ലൈംഗികതയുടെ നീലാകാശം

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേസാധിക്കൂ.

വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ആക്ടീവ് സെക്‌സിനു വേണ്ട രണ്ടാമത്തെ പ്രധാന ഘടകം വൈകാരിക പക്വതയാണ് എന്നുപറയാം.
വൈകാരിക പക്വത എന്നാല്‍ വികാരങ്ങളെ വേണ്ടരീതിയില്‍ അനുഭവിക്കാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുവാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവ് എന്നിവയാണ്.

ഒരു വ്യക്തിയുടെ വികാര ബുദ്ധി (ഇമോഷണല്‍ ഇന്റലിജന്റ്‌സ്) യാണ് ആ വ്യക്തിക്ക് തന്റെ വികാരങ്ങളെ വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രകടിപ്പിക്കുവാനുള്ള കഴിവ് നല്‍കുന്നത്. ലൈംഗികത ഒരു വികാരമായതിനാല്‍ ഒരു വ്യക്തിയുടെ വൈകാരിക ബുദ്ധി അഥവാ പക്വത അനുസരിച്ചായിരിക്കും ആ വ്യക്തി തന്റെ ലൈംഗികത പ്രകടിപ്പിക്കുന്നതും ആസ്വദിക്കുന്നതും.

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേ സാധിക്കൂ.

ലൈംഗികത സ്‌നേഹമെന്ന വികാരത്തിന്റെ ഭാഗമാകുന്നതുകൊണ്ടാണ് ദമ്പതികള്‍ക്കിടയിലെ ചെറിയ അപസ്വരങ്ങള്‍ പോലും രതിസുഖത്തിന് തടസം നില്‍ക്കുന്നത്. നല്ല വൈകാരിക പക്വതയുള്ള ദമ്പതികള്‍ക്ക് പങ്കാളിയെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

എന്നു മാത്രമല്ല, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ദാമ്പത്യത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ എളുപ്പം പരിഹരിക്കുവാനുമാകും.

ദാമ്പത്യ പൊരുത്തം

സന്തോഷകരമായ ലൈംഗികതയ്ക്കു വേണ്ട അടുത്ത ഘടകം ദാമ്പത്യ പൊരുത്തമാണ്. ബാഹ്യവും സാമ്പത്തികവുമായ പൊരുത്തത്തിലുപരി ആന്തരികവും മാനസികവുമായ പൊരുത്തമാണ് നല്ല ലൈംഗികതയ്ക്ക് വേണ്ടത്.

പങ്കാളിയുടെ മനസ് മനസിലാക്കാന്‍ കഴിവുള്ള വ്യക്തിക്ക് നല്ല ലൈംഗികത കാഴ്ചയ്ക്കാനാവും. എന്നാല്‍ പെട്ടെന്നുള്ള പ്രതികരണങ്ങള്‍, ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ എന്നിവ ബന്ധപ്പെ സാരമായി ബാധിക്കും.

പങ്കാളിയുടെ വൈകാരിക നിലയും സാചര്യങ്ങളും നോക്കാതെയുള്ള പ്രതികരണങ്ങളാണ് പലപ്പോഴും വഴക്കിലേക്ക് നയിക്കുന്നത്.
പങ്കാളിയുടെ സ്വരത്തില്‍ നിന്നും മുഖത്തു നിന്നും അവരുടെ ഭാവം തിരിച്ചറിയുവാനുള്ള കഴിവ് പങ്കാളി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം ആഴമേറിയ സ്‌നേഹ ബന്ധങ്ങളില്‍ കാണാവുന്ന പ്രത്യേകതകളാണ്.

നല്ല ദാമ്പത്യ പൊരുത്തമുള്ള വ്യക്തികളിലാണ് ആഴമേറിയ സ്‌നേഹ ബന്ധം പ്രകടമാകുന്നത്. ആഴമുള്ള സ്‌നേഹത്തിനുടമകളായ ദമ്പതികള്‍ക്കാണ് നല്ല ലൈംഗിതകയും രതിമൂര്‍ച്ഛയും അനുഭവിക്കാനാവുന്നത്.

സ്‌നേഹിക്കാന്‍ സ്‌നേഹിക്കപ്പെടാന്‍

ഭാര്യഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. ഈ സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഉപാധിയാകട്ടെ ലൈംഗികതയും. ലൈംഗികതയിലൂടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നാകുന്നത്.
ഒരേ ശരീരവും ഒരേ മനസുമായി നാം ഒന്ന് എന്ന ബോധത്തിലേക്ക് വളരാന്‍ ലൈംഗികത നമ്മെ സഹായിക്കുന്നു. അങ്ങനെ ശരീരവും മനസും ഒന്നാകുമ്പോള്‍ ലഭിക്കുന്ന അനുഭവമാണ് രതിമൂര്‍ച്ഛ. സ്‌നേഹത്തിന്റെ അങ്ങേ അറ്റമാണത്.

രതിമൂര്‍ച്ഛയ്ക്ക് ശരീരത്തിന്റെയും മനസിന്റെയും ഐക്യം അനിവാര്യമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. അതുകൊണ്ടാണ് ആഴമേറിയ സ്‌നേഹബന്ധമുണ്ടെങ്കിലേ ദമ്പതികള്‍ക്കിടയില്‍ ലൈംഗികത നടക്കുകയുള്ളൂ എന്ന് പറയുന്നത്.
അല്ലാത്ത പക്ഷം എല്ലാം ഒരതരം കാണിച്ചുകൂട്ടലാകും. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ഒരുതരം വഴങ്ങിക്കൊടുക്കല്‍. അതില്‍ പങ്കാളികള്‍ ഇരുവരും സംതൃപ്തരായി എന്നുവരില്ല.

ഒരേ തൂവല്‍ പക്ഷികള്‍

ദാമ്പത്യത്തില്‍ ലൈംഗിക നിലനിര്‍ത്തുവാന്‍ ദമ്പതികള്‍ തന്നെ മുന്‍കൈ എടുക്കണം. സ്ഥിരമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതാണ് ഇതിന് ഒരുവഴി.

ഇങ്ങനെ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളില്‍ ആഴമേറിയ സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരാശരി കണക്കനുസരിച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ബന്ധപ്പെടുന്നതായാണ് കണ്ടുവരുന്നത്.

എന്നാല്‍ ആഴ്ചയില്‍ അഞ്ചു തവണ വരെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇണകള്‍ക്കിടയിലെ സ്‌നേഹബന്ധം ശക്തിപ്പെടാന്‍ ഇത്രയേറെ ശേഷിയുള്ള പ്രവൃത്തി വേറെയില്ല. അതിനാല്‍ മടിയും ക്ഷീണവുമെല്ലാം മാറ്റിവച്ച് ലൈംഗിതയില്‍ കൂടുതല്‍ താല്‍പര്യമെടുക്കാന്‍ ശ്രദ്ധിക്കണം.

പുതുമകള്‍ വേണം

ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങള്‍ ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ലൈംഗികതയെ ഹൃദ്യമാക്കുന്നതും ആഹ്‌ളാദഭരിമാക്കുന്നതും അതിലെ പുതുമകളാണ്.
ഇല്ലെങ്കില്‍ വിരസതയേറും. വിരസതമൂലം ലൈംഗികത ആസ്വദിക്കാത്തവരും ലൈംഗികതയില്‍ ഏര്‍പ്പെടാത്തവരും രതിസുഖം ആസ്വദിക്കാത്തവരും ഏറെയുണ്ട്. ലൈംഗികതയില്‍ ഭാവനയും പുതുമകളും കടന്നുവരുമ്പോഴാണ് അത് കൂടുതല്‍ ആസ്വാദ്യകരമായി തീരുന്നത്.

വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ പുതിയ രീതികള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവുന്നതാണ്. ലൈംഗികതയില്‍ പുതുമകള്‍ പരീക്ഷിക്കാനും തയാറെടുപ്പുകള്‍ നടത്താനും ദമ്പതികള്‍ തയാറാകുമ്പോള്‍ അത് സ്‌നേഹത്തിന്റെ നീലാകാശം ദമ്പതിമാര്‍ക്ക് മുന്നില്‍ വിടരും.

തുല്യ പങ്കാളിത്തം

ലൈംഗികതയുടെ കാര്യത്തില്‍ ദമ്പതികള്‍ ഇരുവര്‍ക്കും ഒരേ ഉത്തരവാദിത്വമാണുള്ളത്. തന്റെ പങ്കാളി ആദ്യം താല്‍പര്യം എടുക്കട്ടെ എന്ന പഴഞ്ചന്‍ രീതി മാറ്റണം. ലൈംഗികതയ്ക്കായി ദമ്പതികള്‍ ബോധപൂര്‍വം സമയം കണ്ടെത്തണം.

കുടുംബ ജീവിതത്തിലെയും ഓഫീസിലെയും പ്രശ്‌നങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ ആധികള്‍ ഒഴിവാക്കി അമിത പ്രതീക്ഷകള്‍ ഇല്ലാതെ ശാന്തമായി, ആഹ്‌ളാദത്തോടെ ലൈംഗികതയിലേര്‍പ്പെടണം. അപ്പോള്‍ ലൈംഗികത ആസ്വദിക്കുവാനാകും.

ഡോ. ജെയിന്‍ ജോസഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ് ) ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ