എന്താണ് ടാമ്പണുകൾ?
സാനിറ്ററി പാഡുകളെ പോലെ ആർത്തവ രക്തം വലിച്ചെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഉത്പന്നങ്ങളാണ് ടാമ്പണുകൾ.
മൃദുവായ പഞ്ഞി വീതികുറഞ്ഞ സിലിണ്ടർ ആകൃതിയിലുള്ള ട്യൂബുകളാക്കിയാണ് ടാമ്പണുകൾ നിർമ്മിക്കുന്നത്. ഇവ യോനീമുഖത്തേക്ക് കടത്തിവയ്ക്കുകയാണ് ചെയ്യാറുള്ളത്.
ഇവ സ്ത്രീ ശരീരത്തിൽ നിന്ന് ആർത്തവ രക്തം പുറത്തേക്ക് ഒഴുകുന്നതിന് മുമ്പ് ഒപ്പിയെടുക്കുന്നു. വിവിധ വലിപ്പത്തിലും ആഗിരണ ശേഷിയിലുമുള്ള ടാമ്പണുകൾ ഫാർമസികളിൽ നിന്ന് ലഭ്യമാണ്. ടാമ്പണുകളിൽ വെളിയിലേക്ക് തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ ചരട് ഉണ്ടായിരിക്കും. ഈ ചരടിൽ വലിച്ചാണ് യോനിയിൽ നിന്ന് ഇവ നീക്കംചെയ്യുന്നത്.
ചില ടാമ്പണുകൾക്കൊപ്പം അവ യോനിയിലേക്ക് തള്ളിവയ്ക്കാനുള്ള ആപ്ലിക്കേറ്റർ ഉണ്ടായിരിക്കും. എന്നാൽ, ഇത് ഇല്ലാത്തവ വിരൽ ഉപയോഗിച്ച് തള്ളിവയ്ക്കേണ്ടിവരും.
ടാമ്പൺ തെരഞ്ഞെടുക്കുന്നത് എങ്ങനെ?
വലിച്ചെടുക്കൽ ശേഷി അനുസരിച്ച് വിവിധ വലിപ്പത്തിലുള്ള (ലൈറ്റ്, സ്ലെൻഡർ, റെഗുലർ, സൂപ്പർ, സൂപ്പർ പ്ലസ്) ടാമ്പണുകൾ വിപണിയിൽ ഉണ്ട്. ഇവ പ്ലാസ്റ്റിക് അല്ലെങ്കിൽ കാർഡ്ബോർഡ് ആപ്ലിക്കേറ്ററുകളോട് കൂടിയും ആപ്ലിക്കേറ്റർ ഇല്ലാതെയും ലഭ്യമാണ്. രക്തസ്രാവത്തിന് അനുസൃതമായി ഏത് തരത്തിലുള്ള ടാമ്പൺ ഉപയോഗിക്കണമെന്ന് ഓരോ നിർമ്മാതാവും തങ്ങളുടെ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ആദ്യമായി, ഓരോത്തരും വിവിധ വലിപ്പത്തിലുള്ളവ പരീക്ഷിച്ച് തങ്ങൾക്ക് അനുസൃതമായത് തെരഞ്ഞെടുക്കണം. ‘സ്ലെൻഡർ’ അഥവാ കൗമാരക്കാർക്ക് വേണ്ടി രൂപകൽപ്പന ചെയ്തതിൽ തുടങ്ങി വേണം പരീക്ഷണം ആരംഭിക്കേണ്ടത്.
ടാമ്പൺ കടത്തിവയ്ക്കുന്നത് എങ്ങനെ?
നിങ്ങൾ ടാമ്പൺ വാങ്ങുമ്പോൾ അതിന്റെ പെട്ടിയിൽ അത് എങ്ങനെ യോനിയിൽ കടത്തിവയ്ക്കണം എന്നതിനെ കുറിച്ച് ചിത്ര സഹായത്തോടെയുള്ള വിശദീകരണം കാണാൻ സാധിക്കും. നിർദേശങ്ങളും ചിത്രങ്ങളും കാണുക. ആർത്തവ സമയത്ത് ടാമ്പൺ യോനിയിൽ കടത്തിവയ്ക്കാൻ ശ്രമിക്കുക, ഈ അവസരത്തിൽ യോനി നനവുള്ളതായിരിക്കുമെന്നതിനാൽ അത് സുഗമമായി അകത്തേക്ക് പ്രവേശിക്കും.
ടാമ്പൺ അകത്തേക്ക് കടത്തിവയ്ക്കുന്നതിനു മുമ്പ് കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകണം.
വിവിധ ശാരീരിക സ്ഥിതികളിൽ ടാമ്പൺ അകത്തേക്ക് കടത്താവുന്നതാണ്. നിന്നുകൊണ്ട് മുട്ടുകൾ അൽപ്പം വളച്ചും ബാത്ത് ടബ്ബ് അല്ലെങ്കിൽ ടോയ്‌ലറ്റ് ബൗളിനു മുകളിൽ ഒരു കാൽ ഉയർത്തിവച്ചുമാണ് കൂടുതൽ പേരും ഇത് ചെയ്യുന്നത്.
ആപ്ലിക്കേറ്റർ ഇല്ലാത്ത ടാമ്പൺ കടത്തിവയ്ക്കൽ
നനവില്ലാത്ത കൈകൊണ്ട് ടാമ്പൺ കവറിൽ നിന്ന് പുറത്തെടുക്കുക.
ഉറപ്പ് പരിശോധിക്കുന്നതിന് ടാമ്പണിലെ ചരടിൽ മെല്ലെ വലിച്ചുനോക്കുക.
കടത്തിവയ്ക്കാനായി സൗകര്യപ്രദമായ രീതിയിൽ നിൽക്കുക.
ദീർഘശ്വാസമെടുത്ത് ആയാസരഹിതമാവുക.
അനുയോജ്യമായ രീതിയിൽ നിന്ന ശേഷം ചരട് ഉള്ള അറ്റത്ത് പിടിച്ച് ടാമ്പൺ എടുക്കണം. ചരട് യോനിയുടെ എതിർ വശത്ത് താഴേക്ക് അഭിമുഖമായി വരണം.
സ്വതന്ത്രമായ കൈ ഉപയോഗിച്ച് യോനീപുടങ്ങൾ (ലേബിയ) അകത്തി ടാമ്പൺ യോനിയിലേക്ക് കടത്തി വയ്ക്കുക.
ടാമ്പൺ 45 ഡിഗ്രി മുകളിലേക്ക് ചരിച്ച് യോനിക്കുള്ളിലേക്ക് പതുക്കെ തള്ളി വയ്ക്കുക.
ടാമ്പൺ യോനിക്ക് ഉള്ളിലെത്തിയ ശേഷം ചൂണ്ടു വിരൽ ഉപയോഗിച്ച് കൂടുതൽ അകത്തേക്ക് തള്ളുക.
ടാമ്പണിന്റെ ചരട് യോനിയുടെ വെളിയിലേക്ക് തൂങ്ങിക്കിടക്കണം.
ആപ്ലിക്കേറ്റർ ഉള്ള ടാമ്പൺ കടത്തിവയ്ക്കൽ
നനവില്ലാത്ത കൈ കൊണ്ട് ടാമ്പൺ കവറിൽ നിന്ന് പുറത്തെടുക്കുക.
ഉറപ്പ് പരിശോധിക്കുന്നതിന് ടാമ്പണിലെ ചരടിൽ മെല്ലെ വലിച്ചുനോക്കുക.
ടാമ്പൺ കടത്തിവയ്ക്കാനായി സൗകര്യപ്രദമായ രീതിയിൽ നിൽക്കുക.
ദീർഘശ്വാസമെടുത്ത് ആയാസരഹിതമാവുക.
ടാമ്പണിനു വെളിയിലുള്ള സിലിണ്ടറിന്റെ മധ്യഭാഗത്തായി സൗകര്യപ്രദമായി പിടിക്കുക. ടാമ്പണിന്റെ ചരട് വെളിയിലേക്ക് തൂങ്ങിക്കിടക്കണം.
സ്വതന്ത്രമായ കൈ ഉപയോഗിച്ച് യോനീപുടങ്ങൾ (ലേബിയ) അകത്തി ടാമ്പൺ യോനിയിലേക്ക് കടത്തി വയ്ക്കുക.
ടാമ്പൺ 45 ഡിഗ്രി മുകളിലേക്ക് ചരിച്ച് യോനിക്കുള്ളിലേക്ക് പതുക്കെ തള്ളി വയ്ക്കുക.
വെളിയിലുള്ള ട്യൂബ് അഥവാ ആപ്ലിക്കേറ്റർ യോനിക്ക് ഉള്ളിൽ ആയിക്കഴിയുമ്പോൾ ചൂണ്ടുവിരൽ ഉപയോഗിച്ച് ടാമ്പണിന്റെ ചരട് ദൃശ്യമാവുന്ന സ്ഥലത്ത് അമർത്തുക. ഇത് അകത്തെ ട്യൂബ് (ടാമ്പൺ) ഉള്ളിലേക്ക് എത്തിക്കും.
ടാമ്പൺ ഉള്ളിൽ എത്തിക്കഴിഞ്ഞാൽ തള്ളവിരലും നടുവിരലും ഉപയോഗിച്ച് ആപ്ലിക്കേറ്റർ പുറത്തേക്ക് എടുക്കുക
യോനിക്ക് വെളിയിലേക്ക് ചരട് തൂങ്ങിക്കിടപ്പുണ്ടെന്ന് ഉറപ്പുവരുത്തുക.
ടാമ്പൺ എങ്ങനെയാണ് പുറത്തെടുക്കുന്നത്?
ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്‌എസ്) എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നതിനാൽ ഒരിക്കലും എട്ട് മണിക്കൂറിൽ കൂടുതൽ സമയം ഒരു ടാമ്പൺ ഉപയോഗിക്കരുത്.
ടിഎസ്‌എസിന്റെ അപകടസാധ്യത ഒഴിവാക്കാനായി രാത്രികാലങ്ങളിൽ ഉറങ്ങുന്ന സമയത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതാവും നല്ലത്.
ടാമ്പണുകൾ രക്തം വലിച്ചെടുക്കുന്നത് അതിന്റെ ആഗിരണശേഷിയെയും ആർത്തവ രക്തപ്രവാഹത്തിന്റെ തോതിനെയും ആശ്രയിച്ചിരിക്കും. ആഗിരണം ചെയ്യാവുന്നയത്ര രക്തം വലിച്ചെടുക്കാനായി ഇവ 3-4 മണിക്കൂറുകൾ വരെ യോനിയിൽ കടത്തിവയ്ക്കാം.
ടാമ്പൺ പുറത്തെടുക്കുന്നതിന്;
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
ഒരു കാൽ ഉയർത്തിയോ നിവർന്നു നിന്ന് മുട്ടുകൾ അൽപ്പം വളച്ചോ സൗകര്യപ്രദമായ രീതിയിൽ നിൽക്കുക.
ദീർഘശ്വാസമെടുത്ത് ആയാസരഹിതമാവുക.
ടാമ്പണിന്റെ ചരടിൽ മൃദുവായി വലിച്ച് അത് പുറത്തെടുക്കുക.
നിങ്ങൾ ആദ്യമായി ടാമ്പൺ ഉപയോഗിക്കുകയാണെങ്കിൽ, നീക്കംചെയ്ത ശേഷം അത് പരിശോധിക്കണം. അതിൽ വെളുത്ത ഭാഗങ്ങൾ അവശേഷിക്കുന്നു എങ്കിൽ അടുത്ത തവണ കുറഞ്ഞ ആഗിരണശേഷിയുള്ള ടാമ്പണുകൾ വാങ്ങിയാൽ മതിയാവും. അതേസമയം, ടാമ്പൺ കുതിർന്നിരിക്കുകയും രക്തം പടരുകയും ചെയ്തിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് കൂടുതൽ ആഗിരണശേഷിയുള്ള ടാമ്പൺ ആയിരിക്കും അനുയോജ്യം. സ്ഥിരമായ ഉപയോഗത്തിലൂടെ നിങ്ങൾക്ക് അനുയോജ്യമായത് ഏതെന്ന് മനസ്സിലാക്കാൻ കഴിയും. ചിലപ്പോൾ, ആർത്തവത്തിന്റെ ആദ്യ ഘട്ടത്തിൽ, രക്തപ്രവാഹം കൂടുതലുള്ള സമയത്ത്, കൂടുതൽ ആഗിരണശേഷിയുള്ള ‘സൂപ്പർ ടാമ്പണും’ രക്തപ്രവാഹം അൽപ്പം കുറയുന്ന മധ്യഘട്ടത്തിൽ ഇടത്തരം ആഗിരണശേഷിയുള്ള (റെഗുലർ) ടാമ്പണും രക്തപ്രവാഹം നല്ലവണ്ണം കുറയുന്ന ഘട്ടത്തിൽ ആഗിരണശേഷി കുറഞ്ഞ (മിനി, ലൈറ്റ്) ടാമ്പണും നിങ്ങൾക്ക് ഉപയോഗിക്കാം.
ടാമ്പണിന്റെ ചരട് നഷ്ടപ്പെട്ടാൽ?
ടാമ്പൺ 6-8 മണിക്കൂറിനു ശേഷം നീക്കംചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതൽ സമയം ഉപയോഗിച്ചാൽ അത് അണുബാധയ്ക്കും ദുർഗന്ധം വമിക്കുന്നതിനും ചിലപ്പോൾ ടിഎസ്‌എസിനും കാരണമായേക്കാം. ചില അവസരങ്ങളിൽ ടാമ്പണിന്റെ ചരട് താഴേക്ക് തൂങ്ങിക്കിടന്നുവെന്ന് വരില്ല. അല്ലെങ്കിൽ, അത് പൊട്ടിപ്പോയെന്നും വരാം.
ഇത്തരം അവസരങ്ങളിൽ നിങ്ങൾക്ക് കൈകൾ ഉപയോഗിച്ച് ടാമ്പണുകൾ നീക്കംചെയ്യേണ്ടിവരും. മുകളിൽ പറഞ്ഞതുപോലെ സൗകര്യപ്രദമായ ഒരു സ്ഥിതിയിൽ നിൽക്കുക. ദീർഘശ്വാസമെടുത്ത് അനായാസത കൈവരിക്കുക. കാരണം, നിങ്ങൾ ഉദ്വേഗഭരിതയാണെങ്കിൽ യോനിയിലെ മസിലുകൾ സങ്കോചിക്കുകയും ടാമ്പൺ നീക്കം ചെയ്യാൻ പ്രയാസമനുഭവപ്പെടുകയും ചെയ്തേക്കാം.
ഇനി നിങ്ങൾക്ക് ടാമ്പൺ സ്വയം നീക്കം ചെയ്യാൻ സാധിച്ചില്ല എങ്കിൽ ഉടൻ ഒരു ഡോക്ടറുടെ സഹായത്തോടെ അത് നീക്കംചെയ്യുക.
ടാമ്പണുകൾ ഉപയോഗിച്ചാൽ കന്യകാത്വം നഷ്ടമാവുമോ?
കന്യാകാത്വം നഷ്ടമാകാൻ ടാമ്പൺ കാരണമാകുമെന്ന് ചില പെൺകുട്ടികൾ ആശങ്കപ്പെടുന്നു. കന്യാചർമ്മം പൊട്ടുന്നത് മൂലം കന്യകാത്വം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുമല്ലോ എന്നുള്ളതാണ് ഇവരുടെ ഭീതി.
ഒരിക്കൽപ്പോലും ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതിനെയാണ് കന്യകാത്വം എന്ന് പറയുന്നത്. ടാമ്പൺ കടത്തിവയ്ക്കുന്നത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് സമാനമല്ല, അതിനാൽ, കന്യകാത്വം നഷ്ടപ്പെടുകയുമില്ല.
വണ്ണം കുറഞ്ഞ ട്യൂബുകളായാണ് ടാമ്പൺ നിർമ്മിക്കുന്നത്. നിർദിഷ്ടരീതിയിൽ അവ ഉപയോഗിക്കുന്നത് സാധാരണഗതിയിൽ കന്യാചർമ്മത്തിനു കേടുവരുത്തുകയില്ല. എന്നിരുന്നാലും, ചിലപ്പോൾ ഇത് കന്യാചർമ്മത്തിനു കേടുവരുത്താൻ സാധ്യതയുണ്ട്. സൈക്കിൾ സവാരി, കുതിരസവാരി, നൃത്തം, ബൈക്ക് ഓടിക്കൽ തുടങ്ങിയ ശാരീരിക പ്രവർത്തികളും കന്യാചർമ്മം പൊട്ടാൻ കാരണമാവുമെന്ന കാര്യവും ഓർക്കേണ്ടതാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരുടെ കന്യാചർമ്മം പൊട്ടാം അല്ലെങ്കിൽ അസ്വാഭാവിക രീതിയിൽ ആവാം. ഇതിനർത്ഥം അവർ കന്യകമാർ അല്ലെന്നല്ല. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ നിങ്ങളുടെ കന്യകാത്വം നഷ്ടമാവുകയുള്ളൂ.
എന്താണ് ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്‌എസ്)?
ടാമ്പൺ ഉപയോഗിക്കുന്നതുവഴി കൗമാരക്കാർക്ക് ഉണ്ടായേക്കാവുന്ന ജീവന് ഭീഷണിയായേക്കാവുന്ന സങ്കീർണമായ അണുബാധയാണ് ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്‌എസ്). ടിഎസ്‌എസിനു കാരണമാവുന്നത് ടാമ്പണല്ല, സ്റ്റാഫിലോകോക്കസ് എന്നയിനം ബാക്ടീരിയകളാണ്.
ടാമ്പൺ യോനിക്കുള്ളിൽ കടത്തിവച്ചിരിക്കുന്ന സമയം സ്റ്റാഫിലോകോക്കസ് ഓറിയസ് അടക്കമുള്ള ബാക്ടീരിയകൾക്ക് വളരാൻ അനുകൂലമായ സാഹചര്യമാണ്. കൂടുതൽ ആഗിരണശേഷിയുള്ള ടാമ്പൺ ഉപയോഗിച്ചാൽ കൂടുതൽ സമയം ഉപയോഗിക്കാൻ സാധിക്കുമെന്നും ഇടയ്ക്ക് അത് മാറ്റുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയുമെന്നും കരുതുന്നവരുണ്ട്. ഇത് ടിഎസ്‌എസിനുള്ള അപകടസാധ്യത വർധിപ്പിക്കും. ഓരോ 4-6 മണിക്കൂറിലും ടാമ്പണുകൾ മാറ്റേണ്ടതുണ്ട്. ഇതിനായി നിർമ്മാതാക്കളുടെ നിർദേശം പിന്തുടരുക.
കൗമാരക്കാരുടെ ശരീരത്തിന് സ്റ്റാഫിലോകോക്കസിന് എതിരെയുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ സാധിക്കാതെവന്നേക്കാം. അതിനാൽ അവർക്ക് ടിഎസ്‌എസിനുള്ള അപകടസാധ്യതയും അധികമാണ്. ശരീരത്തിൽ ബാക്ടീരിയകൾ പെരുകുമ്പോൾ അവ വിഷപദാർത്ഥങ്ങൾ പുറന്തള്ളുകയും ഗുരുതരമായ പ്രതിപ്രവർത്തനത്തിന് കാരണമാവുകയും ചെയ്യും.
ടിഎസ്‌എസിന്റെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി
രക്തസമ്മർദം കുറയുക
ഛർദി അല്ലെങ്കിൽ ഓക്കാനം
ശരീരം ചുവന്നു തടിക്കുക
മസിലുകൾക്ക് വേദന
കണ്ണിലും തൊണ്ടയിലും വായിലും ചുവപ്പ് നിറം
തലവേദന
സന്നി
ടിഎസ്‌എസിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും ടാമ്പൺ ഉപയോഗിക്കുമ്പോൾ ഇവയിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണുകയും ചെയ്യണം. ഇവയിൽ ചില ലക്ഷണങ്ങൾ പനിയുടേതിന് സമാനമാണെങ്കിലും ആർത്തവസമയത്ത് ടാമ്പൺ ധരിച്ചിരിക്കുമ്പോഴാണ് അനുഭവപ്പെടുന്നത് എങ്കിൽ ഡോക്ടറുടെ നിർദേശം തേടിയിരിക്കണം.
ടാമ്പൺ ധരിക്കുമ്പോൾ ടിഎസ്‌എസിന്റെ അപകടസാധ്യത എങ്ങനെ കുറയ്ക്കാൻ സാധിക്കും?
ടാമ്പൺ ധരിക്കുമ്പോൾ ടിഎസ്‌എസ് അപകടസാധ്യത കുറയ്ക്കാനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക;
ടാമ്പൺ കടത്തിവയ്ക്കുന്ന സമയത്ത് ശുചിത്വം ഉറപ്പുവരുത്തണം – ടാമ്പൺ കടത്തിവയ്ക്കുമ്പോഴും നീക്കംചെയ്യുമ്പോഴും കൈകൾ കഴുകി വൃത്തിയാക്കണം.
ആപ്ലിക്കേറ്ററോ കൂർത്ത നഖങ്ങളോ കാരണം യോനിയിൽ മുറിവുപറ്റാതിരിക്കാൻ ശ്രദ്ധിക്കണം.
ടാമ്പണുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുക – ഒരിക്കലും എട്ട് മണിക്കൂറിൽ കൂടുതൽ ഒരു ടാമ്പൺ ഉപയോഗിക്കരുത്. എല്ലാ 4-6 മണിക്കൂറിലും അല്ലെങ്കിൽ ആവശ്യമായ ഇടവേളകളിൽ ടാമ്പണുകൾ മാറ്റുക.
ആവശ്യത്തിന് ആഗിരണശേഷിയുള്ള ടാമ്പൺ ഉപയോഗിക്കുക – സൂപ്പർ ടാമ്പണുകൾ ഉപയോഗിക്കുമ്പോഴാണ് ടിഎസ്‌എസിന് സാധ്യത കൂടുതൽ.
നിങ്ങൾക്ക് കൂടുതൽ രക്ത്രസ്രാവം ഇല്ല എങ്കിൽ അധിക ആഗിരണശേഷിയുള്ള ടാമ്പൺ ഉപയോഗിക്കേണ്ടതില്ല. രക്തപ്രവാഹം കുറയുമ്പോൾ ആഗിരണശേഷി കുറഞ്ഞ ടാമ്പണുകൾ ഉപയോഗിക്കുക.
പാഡുകളും ടാമ്പണുകളും മാറിമാറി ഉപയോഗിക്കുക -നിങ്ങൾ ഉറങ്ങാൻ പോവുകയാണെങ്കിൽ, ഇടയ്ക്ക് ടാമ്പൺ മാറ്റാൻ എഴുന്നേൽക്കാൻ സാധ്യത കുറവാണെങ്കിൽ, പാഡുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ആർത്തവ സമയത്ത് മാത്രം ടാമ്പണുകൾ ഉപയോഗിക്കുക – ആർത്തവ രക്തസ്രാവമുള്ളപ്പോൾ മാത്രം ടാമ്പണുകൾ ഉപയോഗിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ