പിരിമുറുക്കം ലൈംഗിക ആസ്വാദനത്തെ ബാധിക്കുന്നുവെന്ന് പഠനം


ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പങ്കാളികളെ കുറ്റപ്പെടുത്തുന്ന പ്രവണത പുരുഷന്മാരില്‍ കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത. തങ്ങളുടെ പങ്കാളിയുടെ കുഴപ്പം മൂലമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകാത്തതെന്ന് 40 ശതമാനം പുരുഷന്മാരും കരുതുമ്പോള്‍ 16.4 സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്തുന്നത്




ജീവിതരീതികള്‍ നിങ്ങളുടെ ലൈംഗിക ചോദനയെ ബാധിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ന്യൂഡല്‍ഹിയിലെ 21നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി 30വയസിന് മുകളില്‍ പ്രായമുള്ള 79 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു. വ്യായാമത്തിന്‍റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ് തങ്ങള്‍ക്ക് വിനായവുന്നതെന്ന് 76ശതമാനം പുരുഷന്മാര്‍ വിശ്വസിക്കുന്നു.




പിരിമുറുക്കം എല്ലാ വിഭാഗത്തിന്‍റെയും ലൈംഗിക ചോദനകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ പിരിമുറുക്കം അനുഭവിക്കുന്നവരില്‍ പുരുഷന്മാര്‍ക്കാണ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ലൈംഗിക ചോദനയുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള പിരിമുറുക്കം ആണെന്നുള്ളതും കണക്കിലെടുക്കേണ്ടതുണ്ട്. ജോലി സംബന്ധമായ പിരിമുറുക്കം പുരുഷന്മാരിലാണ് കൂടുതല്‍. ജോലി സംബന്ധമായ പിരിമുറുക്കം 21.1 ശതമാനം പുരുഷന്മാരുടെ ലൈംഗിക ചോദനയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ 9.5 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുള്ളു. ജീവിതരീതികളാണ് ഇന്ത്യയിലെ വന്ധ്യതയ്ക്ക് പ്രധാന കാരണമെന്ന് സര്‍വെ നടത്തിയ മാക്‌സ് ഹെല്‍ത്ത്‌കെയറിലെ ഡോക്ടര്‍ സുഗീത് ഝാ പറയുന്നു.




ജങ്ക് ഭക്ഷണങ്ങള്‍ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്ന 70 ശതമാനം പേര്‍ക്കും ശക്തമായ ലൈംഗിക ചോദന ഉണ്ടാവുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. പ്രമേഹം ബാധിച്ച പുരുഷന്മാരില്‍ 38 ശതമാനം പേര്‍ക്ക് നല്ല ലൈംഗിക ചോദന ഉണ്ടാവുമ്പോള്‍ സ്ത്രീകളില്‍ ഇത് 57 ശതമാനമാണ്. അതിസമ്മര്‍ദം അനുഭവിക്കുന്ന 72 ശതമാനം സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ലൈംഗിക ഉത്തേജനം ലഭിക്കുന്നുണ്ട്. പരുഷന്മാരില്‍ ഇത് നാല്‍പത് ശതമാനം മാത്രമാണ്. എന്നാല്‍, തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പങ്കാളികളെ കുറ്റപ്പെടുത്തുന്ന പ്രവണത പുരുഷന്മാരില്‍ കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത. തങ്ങളുടെ പങ്കാളിയുടെ കുഴപ്പം മൂലമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകാത്തതെന്ന് 40 ശതമാനം പുരുഷന്മാരും കരുതുമ്പോള്‍ 16.4 സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ പങ്കാളികളെ കുറ്റപ്പെടുത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ