ്ത്രീ ശാരീരക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ അപൂര്‍വമായതിനാലാണ് അവരുടെ ലൈംഗികതയെ സംബന്ധിച്ച അബദ്ധങ്ങള്‍ പ്രചരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സ്ത്രീ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചും അടുത്ത കാലത്ത് ശ്രദ്ധേയ പഠനം നടത്തിയത് ന്യൂയോര്‍ക്കിലെ ഗൈനക്കോളജിസ്റ്റായ ഡോ. ഡെബോറ കോഡിയാണ്. പുരുഷ ലൈംഗിക മേഖലകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അവര്‍ കണ്ടെത്തി. ചില സര്‍ജന്മാരുടെ സഹായത്തോടെ ഈ വിഷയത്തില്‍ നടത്തിയ കൂടുതല്‍ പഠനങ്ങളില്‍ ഗുഹ്യ നാഡികളുടെ വിന്യാസം ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് തന്നെ ലൈംഗികതയിലും ഓരോ സ്ത്രീയും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. ലൈംഗിക സ്പര്‍ശത്തെ കുറിച്ച് തലച്ചോറിന് സന്ദേശങ്ങള്‍ നല്‍കുന്നത് ഈ നാഡികളാണ്. ഭഗശ്‌നിക, യോനി മുഖം, ഗര്‍ഭമുഖം, പെരിനിയം എന്നീ ലൈംഗികോത്തേജക മേഖലകളില്‍ അവസാനിക്കുന്ന നാഡിയുടെ വിന്യാസം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഓരോ സ്ത്രീയുടെ ഉത്തേജകഭാഗങ്ങളിലും വ്യത്യാസം ഉണ്ടാവും എന്നാണ് അവരുടെ കണ്ടെത്തല്‍. വനിത മാസികകള്‍ നല്‍കുന്ന പൊതു ലൈംഗിക ഉപദേശങ്ങള്‍ ഫലപ്രദമാവാതിരിക്കുന്നതും അതുകൊണ്ടാണ്. ദൗര്‍ഭാഗ്യവശാല്‍ അമ്പത് ശതമാനം പേരും മാസികകളില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങളെ പിന്തുടരുന്നവരാണെന്നും കോഡി ചൂണ്ടിക്കാണിക്കുന്നു.

ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയിലുള്ള ഡോ. സിന്‍ഡി മെസ്‌റ്റോണിന്‍ പരീക്ഷണശാല നമ്മുടെ എല്ലാ സങ്കല്‍പങ്ങളെയും തകര്‍ക്കുന്നതാണ്. ഒരു പരീക്ഷണശാലയില്‍ നമ്മള്‍ ധാരളം ഉപകരണങ്ങളും തെളിഞ്ഞ പ്രകാശവും മൈക്രോസ്‌കോപ്പുകളുമോക്കെ പ്രതീക്ഷിക്കും. പക്ഷെ ഇവിടെ ഒരു ഹാളില്‍ ആളുകള്‍ ടിവിയില്‍ ലൈംഗിക ബന്ധങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ടാവും. തൊട്ടപ്പുറത്തെ മുറിയില്‍ വജൈനല്‍ ഫോട്ടോപ്ലിത്തെസ്‌കോഗ്രാഫ് എന്ന യന്ത്രത്തിന്റെ സഹായത്തോടെ കാഴ്ചക്കാരുടെ ലൈംഗിക അവയവങ്ങളിലേക്ക് വരുന്ന രക്തമൊഴുക്കും ഹൃദസ്പന്ദനവും അവലോകനം ചെയ്യുകയാവും മെസ്‌റ്റോണ്‍. ലൈംഗിക അവയവങ്ങളിലേക്ക് വരുന്ന രക്തത്തിന്റെ അളവ് അവര്‍ എത്രത്തോളം ഉത്തേജിതരായി എന്ന് കാണിക്കുമെന്ന് ഡോ. സിന്‍ഡി പറയുന്നു. ഇത്തരം പരീക്ഷണങ്ങളിലൂടെ സ്ത്രീകളുടെ ലൈംഗിക ഉത്തേജനങ്ങളെ കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ പൊളിച്ചു കളയാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ലൈംഗിക ബന്ധത്തിന് മുമ്പ് കുളിച്ച് ശാന്തതയോടെ ഇരിക്കാനും സംഗീതം ആസ്വദിക്കാനും പരമാവധി സ്വാസ്ഥ്യം കൈവരിക്കാനും സ്ത്രീകള്‍ ശ്രമിക്കണമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ തന്റെ ഗവേഷണത്തില്‍ ഘടക വിരുദ്ധമായ കാര്യങ്ങളാണ് കണ്ടെത്തിയതെന്ന് അവര്‍ പറയുന്നു. പങ്കാളിയുമായി ഓടിക്കളിക്കുക, പേടിപ്പെടുത്തുന്ന ചലച്ചിത്രങ്ങള്‍ കാണുക, ഹാസ്യ രംഗങ്ങള്‍ ആസ്വദിക്കുക തുടങ്ങിയവ ഒക്കെ സ്ത്രീകളെ ഉത്തേജിപ്പിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. ധാരാളമായി ചിരിക്കുന്നത് സ്ത്രീകളില്‍ കരുണാദ്രമായ ഉത്തേജക പ്രതികരണം (sympathetic activation response) ഉണ്ടാക്കുമെന്ന് അവര്‍ പറയുന്നു. ഈ പ്രതികരണം ലഭ്യമാകുന്നതോടെ പേശികള്‍ സങ്കോചിക്കാന്‍ തുടങ്ങും. ഇതോടെ ലൈംഗിക ബന്ധത്തോട് കൂടുതല്‍ തീക്ഷണമായും വേഗത്തിലും പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നാണ് ഡോ. സിന്‍ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്മാരില്‍ ഇത് നേരെ തിരിച്ചാണെന്നും അവര്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫണ്ട് ലഭിക്കാനുള്ള ബുദ്ധിമുട്ടുകളാണ് ഗവേഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തടസ്സമായി നില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ രതിമൂര്‍ച്ഛയെ ഒരു സാമൂഹിക പ്രശ്‌നമായി അക്കാദമിക് സമൂഹം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് പല അപമാനങ്ങളും തനിക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും ഡോ. സിന്‍ഡി മെന്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ലൈംഗിക ആനന്ദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വലിയ എതിര്‍പ്പുകളോടെയും ഭീതിയോടെയുമാണ് ശ്രവിക്കപ്പെടുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ