വന്ധ്യതയുടെ കാരണങ്ങളില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ് ഉള്ളത്. ആധുനിക ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് വന്ധ്യതാ നിരക്ക് കൂടാനുള്ള പ്രധാന കാരണം.
കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ് .
'ഓമനത്തിങ്കല്‍ കിടാവോ നല്ല കോമള താമരപ്പൂവോ....' പത്തുമാസം തന്റെ ഉദരത്തില്‍ സംരക്ഷിച്ച് നൊന്തു പ്രസവിച്ച കുഞ്ഞിനെ മാറോടു ചേര്‍ത്ത് ഇങ്ങനെ താരാട്ട് പാടുമ്പോള്‍ ഒരു അമ്മയ്‌ക്കുണ്ടാകുന്ന അനുഭൂതി അനിര്‍വചനീയമാണ്.
മാതൃത്വം ഒരു വരദാനവും അമ്മയാവുക എന്നത് ഒരു സ്‌ത്രീയുടെ ജന്മസാഫല്യവും സ്വപ്‌നസാക്ഷാത്‌ക്കാരവുമാണ്. നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത് സ്വന്തം രക്‌തത്തില്‍ കുഞ്ഞു പിറക്കുമ്പോഴാണ്.
കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്. ലോകാരോഗ്യ സംഘടന 2008 ല്‍ ആണ് വന്ധ്യതയെ ഒരു രോഗമായി പ്രഖ്യാപിച്ചത്.
വന്ധ്യതയുടെ കാരണങ്ങളില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ് ഉള്ളത്. ആധുനിക ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് വന്ധ്യതാ നിരക്ക് കൂടാനുള്ള പ്രധാന കാരണം.
എന്താണ് വന്ധ്യത
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ ഒരു വര്‍ഷമെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്‌ഥയാണ് വന്ധ്യത്വം. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ ചികിത്സ നേടേണ്ടതുള്ളൂ.
കാരണങ്ങള്‍
പ്രായം - 22 വയസ് മുതല്‍ 27 വയസ് വരെയാണ് ഗര്‍ഭധാരണത്തിനും പ്രസവത്തിനും അനുയോജ്യമായ സമയം. 30 വയസിനപ്പുറം നീട്ടിക്കൊണ്ട് പോകുന്നത് വന്ധ്യതാ സാധ്യത കൂട്ടും.
ആര്‍ത്തവ തകരാറുകള്‍ -
ആയൂര്‍വേദ ശാസ്‌ത്രമനുസരിച്ച് എട്ട് പ്രകാരത്തിലുള്ള ആര്‍ത്തവ ദുഷ്‌ടികളാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍. അതായത് വാതജ, പിത്തജ, കഫജ, കുണച, ഗ്രന്ഥി, പൂയ, ക്ഷീണ, മലാര്‍ത്തവ എന്നിവയാണവ . ഇങ്ങനെ ദുഷിച്ചിരിക്കുന്ന ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന അണ്ഡം സന്താന ഉല്‍പാദനത്തിന് യോഗ്യമല്ല.
ക്രമം തെറ്റിയ ആര്‍ത്തവം , രണ്ട് അല്ലെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ മാത്രം ആര്‍ത്തവം ഉണ്ടാവുക. അമിത രക്‌തസ്രാവം, കഠിനമായ വയറു വേദന
ഇവയെല്ലാം ഭാവിയിലെ വന്ധ്യതയുടെ ലക്ഷണങ്ങളാകാം.
പോളിസ്‌റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം -
അണ്ഡാശയത്തിനുള്ളില്‍ അനേകം സിസ്‌റ്റുകള്‍ ഉണ്ടാകുന്ന അവസ്‌ഥയാണിത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ് രക്‌തത്തില്‍ കൂടുന്നത് മൂലം അമിത രോമ വളര്‍ച്ച ഉണ്ടാകും. അണ്ഡവിസര്‍ജനം നടക്കാത്തതുമൂലം ആര്‍ത്തവമില്ലായ്‌മ, ക്രമം തെറ്റിയ ആര്‍ത്തവം എന്നീ അവസ്‌ഥകളുണ്ടാകുന്നു. കഴുത്തിന് പിന്‍ഭാഗം, ഗുഹ്യഭാഗം, കക്ഷം എന്നിവിടങ്ങളില്‍ കറുപ്പു നിറം കാണപ്പെടാം.
ഗര്‍ഭാശയ, അണ്ഡാശയ തകരാറുകള്‍ -
ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനാ വൈകല്യങ്ങള്‍ വന്ധ്യതയ്‌ക്ക് കാരണമാകും. ഇത് ജന്മനാ തന്നെയുള്ളതും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ അവയവങ്ങള്‍ക്ക് സംഭവിക്കാത്തതിനാലും ആകാം.
അണ്ഡോല്‍പാദന ശേഷിക്കുറവ്, ഫലോപ്പിയന്‍ നാളിയിലെ തകരാറുകള്‍, ഗര്‍ഭാശയ മുഴകള്‍, ഭ്രൂണത്തിന് ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ കഴിയാത്ത അവസ്‌ഥ, പുരുഷബീജത്തെ അന്യവസ്‌തുവായി കണ്ട് പുറത്തേയ്‌ക്ക് തള്ളുക എന്നിവയും ഗര്‍ഭധാരണത്തിന് തടസങ്ങളാണ്.
അണുബാധയും ലൈംഗിക തകരാറുകളും -
യോനീവലയം, ഗര്‍ഭാശയ മുഖം എന്നിവിടങ്ങളിലെ അണുബാധ സ്‌ത്രീ വന്ധ്യതയ്‌ക്ക് കാരണമാകും. ലൈംഗീകതയെക്കുറിച്ചുള്ള അറിവില്ലായ്‌്മ കാരണം വന്ധ്യതയുണ്ടാകാം. ശരിയായ വിധത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത്, അണ്ഡാഗമനത്തോട് അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട് ഗര്‍ഭധാരണം നടക്കാതെ വരുന്നു.
മാനസിക പ്രശ്‌നങ്ങള്‍ -
പങ്കാളികള്‍ തമ്മിലുള്ള മാനസിക ഐക്യമില്ലായ്‌മ. ജോലി സ്‌ഥലത്തെയും വീട്ടിലെയും ടെന്‍ഷന്‍ ലൈംഗീകതയെ ബാധിക്കുന്നു.
തൈറോയിഡ് -
തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തത് മൂലമുണ്ടാകുന്ന ഹൈപ്പോ തൈറോയിഡിസവും ഹൈപ്പര്‍ തൈറോയിഡിസവും വന്ധ്യതയ്‌ക്ക് കാരണമാകുന്നു. ജനനേന്ദ്രിയങ്ങളുടെ രോഗാവസ്‌ഥകള്‍, ആര്‍ത്തവ ദുഷ്‌ടി, മാനസിക സമ്മര്‍ദങ്ങള്‍, ആഹാര രീതി തുടങ്ങിയവയെല്ലാം ഒരിക്കല്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ചവര്‍ക്കു പോലും പിന്നീട് വന്ധ്യതയുണ്ടാക്കാം.
മദ്യപാനം, പുകവലി. രക്‌തക്കുറവ്, മലബന്ധം. വെള്ളപ്പോക്ക് തുടങ്ങി വന്ധ്യതയുടെ കാരണങ്ങള്‍ ഒട്ടനവധിയാണ്. ഇവ യഥാസമയം ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടതാണ്‌്.
ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
1. പ്രായം കൂടുന്നതനുസരിച്ച് വന്ധ്യതയ്‌ക്കുള്ള സാധ്യതയും കൂടുമെന്നതിനാല്‍ ആദ്യ ഗര്‍ഭധാരണം മുപ്പത് വയസിനുള്ളില്‍ ആകാന്‍ ശ്രദ്ധിക്കുക.
2. ലൈംഗീകത, ജീവിതരീതികള്‍, ഗര്‍ഭനിരോധനം എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസം വിവാഹത്തിന് മുമ്പേ നല്‍കുക.
3. പ്രത്യുല്‍പാദനത്തിന് സ്‌ത്രീയെ പ്രാപ്‌തയാക്കുന്ന പ്രതിഭാസമാണ് ആര്‍ത്തവം. അതിനാല്‍ ആര്‍ത്തവാരംഭം മുതല്‍ തന്നെ അമ്മമാര്‍ കുട്ടികളുടെ ആഹാരരീതിയിലും വ്യായാമത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കണം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക.
4. സ്‌ത്രീശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകള്‍ കൂടുകയും ചെയ്യുന്ന സമയമാണ് ആര്‍ത്തവ കാലം. അതുകൊണ്ട് ഈ സമയം വിശ്രമത്തിന് പ്രാധാന്യം നല്‍കുക. ആര്‍ത്തവ കാലത്തെ ലൈംഗികബന്ധം ഒഴിവാക്കുക. മലമൂത്രവേഗങ്ങള്‍ തടഞ്ഞു നിര്‍ത്താതിരിക്കുക.
5. ചിട്ടയായ ജീവിത ശൈലി ഉണ്ടാക്കിയെടുക്കുക. മാനസിക സഘര്‍ഷങ്ങളും ആകാംക്ഷകളും ഒഴിവാക്കി മാനസിക ഉല്ലാസം നല്‍കുന്ന വ്യയാമങ്ങളും യോഗ പ്രാണായാമം എന്നി മാര്‍ഗങ്ങളും സ്വീകരിക്കുക.
6. ജനനേന്ദ്രിയങ്ങളിലും പരിസര പ്രദേശത്തും ചൂടു നിലനില്‍ക്കുന്ന രീതിയിലുള്ള വസ്‌ത്രങ്ങള്‍ ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും വഴി അണുബാധ തടയാം.
7. ഒരുമിച്ചുള്ള വ്യയാമം, നടത്തം, ടെന്‍ഷന്‍ പങ്കുവയ്‌ക്കല്‍ എന്നിവ ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തും.
8. പങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റിയ ശേഷം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.
ആഹാരത്തില്‍ ശ്രദ്ധിക്കാം
കൃത്രിമ നിറവും മധുരവും നിറഞ്ഞ ആഹാരങ്ങളും പാനീയങ്ങളും റെഡിമെയ്‌ഡ്, ഫാസ്‌റ്റ് ഫുഡ്, ചായ, കാപ്പി എന്നിങ്ങനെ കഫീനുള്ള പാനീയങ്ങളും ഒഴിവാക്കണം.
ആഹാരരീതിയില്‍ ഉള്ള മറ്റങ്ങളാണ് പി. സി. ഒ. എസ് കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ ഈ രോഗമുള്ളവര്‍ വണ്ണം കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മത്സ്യമാംസാദികള്‍ കുറയ്‌ക്കുക. ധാരാളം വെള്ളം കുടിക്കുക. ഏത്തപ്പഴം, വെണ്ടയ്‌ക്കാ സൂപ്പ്, ബദാം, വെണ്ണ, പാല്‍ എന്നിവ ധാരാളമായി കഴിക്കണം.
രോഗ നിര്‍ണയം
രോഗിയുമായുള്ള സംഭാഷണത്തിലൂടെ രോഗ ചരിത്രവും വ്യക്‌തിയുടെ മാനസിക അവസ്‌ഥയും വിശദമായി മനസിലാക്കുക. ഹോര്‍മോണിന്റെ അളവ് പരിശോധിക്കുക. രക്‌ത പരിശോധന സ്‌കാനിങ്, എക്‌സ്റേ, ലാപ്രോസ് കോപ്പി, ഹിസ്‌റ്ററോസ്‌കോപി, അള്‍ട്രാസോണോ ഗ്രാഫി എന്നീ പരിശോധനകളിലൂടെ കൃത്യമായി രോഗകാരണം കണ്ടെത്തി ചികിത്സ ആരംഭിക്കാം.
ചികിത്സ
ജീവിതരീതികള്‍, ലൈംഗീകത, ഗര്‍ഭം, ഗര്‍ഭ നിരോധനം എന്നിവയെക്കുറിച്ചുള്ള അടിസ്‌ഥാന വിവരണം ദമ്പതികള്‍ക്ക് നല്‍കുകയാണ് ആദ്യം വേണ്ടത്. രോഗിയുടെ ശാരീരിക മാനസികാവസ്‌ഥകള്‍ വിശകലനം ചെയ്‌ത് രോഗകാരണം കണ്ടെത്തി അതിനനുസരണമായി ചികിത്സ
ആരംഭിക്കണം.
ആര്‍ത്തവ ദുഷ്‌ടി ചികിത്സിച്ചുമാറ്റുന്നതിലൂടെ അതുമൂലമുള്ള വന്ധ്യത തടയാം. ഇതിനായി നെയ്യ് സേവിക്കുക, വിയര്‍പ്പിക്കുക, ഛര്‍ദിപ്പിക്കുക, വയറിളക്കുക, വസ്‌തി എന്നീ ചികിത്സകള്‍ ചെയ്യുന്നു. സ്‌ത്രീകളില്‍ മാത്രം ചെയ്യുന്ന ചികിത്സാ കര്‍മ്മാണ് ഉത്തര വസ്‌തി.
ഗര്‍ഭാശയത്തിന് അകത്തേയ്‌ക്ക് ഔഷധം പ്രയോഗിക്കുന്ന ഈ ചികിത്സാരീതീ ആര്‍ത്തവ ക്രമക്കേടുകള്‍ മാറ്റുന്നതിനും ഗര്‍ഭാശയയത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടന്നതിനും ഫലപ്രദമാണ്. ഇങ്ങന ശോധന ക്രീയകള്‍ ചെയ്‌ത് ശരീരശുദ്ധി വരുത്തുകയും ചയ്യണം.
പി. സി. ഒ. എസ്, അണ്ഡ വിസര്‍ജനം നടക്കാത്ത അവസ്‌ഥ, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്‌നങ്ങള്‍ കൃത്യമായ ഔഷധസേവയിലൂടെയും പത്ഥ്യാചരണത്തിലൂടെയും പരിഹരിക്കാവുന്നതാണ്. ഇതിനായി ഗുഗ്ഗുലു പഞ്ചപലചൂര്‍ണം, ദ്രാക്ഷാദി കഷായം, മധുകാസവം, അശ്വഗന്ധാരിഷ്‌ടം, വരുണാദി കഷായം, കന്മദഭസ്‌മം, ശൃംഗഭസ്‌മം എന്നീ മരുന്നുകള്‍ ഉപയോഗിക്കാം.
ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍
പ്രത്യുല്‍പാദന അവയവങ്ങള്‍ക്കുണ്ടാകുന്ന ചില ഘടനാപരമായ വൈകല്യങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ്. ഇത്തരം അവസ്‌ഥകളില്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുള്ള ജീവിതം ഒരുമിച്ച് സന്തോഷത്തോടെ നയിക്കാന്‍ ദമ്പതികള്‍ ശ്രമിക്കേണ്ടതാണ്.
ശാരീരികമായും മാനസികമായും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ ചില തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ആയൂര്‍വേദം നിഷ്‌കര്‍ശിക്കുന്നു. ഒരുമാസം മുന്‍പ് തന്നെ ബ്രഹ്‌മചര്യം അനുഷ്‌ഠിച്ച് പത്ഥ്യാഹാരം ശീലിക്കുക.
സ്‌ത്രീകള്‍ പഞ്ചകര്‍മ ചികിത്സയിലൂടെ ശരീരശുദ്ധി വരുത്തണം. ഇതിനടുത്ത മാസമാണ് ഗര്‍ഭധാരണത്തിനായി ശ്രമിക്കേണ്ടത്. ഈ സമയത്ത് എള്ള്, ഉഴുന്ന് എന്നിവ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
വന്ധ്യതയുടെ പേരില്‍ ആശുപത്രികള്‍ കയറിയിറങ്ങാതെ ഒരു വിദഗ്‌ധ ചികിത്സകനെ കണ്ടെത്തി വന്ധ്യതയുടെ കാരണമെന്താണെന്നും അത് ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണോ എന്നും കൃത്യമായി മനസിലാക്കി ചികിത്സ ആരംഭിക്കാന്‍ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഗൃഹവൈദ്യം
1. കദളി വാഴ നീര് തേന്‍ ചേര്‍ത്ത് കഴിക്കുക.
2. തഴുതാമ നീര് നല്ലെണ്ണ ചേര്‍ത്ത് കഴിക്കുക.
3. ശതാവരി ഉണക്കി പൊടിച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിക്കുക.
4. അരയാലിന്റെ വേര് ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
5. നാലോ അഞ്ചോ ഈന്തപ്പഴവും ഉണക്ക മുന്തിരിയും ദിവസവും കഴിക്കുക.
6. കാട്ടുലന്തയുടെ ഇലകള്‍ പറിച്ച് പത്ത് കുരുമുളകും നാലു വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഋതുവായ മൂന്നുദിവസങ്ങളില്‍ വെറും വയറ്റില്‍ കഴിച്ചാല്‍ ഗര്‍ഭപാത്ര ദോഷം മാറി ഗര്‍ഭധാരണ ശക്‌തി കൈവരും.
7. അമുക്കുരം പെടിച്ച് ഒരു ടീസ്‌പൂണ്‍ വീതം പാലില്‍ കുറുക്കി കഴിച്ചാല്‍ വെള്ളപോക്ക്, ആര്‍ത്തവ ക്രമക്കേട്, മൂത്ര സംബന്ധമായ അസുഖങ്ങള്‍ എന്നിവ മാറി സന്താനോത്‌പാദന ശേഷി ഉണ്ടാകുന്നതാണ്.
ഡോ. സന്ധ്യ ബിസ്
ഗുപ്‌താസ് ആയുര്‍വേദ ക്ലിനിക്, വൈക്കം
@http://www.mangalam.com/news/detail/344-ayurveda.html