നീലച്ചിത്രം; ദാമ്പത്യത്തിലെ വില്ലന്‍



വെറും പതിനാലു ദിവസം മാത്രമായിരുന്നു അവരുടെ ദാമ്പത്യത്തിന് ആയുസ്. അധ്യാപക ദമ്പതിമാരുടെ അധ്യാപകരായ മക്കളായിരുന്നു അവര്‍ ഇരുവരും. വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവര്‍. എന്നിട്ടും...

നീലച്ചിത്രമായിരുന്നു ആ നവദാമ്പത്യ ജീവിതത്തില്‍ വില്ലനായി കടന്നുവന്നത്. ആദ്യരാത്രിയില്‍ തന്നെ അയാള്‍ ഭാര്യയെ നീലച്ചിത്രം കാണാന്‍ ക്ഷണിച്ചു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ രതിവൈകൃതങ്ങള്‍ക്കു മുന്നില്‍ അവള്‍ മുഖം പൊത്തി. അവന്‍ വീണ്ടും അവളെ നിര്‍ബന്ധിച്ചു. ''നോക്ക്... ഇതുപോലെ, ഇതുപോലെ വേണം നമുക്കും...'' അവളെ ബലമായി പിടിച്ച് കംപ്യൂട്ടറിനു മുന്നിലിരുത്തി. പിന്നെ ബഡ്ഷീറ്റും ടവ്വലും ഉപയോഗിച്ച് അവളുടെ കൈകാലുകള്‍ കട്ടിലിന്റെ ഇരുവശങ്ങളിലും ബന്ധിച്ചു. നിലവിളിക്കാന്‍ പോലുമാവാതെ അവള്‍ വേദനകൊണ്ടു പിടയുമ്പോള്‍ മേശപ്പുറത്തെ കംപ്യൂട്ടറില്‍ മിന്നിമറഞ്ഞ വൈകൃതക്കാഴ്ചകള്‍ അയാളില്‍ കൂടുതല്‍ ആവേശം നിറയ്ക്കുകയായിരുന്നു.

കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന വിവാഹ മോചനകേസുകളിലൊന്നിന്റെ പിന്നാമ്പുറമാണിത്. ഇത്തരത്തില്‍ നീലച്ചിത്രം തകര്‍ക്കുന്ന ദാമ്പത്യബന്ധങ്ങള്‍ നിരവധിയാണ്. ന്യൂജനറേഷന്‍ ചിത്രങ്ങളും ഇന്റര്‍നെറ്റ് മസാലകളും യുവാക്കളുടെ ലൈംഗിക ചിന്തകളെ പാടേ മാറ്റിമറിച്ചു. സെക്‌സില്‍ പുതുമതേടുകയാണ് യുവതലമുറ. ഇതിന്റെ ഫലമായാണ് നീലച്ചിത്രങ്ങളിലെ ലൈംഗികവൈകൃതങ്ങള്‍ സ്വന്തം ദാമ്പത്യ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. വിവാഹപൂര്‍വ ലൈംഗികതയും പുത്തന്‍ പരീക്ഷണങ്ങളിലേക്ക് പുതുതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നു.

സ്ത്രീകളെ അപേക്ഷിച്ച് നീലച്ചിത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നത് പുരുഷന്മാരാണ്. ഇതുതന്നെയാണ് പലപ്പോഴും ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും. ലൈംഗികതയുടെ 'പുതിയ പാഠങ്ങള്‍' ഭാര്യയ്ക്കുമുന്നില്‍ തുറന്നുവയ്ക്കാനാണ് പുരുഷന്മാര്‍ കിടപ്പറയില്‍ നീലച്ചിത്രത്തെ കൂട്ടുപിടിക്കുന്നത്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്ത്രീകളെ ഒരുവിധത്തിലും ഉണര്‍ത്തുകയില്ല. മറിച്ച് സെക്‌സിനോട് വെറുപ്പോ അകല്‍ച്ചയോ തോന്നാന്‍ ഇടവരുത്തും. ഇത് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തും.

രതിവൈകൃതങ്ങള്‍

നീലച്ചിത്രങ്ങള്‍ വിളമ്പുന്നത് രതിവൈകൃതങ്ങളാണ്. മാരകമായ ലൈംഗികതയാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. വിദേശരാജ്യങ്ങളില്‍ മുഖ്യധാരാ ചിത്രങ്ങള്‍ക്ക് എന്നപോലെ നീലച്ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രത്യേക അഭിനേതാക്കളുണ്ട്. സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളുമുണ്ട്. ഇവര്‍ക്കായി വര്‍ഷം തോറും അവാര്‍ഡ് നിര്‍ണയം പോലും നടക്കുന്നു. കോടാനുകോടികള്‍ നേടിക്കൊടുക്കുന്ന വ്യവസായമാണ് പാശ്ചാത്യ നാടുകളില്‍ 'പോണ്‍ ചിത്രങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്ന നീലച്ചിത്രം.

ലൈംഗികപൂര്‍വ ലാളനകളൊന്നും കൂടാതെ നേരിട്ട് ലൈംഗികബന്ധത്തിലേക്ക് പ്രവേശിക്കുകയും രതിയും രതിമൂര്‍ച്ഛയും വെറും അഭിനയത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം ചിത്രങ്ങളില്‍. പ്രത്യേകം പരിശീലനം നേടിയിട്ടുള്ള നടീനടന്മാരുടെ ശരീരം ഏതു രീതിയിലും വഴങ്ങും. ഭ്രാന്തമായ ലൈംഗിക ആശയങ്ങളും ആവിഷ്‌കാരവുമാണ് വിദേശനിര്‍മിത നീലച്ചിത്രങ്ങള്‍ക്ക്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. നീലച്ചിത്രങ്ങളെ മാതൃകയാക്കുന്ന പുരുഷന്‍ പങ്കാളിയെ പ്രകൃതി വിരുദ്ധ ലൈംഗിക ക്രിയകള്‍ക്കുപോലും നിര്‍ബന്ധിച്ചെന്നിരിക്കും.

പുരുഷത്വം സ്ത്രീയുടെ അംഗീകാരം

നീലച്ചിത്രങ്ങള്‍ വച്ചുനീട്ടുന്ന ലൈംഗികതയില്‍ പരീക്ഷണം നടത്തി വിജയിക്കുന്നതല്ല യഥാര്‍ഥ പൗരുഷം. അത് സ്ത്രീ പുരുഷനു നല്‍കുന്ന അംഗീകാരമാണ്. ഒന്നിലേറെത്തവണ തുടര്‍ച്ചയായി ലൈംഗികമായി ബന്ധപ്പെടുന്നതും രതിമൂര്‍ച്ഛ അനുഭവിക്കുന്നതും നീലച്ചിത്രങ്ങളിലെ പതിവു കാഴ്ചയാണ്. എന്നാല്‍ ഇത് യഥാര്‍ഥ ജീവിതത്തില്‍ സാധ്യമാവണമെന്നില്ല. തുടര്‍ച്ചയായ ലൈംഗിക ബന്ധം സ്ത്രീ പങ്കാളി ഇഷ്ടപ്പെടണമെന്നുമില്ല. തുടര്‍ച്ചയായി ഒന്നിലേറെ തവണ ബന്ധപ്പെടുന്നതാണ് പുരുഷത്വം എന്നു തെറ്റിദ്ധരിച്ച്, ഇതിനു കഴിയാത്തത് ലൈംഗിക ബലഹീനതയാണെന്ന് കരുതി ചികിത്സതേടി സൈക്യാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും സമീപിക്കുന്ന പുരുഷന്മാര്‍ നിരവധിയാണ്.
എത്ര തവണ ബന്ധപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലല്ല പുരുഷന്റെ ലൈംഗിക ശേഷി അളക്കപ്പെടുന്നത്. മറിച്ച് സ്ത്രീയെ ലൈംഗിക സംതൃപ്തിയിലേക്ക് ഏതറ്റം വരെ നയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ പുരുഷനെ അളക്കുന്നത്. നീലച്ചിത്രങ്ങള്‍ പകരുന്ന അറിവിലൂടെ പുരുഷന് ഒരിക്കലും ആ അംഗീകാരം നേടിയെടുക്കാനാവില്ല. താല്‍പര്യമില്ലാത്ത ലൈംഗികക്രിയകള്‍ക്ക് സ്ത്രീ സഹകരിക്കുകയുമില്ല.

തകരുന്ന വിശ്വാസം

ദാമ്പത്യബന്ധത്തിന്റെ അടിത്തറയാണ് സെക്‌സ്. ശരിയായ ലൈംഗിക ജീവിതത്തിലൂടെ മാത്രമേ സന്തോഷകരമായ ദാമ്പത്യം കെട്ടിപ്പെടുക്കാനാവുകയുള്ളൂ. അതിനാല്‍ ലൈംഗിക ജീവിതത്തിലെ താളപ്പിഴകള്‍ ഭാര്യാ - ഭര്‍തൃബന്ധത്തെ പിടിച്ചുലച്ചെന്നിരിക്കും. ഈ താളപ്പിഴകളാണ് നീലച്ചിത്രവും ഇന്റര്‍നെറ്റ് സെക്‌സും വഴി സംഭവിക്കുന്നത്.

സ്ത്രീക്ക് പുരുഷനിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇതിടയാക്കും. സ്‌നേഹംവും സംരക്ഷണവുമാണ് ഭര്‍ത്താവില്‍ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത്. കിടപ്പറയില്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. അവര്‍ പലപ്പോഴും നീലച്ചിത്രങ്ങള്‍ക്ക് അടിമകളുമായിരിക്കും. ഇങ്ങനെ സ്വന്തം ഭര്‍ത്താവില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടിവരുന്ന ലൈംഗിക ദുരനുഭവം അവളെ വല്ലാതെ തളര്‍ത്തും. ഭര്‍ത്താവിലുള്ള വിശ്വാസം നഷ്ടപ്പെടും. സ്‌നേഹപൂര്‍വമായ സെക്‌സ് ആണ് സ്ത്രീ ആഗ്രഹിക്കുന്നത്.

വേദനാജനകവും മാരകവുമായ ലൈംഗിക ബന്ധം സ്ത്രീ വെറുക്കുന്നു. ഭാര്യ അല്ലെങ്കില്‍ സ്ത്രീ, പുരഷന്റെ ലൈംഗിക തൃപ്തിക്കുവേണ്ടിയുള്ള ഉപകരണമാണെന്ന ചിന്തയാണ് പലപ്പോഴും നീലച്ചിത്രങ്ങള്‍ ചില പുരുഷന്മാരിലെങ്കിലും സൃഷ്ടിക്കുന്നത്. ഭര്‍ത്താവിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഭാര്യമാരാണ് വിവാഹേതര ബന്ധങ്ങളില്‍ അഭയം പ്രാപിക്കുന്നത്.

സെക്‌സിനോട് ഭയം

സ്ത്രീകള്‍ പൊതുവേ ലൈംഗികതയോട് അമിത താല്‍പര്യം കാണിക്കാറില്ല. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ വ്യത്യസ്തമാണ്. കാഴ്ചകളാണ് പുരുഷനില്‍ സെക്‌സ് നിറയ്ക്കുന്നതെങ്കില്‍ ശബ്ദവും സ്പര്‍ശവുമാണ് സ്ത്രീയെ ഉണര്‍ത്തുന്നത്. ഇവിടെയാണ് നീലച്ചിത്രത്തിലെ അതിരുവിട്ട ലൈംഗിക ക്രിയകള്‍ സ്ത്രീയുടെ ലൈംഗിക ചിന്താപരിധി ഭേദിച്ചെത്തുന്നത്.
നീലച്ചിത്രങ്ങളെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള പല സ്ത്രീകള്‍ക്കും ഇത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരിക്കും. സെക്‌സിനെക്കുറിച്ച് അതുവരെയുള്ള ധാരണകളെ കടപുഴക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്‌സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം. സെക്‌സില്‍ നിന്നും സ്ത്രീ വിട്ടുനില്‍ക്കാം. ദാമ്പത്യ ജീവിതത്തില്‍, സെക്‌സിനോട് സ്ത്രീ കാണിക്കുന്ന അകലം പുരുഷനെ അലട്ടിയേക്കാം. ഭാര്യയുടെ സ്‌നേഹക്കുറവായി ചിത്രീകരിക്കാം. ഇതേത്തുടര്‍ന്ന് ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടേക്കാം. ഉണങ്ങാതെ നീറിനീറി പുകയാനുള്ള ഈ തീപ്പൊരിയാണ് പിന്നീട് വിവാഹമോചനങ്ങളില്‍ കലാശിക്കുന്നത്.

ബ്ലു ഫിലിം അഡിക്ക്ഷന്‍

പ്രിയയും പ്രദീപും വിവാഹിതരായിട്ട് 10 മാസമായി. വിവാഹശേഷം ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞപ്പോഴാണ് പ്രിയയെയും കൂട്ടി അമ്മ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. പ്രിയയുമായി ഒറ്റയ്ക്ക് സംസാരിച്ചു. അപ്പോഴാണ് അവരുടെ ദാമ്പത്യത്തിലെ പ്രധാന വില്ലന്‍ നീലച്ചിത്രമാണെന്ന് ബോധ്യമായത്. പ്രിയയുടെ ഭര്‍ത്താവ് 'ബ്ലൂ ഫിലിം' അഡിക്ടായിരുന്നു. കൗമാര്രപായം മുതല്‍ തുടങ്ങിയ ശീലം വിവാഹശേഷവും തുടരുകയായിന്നു. അയാള്‍ക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകണമെങ്കില്‍ നീലച്ചിത്രത്തിന്റെ സഹായം വേണമായിരുന്നു. പതിവായി കിടപ്പറയില്‍ അയാള്‍ നീലച്ചിത്രങ്ങളുടെ ലോകത്തേക്ക് ഒറ്റയ്ക്ക് കടന്നുപോകും. നേരം പുലരുവോളം ഭാര്യയ്ക്ക് മുന്നില്‍ അയാള്‍ സ്വയം മറന്ന് രതിസുഖം ആസ്വദിക്കും. നീലച്ചിത്രം കണ്ടുകൊണ്ട് സ്വയംഭോഗത്തിലേര്‍പ്പെടും. ഒന്നല്ല പലതവണ. നീലച്ചിത്രങ്ങള്‍ക്കപ്പുറം ഒരു ലോകം അയാള്‍ക്കില്ലായിരുന്നു. ദാമ്പത്യ ജീവിതത്തില്‍ നീലച്ചിത്രം വില്ലനാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

വെറുതേ ഒരു കൗതുകത്തിനും സെക്‌സിനെക്കുറിച്ചുള്ള ജിജ്ഞാസകൊണ്ടും കൗമാരപ്രായത്തില്‍ കണ്ടു തുടങ്ങുന്ന നീലച്ചിത്രം പ്രായമാകുമ്പോഴേക്കും അതിന് അടിമയാക്കും. ഗുരുതരമാണ് 'ബ്ലൂ ഫിലിം' അഡിക്ക്ഷന്‍. വിവാഹം കഴിഞ്ഞാലും ഈ ശീലത്തില്‍ നിന്നും പുറത്തു കടക്കാനാവാത്തവരുണ്ട്. ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കില്‍ നീലച്ചിത്രം കാണണം എന്ന അവസ്ഥയിലേക്ക് 'ബ്ലൂ ഫിലിം' അഡിക്ക്ഷനുള്ളവര്‍ എത്തിച്ചേരുന്നു. ചിലരില്‍ സ്വഭാവവൈകല്യവും ഇതോടൊപ്പം കണ്ടുവരുന്നു.

വിവാഹമോചനത്തിലേക്ക്

വര്‍ധിച്ചുവരുന്ന വിവാഹേേമാചന കേസുകളില്‍ നീലച്ചിത്രങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നേരിട്ടോ അല്ലാതെയോ നീലച്ചിത്രങ്ങള്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. പ്രായം ചെന്നവരിലും നീലച്ചിത്രത്തോടുള്ള താല്‍പര്യം കൂടിവരുന്നുണ്ട്. ഇത് പലതരത്തിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇന്റര്‍നെറ്റുവഴി നീലച്ചിത്രങ്ങള്‍ യഥേഷ്ടം ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ, രതിവൈകൃതങ്ങളുടെ നീലക്കുത്തൊഴുക്ക് ഇനിയും വര്‍ധിക്കാനാണിട.

പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടത്. രതിവൈകൃതങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ പരീക്ഷിക്കരുത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം സംസാരിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന, ആരോഗ്യകരമായ ലൈംഗിക സംസ്‌കാരം പിന്തുടരാന്‍ ദമ്പതിമാര്‍ ശ്രമിക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്

മിന്നു ഭോണ്‍സ്‌ലേ,
കണ്‍സള്‍ട്ടിംഗ്
സൈക്കോതെറാപ്പിസ്റ്റ് ആന്‍ഡ് കൗണ്‍സിലര്‍
രാജന്‍ ഭോണ്‍സ്‌ലേ,
കണ്‍സള്‍ട്ടന്റ് ഇന്‍ സെക്ഷ്വല്‍
ആന്‍ഡ് കൗണ്‍സിലര്‍
മുംബൈ

- See more at: http://www.mangalam.com/health/sex/96973#sthash.lOuQg8X4.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ