പരസ്​പരാകര്‍ഷണം ശരീരഭാഷയിലൂടെ



ഭാര്യ പറയാത്ത ഓരോ വാക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം തുലഞ്ഞതുതന്നെ!!/സാ സാ ഗാബര്‍




ചിലരെക്കാണുമ്പോള്‍ നമുക്ക് വെറുതേയൊരിഷ്ടം തോന്നാറില്ലേ?
ചിലപ്പോള്‍ കക്ഷിയെ ആദ്യമായിട്ടാവും നിങ്ങള്‍ കാണുന്നത്. അല്ലെങ്കില്‍ പലവട്ടം കണ്ടിട്ടുണ്ടെങ്കില്‍പ്പോലും ഒരിക്കല്‍പ്പോലും സംസാരിച്ചുകാണില്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ആ അടുപ്പം?

മനുഷ്യന്‍ സാമൂഹികജീവിയാണ്. ആര്‍ക്കും പരസ്​പരബന്ധം കൂടാതെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ജീവിക്കുക സാധ്യമല്ല. ബന്ധങ്ങള്‍ ആരംഭിക്കാനും നിലനിര്‍ത്താനും ആശയവിനിമയം ആവശ്യമാണ്. നമ്മുടെ വിചാരങ്ങളും വികാരങ്ങളും വിനിമയം ചെയ്യുമ്പോഴാണ് ബന്ധങ്ങളുണ്ടാകുന്നത്. വാമൊഴിയും വരമൊഴിയുമാണ് നമ്മുടെ പ്രത്യക്ഷ ആശയവിനിമയോപാധികള്‍. എന്നാല്‍ ഇവ രണ്ടുമല്ലാതെ - ഒരു വാക്കുപോലും സംസാരിക്കാത്തപ്പോള്‍പോലും - ആശയവിനിമയം നടക്കുന്നുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? അതുകൊണ്ടായിരിക്കില്ലേ തീര്‍ത്തും അപരിചിതരായ ചിലരെക്കാണുമ്പോള്‍പോലും 'വെറുതേയൊരിഷ്ടമോ' അപൂര്‍വമായെങ്കിലും നേര്‍വിപരീതമോ തോന്നുന്നത്.

രണ്ടു വ്യക്തികള്‍ പരസ്​പരം കാണുന്ന നിമിഷം മുതല്‍തന്നെ ആശയവിനിമയം ആരംഭിക്കുന്നുണ്ട്. ഒരു നോട്ടം, നിമിഷാര്‍ധങ്ങളില്‍ മുഖത്തു മിന്നിമറിയുന്ന ഭാവങ്ങള്‍, വിവിധ ശാരീരികചലനങ്ങള്‍, ഒരു ചെറുപുഞ്ചിരി, - ഇവയെല്ലാം യഥാര്‍ഥത്തില്‍ വാക്കുകളെക്കാള്‍ വാചാലമല്ലേ? ബന്ധങ്ങള്‍ തുടങ്ങുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും സാധാരണ ഭാഷയ്ക്കപ്പുറത്തുള്ള ഇത്തരം ഘടകങ്ങളുടെ സ്ഥാനം നമുക്ക് അവഗണിക്കാനാവുമോ. വാക്കുകള്‍ കൂടാതെയോ വാക്കുകള്‍ക്കൊപ്പമോ നാം അറിഞ്ഞോ അറിയാതെയോ നടക്കുന്ന ഇത്തരം ആശയവിനിമയത്തെ മെറ്റാ കമ്യൂണിക്കേഷന്‍ അഥവാ നോണ്‍ വെര്‍ബല്‍ കമ്യൂണിക്കേഷന്‍ എന്നു വിളിക്കാം. മെറ്റാ കമ്യൂണിക്കേഷന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ശരീരഭാഷ.

ആശയവിനിമയത്തില്‍ ശരീരഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പഠനം നടത്തിയ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡോ.ആല്‍ബര്‍ട്ട് മെഹറാബിയന്റെ കൗതുകകരമായ ചില കണ്ടെത്തലുകള്‍ നോക്കൂ.
നിത്യജീവിതത്തില്‍ ശരീരഭാഷകൊണ്ടുമാത്രം നാം വിനിമയം ചെയ്യുന്ന ആശയങ്ങള്‍ - 55%
ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങള്‍, തീക്ഷ്ണത, സ്ഥായീഭാവങ്ങള്‍ തുടങ്ങിയ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ വിനിമയം ചെയ്യപ്പെടുന്നവ - 38%
വാക്കുകള്‍കൊണ്ടുമാത്രം വിനിമയം ചെയ്യപ്പെടുന്നവ - 7%
വാക്കുകള്‍കൊണ്ടുള്ള ആശയവിനിമയം വെറും 7% മാത്രമാണെന്നു കാണിക്കുന്ന ഈ കണക്ക് പ്രഥമദൃഷ്ട്യാ അവിശ്വസനീയമായി തോന്നാമെങ്കിലും മെഹറാബിയനുശേഷം മറ്റു പല പ്രഗല്ഭ ഗവേഷകരും ഈ നിഗമനങ്ങള്‍ ശരിവെച്ചിട്ടുണ്ട്.

ശരിയായ രീതിയില്‍ ആശയവിനിമയം നടത്തുന്നതിലും ഉദ്ദേശിച്ചരീതിയില്‍ വിചാരവികാരങ്ങള്‍ വിനിമയം ചെയ്യുന്നതിലും പലപ്പോഴും വാക്കുകള്‍ക്ക് പരിമിതിയുണ്ട്. അവിടെയാണ് ശരീരഭാഷ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്. ഉദാഹരണത്തിന് നിങ്ങളിഷ്ടപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി കാണുമ്പോഴുണ്ടാകുന്ന നിങ്ങളുടെ പ്രതികരണം സങ്കല്പിക്കുക. പെട്ടെന്ന് ശരീരപേശികള്‍ അല്പം മുറുകുകയും ശരീരം ആകെപ്പാടെയൊന്നു നിവരുകയും ചെയ്യില്ലേ? കണ്ണുകള്‍ അല്പം വിടരുക, മുഖത്ത് അറിയാതൊരു പുഞ്ചിരി വിടരുക തുടങ്ങിയവയെല്ലാം സാധാരണ സംഭവിക്കാറില്ലേ. ഇനി ഇഷ്ടമില്ലാത്തവരെയാണ് കാണുന്നതെങ്കിലോ. ശരീരത്തിന് മൊത്തത്തിലൊരു ഉള്‍വലിവുണ്ടാകും, നെറ്റിയിലൊരു ചുളിവു പ്രത്യക്ഷപ്പെട്ടേക്കാം, ഇല്ലേ? ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായ വിധത്തില്‍ ശരീരം അതിന്റേതായ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കും.

ശരീരഭാഷയിലൂടെയുള്ള ആശയവിനിമയം അധികപക്ഷവും സംഭവിക്കുന്നത് ഉപബോധതലത്തിലാണെങ്കിലും അഭിലഷണീയമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും ആകര്‍ഷണീയമായ വ്യക്തിത്വമുണ്ടാക്കാനും അതിനെക്കുറിച്ച് വ്യക്തമായ അവബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയവിനിമയത്തിന്റെ ഭംഗിയും കാര്യക്ഷമതയും സ്വന്തം ശരീരഭാഷയുടെ ശരിയായ ഉപയോഗത്തിലൂടെയും മറ്റുള്ളവരുടെ ശരീരഭാഷയുടെ ശരിയായ വിശകലനത്തിലൂടെയും നേടിയെടുക്കാം.

ശരീരഭാഷ വായിക്കല്‍
ആദ്യമായി ഒരു വ്യക്തിയെ പരിചയപ്പെടുമ്പോഴോ പരിചയം കൂടുതല്‍ ദൃഢതരമാക്കാന്‍ ശ്രമിക്കുമ്പോഴോ നിങ്ങളെ അലട്ടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് ആ വ്യക്തി നിങ്ങളെ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ള ആശങ്കയായിരിക്കില്ലേ. ഈ ഉത്കണ്ഠ നിങ്ങളെ പല അബദ്ധങ്ങളിലും കൊണ്ടുചെന്നു ചാടിച്ചേക്കാം. റൊമാന്റിക് ബന്ധങ്ങളില്‍ മാത്രമല്ല ബിസിനസ് മീറ്റിങ്ങുകള്‍, പാര്‍ട്ടികള്‍ പോലുള്ള ഔപചാരിക സന്ദര്‍ഭങ്ങളില്‍പ്പോലും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും ലളിതമായ പരിഹാരമാര്‍ഗം അപരന്റെ/അപരയുടെ ശരീരഭാഷ വായിക്കാന്‍ അറിയുകയെന്നതാണ്. നിങ്ങള്‍ക്കു മുന്നില്‍ നില്ക്കുന്ന വ്യക്തിയുടെ മനസ്സിലിരിപ്പ് ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അടുത്ത നീക്കം എപ്രകാരമായിരിക്കണമെന്നു പ്ലാന്‍ ചെയ്യാനും അതു നിങ്ങളെ സഹായിക്കും. വിവിധരീതിയിലുള്ള നില്പുകള്‍ , മുഖഭാവങ്ങള്‍, നോട്ടം, കൈകാലുകളുടെ ചലനങ്ങള്‍ തുടങ്ങിയവയെല്ലാം ശരീരഭാഷയിലെ വാക്കുകളും വാചകങ്ങളുമാണ്.

ഒരേ സാഹചര്യത്തോട് വ്യത്യസ്ത വ്യക്തികള്‍ വ്യത്യസ്ത രീതിയിലായിരിക്കാം പ്രതികരിക്കുന്നതെങ്കിലും ശരീരഭാഷയുടെ കാര്യത്തില്‍ എല്ലാവരും ഏറക്കുറേ സമാനത പുലര്‍ത്തുന്നതായിക്കാണാം. അതുകൊണ്ട് ശരീരഭാഷ അറിഞ്ഞിരുന്നാല്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് അവര്‍ക്ക് നമ്മോടിഷ്ടം തോന്നുന്ന വിധത്തില്‍ പെരുമാറാനും നമ്മുടെ പെരുമാറ്റം ക്രമപ്പെടുത്താനും സാധിക്കും.

എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ആകര്‍ഷണം പ്രകൃതിനിയമമാണ്. മനുഷ്യരുടെ മാത്രമല്ല ജീവരാശിയുടെതന്നെ നിലനില്പിന് അത് അത്യന്താപേക്ഷിതമാണ്. സാമൂഹികജീവിയായ മനുഷ്യരെസ്സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ കെട്ടുറപ്പിനു മാത്രമല്ല വ്യക്തിപരമായ സന്തോഷത്തിനും സമാധാനത്തിനും ബന്ധങ്ങളുണ്ടാകേണ്ടതും നിലനില്‌ക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ -പ്രത്യേകിച്ചും എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ - ഇഷ്ടവും ശ്രദ്ധയും പിടിച്ചുപറ്റുകയെന്നത് അവന്റെ/ അവളുടെ മുന്‍ഗണനകളില്‍ എക്കാലവും മുന്നിട്ടുനില്ക്കും. ഈ വിഷയം പുരുഷന്റെയും സ്ത്രീയുടെയും ശരീരഭാഷാപരമായ കാഴ്ചപ്പാടുകളിലൂടെ നമുക്കു പരിശോധിക്കാം.

നോട്ടത്തിന്റെ നാനാര്‍ഥങ്ങള്‍
ഒരാള്‍ക്ക് നിങ്ങളോട് ഇഷ്ടമാണോ അല്ലയോ എന്നറിയാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അയാളുടെ കണ്ണുകളിലാണ്. കാണുന്ന മാത്രയില്‍ അല്പം പുരികമുയര്‍ത്തുന്നതും നേരിയ തോതില്‍ ചുണ്ടുവിടര്‍ത്തുന്നതും വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നതും സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഇഷ്ടത്തിന്റെ സൂചനയാണ്. ഒരു സെക്കന്‍ഡിന്റെ ചെറിയൊരംശം സമയത്തിനുള്ളില്‍ നടന്നുകഴിയുന്ന ഇത്തരം ശരീരഭാഷാസംജ്ഞകള്‍ ശ്രദ്ധയില്‍പ്പെടാന്‍ ബോധപൂര്‍വം നിരീക്ഷിക്കുകതന്നെ വേണം. സംസാരവേളകളില്‍ നോട്ടം കണ്ണുകളില്‍ കൂടുതല്‍ സമയം കേന്ദ്രീകരിച്ചുകൊണ്ടാണെങ്കില്‍ അത് ആത്മവിശ്വാസത്തിന്റെ കൂടി സൂചനയായി കണക്കാക്കാം.

കൃഷ്ണമണിയുടെ സങ്കോചവികാസങ്ങള്‍
നോട്ടം തിളങ്ങുന്ന കണ്ണുകളോടെയും ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയോടുകൂടിയുമാണെങ്കില്‍ കക്ഷിക്ക് നിങ്ങളുടെ സാന്നിധ്യം ഏറെ ആഹ്ലാദം പകരുന്നുവെന്നു വ്യക്തം. ഇഷ്ടപ്പെട്ടവരെക്കാണുമ്പോള്‍ കണ്ണിന്റെ കൃഷ്ണമണികള്‍ കൂടുതല്‍ വികസിക്കുകയും വെറുക്കുന്നവരെക്കാണുമ്പോള്‍ കൂടുതല്‍ ചുരുങ്ങുകയും ചെയ്യും. ആവേശകരമായ മാനസികാവസ്ഥയില്‍ കൃഷ്ണമണികള്‍ സാധാരണയില്‍ക്കവിഞ്ഞ് നാലിരട്ടിവരെ വികസിക്കുമത്രേ. കൃഷ്ണമണികള്‍ ഇടയ്ക്കിടെ മുകളിലേക്കോ താഴേക്കോ വശങ്ങളിലേക്കോ ചലിപ്പിക്കുന്നതായോ കണ്‍പുരികങ്ങള്‍ വലിഞ്ഞുമുറുകിയിരിക്കുന്നതായോ കാണുന്ന പക്ഷം സംഗതി പന്തിയല്ലെന്നു കരുതാം. കണ്‍പുരികങ്ങള്‍ വലിഞ്ഞുമുറുകുന്നത് പേടിയുടെയോ ആശയക്കുഴപ്പത്തിന്റെയോ സൂചനയുമാകാമെന്നതിനാല്‍ അവസാന നിഗമനത്തിലെത്തുന്നതിനു മുന്‍പ് മറ്റു ലക്ഷണങ്ങള്‍കൂടി ചേര്‍ത്തു വിലയിരുത്തണം.

ഇഷ്ടത്തിന്റെ നോട്ടം
സ്ത്രീയായാലും പുരുഷനായാലും ഇഷ്ടത്തോടെയുള്ള നോട്ടം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. പരസ്​പരാകര്‍ഷണത്തോടെയുള്ള നോട്ടം ഇരുകണ്ണുകളും മൂക്കും വായും അതിനു താഴേക്കിറങ്ങി ഇന്റിമേറ്റ് ഗേസ് നാഭി പ്രദേശംവരെ വരുന്ന ഒരു സാങ്കല്പിക ത്രികോണത്തിലായിരിക്കും അധികനേരവും പതിക്കുക - അതില്‍ത്തന്നെ അധിക ശ്രദ്ധ സംസാരവേളകളിലാണെങ്കില്‍ ചുണ്ടുകളെ കേന്ദ്രീകരിച്ചായിരിക്കും. പക്ഷേ, പരിചയപ്പെടുന്നതിന്റെ ആദ്യഘട്ടത്തില്‍ ഈ നോട്ടം ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ നീണ്ടുനില്ക്കൂ. പരിചയം കൂടുന്ന മുറയ്ക്ക് നോട്ടത്തിന്റെ ദൈര്‍ഘ്യവും വര്‍ധിക്കുന്നു.
ഈ നോട്ടത്തെ ശരീരഭാഷയില്‍ ഇന്റിമേറ്റ് ഗേസ് (കിശോമലേ ഏമ്വല) എന്നു വിളിക്കുന്നു. ഇത്തരത്തില്‍ നോക്കുന്നവരോട് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഇഷ്ടമാണെങ്കില്‍ അതുപോലെത്തന്നെ പ്രതികരിച്ചേക്കാമെങ്കിലും അല്ലാത്തവര്‍ നോട്ടം പിന്‍വലിച്ചേക്കാം.

സ്ത്രീകളില്‍ ചുമലിനു മുകളിലൂടെയുള്ള ചെരിഞ്ഞ നോട്ടം ശുദ്ധ ശൃംഗാരസൂചനയാകാന്‍ സാധ്യതയേറെയാണ്.

ഇമവെട്ടല്‍
ഇഷ്ടപ്പെട്ട കാഴ്ചകള്‍ കാണുമ്പോള്‍ ഇമവെട്ടലിന്റെ നിരക്ക് സാധാരണയിലും കൂടിയിരിക്കും. അതുപോലെ ഇഷ്ടപ്പെട്ടവരെ കാണുമ്പോഴും ഇമവെട്ടലിന്റെ എണ്ണം കൂടും. അടുത്ത പ്രാവശ്യം നിങ്ങള്‍ക്കു വളരെ പ്രിയപ്പെട്ടവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനഃപൂര്‍വംതന്നെ ഇമവെട്ടല്‍ അല്പം അധികരിപ്പിച്ചുനോക്കൂ. അവരും അപ്രകാരംതന്നെ ചെയ്യുന്നതു കാണാം.

നേത്രബന്ധം നിലനിര്‍ത്തുന്നതിലുള്ള വിമുഖതയോടൊപ്പം അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും നോക്കുകയോ ഇടയ്ക്കിടെ വാച്ചില്‍ നോക്കുകയോ ചെയ്യുന്നത് താത്പര്യരാഹിത്യത്തിന്റെ സൂചനകളാണ്. ഇത്തരം സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതു കണ്ടാല്‍ ഉടന്‍ സംഭാഷണമവസാനിപ്പിച്ച് പിന്‍തിരിയുന്നതായിരിക്കും ബുദ്ധി. നേര്‍ക്കുനേര്‍ മുഖത്തു നോക്കാനുള്ള വിമുഖത ശരിയായ കള്ളലക്ഷണമാകാനും സാധ്യതയുണ്ട്. സൂക്ഷിക്കുക!

താടി അല്പം ഉയര്‍ത്തി മൂക്കിനു മുകളിലൂടെയാണ് നോട്ടമെങ്കില്‍ അത് അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന്റെയോ താന്‍പോരിമയുടെയോ അടയാളമാകാം. താത്പര്യരാഹിത്യത്തെക്കാളുപരി അവജ്ഞയുടെ തലംവരെയെത്തുന്ന ഇത്തരം നോട്ടങ്ങള്‍ പ്രതികൂലമനോഭാവത്തെ നിശ്ശബ്ദമായി ഉദ്‌ഘോഷിക്കുന്നു. തികച്ചും അനഭികാമ്യമായ ഈ നോട്ടം സ്ത്രീകളിലായാലും പുരുഷന്മാരിലായാലും വര്‍ജിക്കപ്പെടേണ്ടതുതന്നെ.

സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായാലും കേട്ടുകൊണ്ടിരിക്കുമ്പോഴായാലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ നേത്രബന്ധം പുലര്‍ത്തുന്നതും അതിനായി ആഗ്രഹിക്കുന്നതും സ്ത്രീകളാണ്. അതുകൊണ്ട് സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നേത്രബന്ധത്തില്‍ പരമാവധി നിഷ്‌കര്‍ഷ പാലിക്കണം.

അസ്വസ്ഥതയുളവാക്കുന്നതോ കുറ്റബോധമുണര്‍ത്തുന്നതോ ആയ ചോദ്യങ്ങളോടുള്ള ആദ്യപ്രതികരണം ചോദ്യകര്‍ത്താവിന്റെ മുഖത്തുനിന്നും നോട്ടം പിന്‍വലിക്കലായിരിക്കും. എന്നാല്‍ ശത്രുതാപരമോ സ്വയം പ്രതിരോധിക്കാന്‍ മറുകക്ഷിയെ നിര്‍ബന്ധിതമാക്കുകയോ ചെയ്യുന്ന ചോദ്യങ്ങള്‍ക്ക് പെട്ടെന്നുള്ള തുറിച്ചുനോട്ടത്തിലൂടെയായിരിക്കും പ്രതികരണമാരംഭിക്കുക. സംഭാഷണവേളകളില്‍ അത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ വാക്കുകളിലെവിെടയോ പിഴവു പറ്റിയിട്ടുണ്ടാകാമെന്നു മനസ്സിലാക്കി ഉടന്‍ സംസാരഗതി തിരിച്ചുവിടുന്നതായിരിക്കും ബുദ്ധി.

ചില ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഒട്ടും മുഷിപ്പനുഭവപ്പെടുകയില്ലെന്നു മാത്രമല്ല വല്ലാത്തൊരു സുഖവും സംതൃപ്തിയും അനുഭവപ്പെടുകയും ചെയ്യുന്നു. മറ്റുചിലരുമായിട്ടാകുമ്പോള്‍ നേരേതിരിച്ചും. ഇത്തരം അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ വലിയൊരളവുവരെ മുഖത്തു പതിക്കുന്ന നോട്ടത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും. മിഖായേല്‍ ആര്‍ഗൈലിന്റെ അഭിപ്രായത്തില്‍ മൊത്തം സംസാരസമയത്തിന്റെ 30 മുതല്‍ 60 ശതമാനംവരെ മുഖാമുഖം നോക്കിനിന്നുകൊണ്ടാണത്രേ ആളുകള്‍ സംസാരിക്കുക. ഇനി ആരെങ്കിലും 60 ശതമാനത്തില്‍ കൂടുതല്‍ സമയം അപരന്റെ മുഖത്തുനോക്കി നില്ക്കുന്നപക്ഷം അത് സംസാരവിഷയത്തേക്കാളുപരി ആ വ്യക്തിയോടുതന്നെയുള്ള താത്പര്യം കാരണമായിരിക്കുമെന്ന് ആര്‍ഗൈല്‍ പറയുന്നു. പരസ്​പരബന്ധങ്ങളില്‍ നേത്രബന്ധത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

മുഖഭാവങ്ങള്‍
ആളുകളുടെ വികാരങ്ങളും മനോഭാവങ്ങളും പ്രകടമാക്കുന്നതില്‍ മുഖഭാവങ്ങള്‍ക്കുള്ള സ്ഥാനം അദ്വിതീയമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. മുഖഭാവങ്ങളെല്ലാം വിടരുന്നത് മുഖ്യമായും ചുണ്ടുകളെയും സമീപസ്ഥ പേശികളെയും ചുറ്റിപ്പറ്റിയായിരിക്കും. മറ്റുള്ളവരോടുള്ള ഇഷ്ടം പ്രകടമാക്കുന്ന ഭാവപ്രകടനങ്ങളില്‍ മുഖ്യസ്ഥാനം പുഞ്ചിരിക്കുതന്നെ. ഹൃദയം നിറഞ്ഞ പുഞ്ചിരി ആരുടെയും മനം മയക്കും. പക്ഷേ, വെറും ഔപചാരികതയുടെ ഭാഗമായും ആളുകള്‍ കൃത്രിമമായി പുഞ്ചിരിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരസ്​പരാകര്‍ഷണത്തിന്റെ ശരീരഭാഷയില്‍ ആത്മാര്‍ഥമായ പുഞ്ചിരിയും കൃത്രിമ പുഞ്ചിരിയും വേര്‍തിരിച്ചറിയുന്നതിന് വര്‍ധിച്ച പ്രാധാന്യമുണ്ട്.

ആത്മാര്‍ഥമായ പുഞ്ചിരിയും കൃത്രിമ പുഞ്ചിരിയും
ആത്മാര്‍ഥമായ പുഞ്ചിരിയെ കൃത്രിമ പുഞ്ചിരിയില്‍നിന്നും വേര്‍തിരിച്ചറിയാനുള്ള മാര്‍ഗമെന്താണ്? സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്.

ആത്മാര്‍ഥമായ ഇഷ്ടത്തോടെയുള്ള പുഞ്ചിരിയില്‍ മുഖപേശികളെല്ലാം ഒരുപോലെ സജീവമാകുന്നു. കണ്ണുകള്‍ തിളങ്ങുന്നു ; വായുടെ കോണുകള്‍ മുകളിലേക്കുയരുന്നു. കണ്‍പോളകള്‍ക്കു തൊട്ടുമുകളിലും താഴേയുമുള്ള ലഘുപേശികള്‍ അവയുമായി ബന്ധപ്പെട്ട ചര്‍മഭാഗത്തെ നേത്രഗോളത്തിന്റെ ഭാഗത്തേക്ക് വലിക്കുന്നു; കവിളിലെ പേശികള്‍ മുകളിലേക്ക് ചുരുങ്ങുകയാല്‍ കണ്ണുകള്‍ക്കു താഴേയുള്ള പേശിയും ചര്‍മഭാഗവും അല്പം മുഴച്ചുവരികയും ഇതിന്റെയെല്ലാം ഫലമായി കണ്ണുകളുടെ പുറംകോണില്‍ 'കാക്കക്കാലുകള്‍' പോലുള്ള ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

കൃത്രിമ പുഞ്ചിരിയില്‍ കണ്ണുകളുടെ പങ്കാളിത്തം മിക്കവാറും ഇല്ലെന്നുതന്നെ പറയാം. കീഴ്ത്താടിയുമായി ബന്ധപ്പെട്ട മസിലുകളാണ് പ്രധാനമായും സജീവമാകുന്നത്. അതുകൊണ്ട് യഥാര്‍ഥ പുഞ്ചിരിയെ എളുപ്പം തിരിച്ചറിയാന്‍ കവിളിനു മുകള്‍ഭാഗത്തേക്കുള്ള പേശികളുടെ സങ്കോചവികാസങ്ങളിലും ചലനങ്ങളിലുമാണ് മുഖ്യമായും ശ്രദ്ധയൂന്നേണ്ടത്.

മറ്റു ഭാവങ്ങളും അനുബന്ധചേഷ്ടകളും
വായുടെ കോണുകള്‍ അല്പം മുകളിലേക്ക് വളഞ്ഞിരുന്നാല്‍ അത് നിങ്ങളുടെ സാന്നിധ്യത്തിലുള്ള സന്തോഷത്തിന്റെ സൂചനയും താഴേക്കു വളഞ്ഞിരുന്നാല്‍ അനിഷ്ടസൂചനയുമായേക്കാം. ചിലര്‍ വായ്, ചുണ്ടുകള്‍, താടി, തുട മുതലായ ഭാഗങ്ങളില്‍ കൈകള്‍കൊണ്ട് സ്​പര്‍ശിച്ചുകൊണ്ട് ആ ഭാഗങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. പൂര്‍ണമായും അബോധമനസ്സിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ഇത്തരം ചേഷ്ടകള്‍ ആകര്‍ഷണത്തിന്റെ ലക്ഷണങ്ങളായേക്കാം. സ്​പര്‍ശിക്കപ്പെടാനാഗ്രഹിക്കുന്ന ശരീരഭാഗങ്ങളിലാണത്രേ അവര്‍ സ്​പര്‍ശിച്ചുകൊണ്ടിരിക്കുന്നത്. പുരുഷസാന്നിധ്യത്തില്‍ ചുണ്ട് നാക്കുകൊണ്ട് ഇടയ്ക്കിടെ നനയ്ക്കുന്നതും ചുണ്ടു കടിക്കുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികാകര്‍ഷണ സൂചനകളാകാമെങ്കിലും ഇത്തരം ചേഷ്ടകള്‍ വികലമാംവണ്ണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പരിഭ്രമത്തിന്റെയോ കള്ളം മറച്ചുെവക്കാനുള്ള ശ്രമത്തിന്റെയോ സൂചനയാകാം.

സ്തീകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു ചേഷ്ടയാണ് മുഖത്തും ചുമലിലും ഞാന്നുകിടക്കുന്ന മുടി പുറികിലേക്കൊതുക്കുവാനെന്ന ഭാവേനയുള്ള തല വെട്ടിക്കല്‍. പൂര്‍ണമായും സ്‌ൈത്രണമായ ഈ ആംഗ്യത്തിലൂടെ തന്റെ കഴുത്തിലെയും ചുമലിലെയും മൃദുചര്‍മഭംഗി ഇഷ്ടപുരുഷനുമുന്‍പില്‍ വെളിപ്പെടുത്തുകയാണ് സ്ത്രീ ചെയ്യുന്നതെന്ന് അനുമാനിക്കാം. ചിലര്‍ മുടിയൊതുക്കാനെന്ന ഭാവത്തില്‍ത്തന്നെ പിന്‍കഴുത്തിന്റെ ഒരുവശം വിരലുകള്‍കൊണ്ട് തലോടാറുണ്ട്. മറ്റുചിലര്‍ മുടിയിഴകളിലൂടെ മൃദുവായി വിരലോടിച്ചുകൊണ്ടിരിക്കും. തനിക്ക് വളരെ അടുപ്പം തോന്നുന്ന പുരുഷന്മാര്‍ക്കു മുന്നിലല്ലാതെ സ്ത്രീകള്‍ ഇത്തരം ചേഷ്ടകള്‍ പ്രകടിപ്പിക്കാനുള്ള സാധ്യത തുലോം കുറവാണ്.

തലമുടിയില്‍ ഇടയ്ക്കിടെ കൈകൊണ്ട് തടവുന്നതും ഒതുക്കിെവക്കുന്നതും ആകര്‍ഷണത്തിന്റേതെന്നപോലെത്തന്നെ തലോടലുകളിലൂടെ ഓമനിക്കപ്പെടാനുള്ള അബോധതലത്തിലുള്ള ആഗ്രഹത്തിന്റകൂടി സൂചനയാകാം. എന്നാല്‍ തലമുടിയില്‍ ചെറുതായി പിടിച്ചുവലിക്കുന്നതും പിടിച്ചുപിരിക്കുന്നതും അസ്വസ്ഥതയുടെയും അക്ഷമയുടെയും ലക്ഷണമായിരിക്കാനാണ് സാധ്യത.

സ്ത്രീകളുടെ ലൈംഗികാകര്‍ഷണത്തിന്റെ മറ്റൊരു സൂചനയാണ് കൈകളുടെ മണിബന്ധം പ്രദര്‍ശിപ്പിക്കാനുള്ള പ്രവണത. ഇഷ്ടമില്ലാത്ത പുരുഷന്മാര്‍ക്കുമുന്‍പില്‍ കൈവെള്ളയ്ക്കു താഴെ മണിബന്ധത്തിലെ മൃദുചര്‍മം ദൃശ്യമാകുന്നത് സ്ത്രീകള്‍ കഴിവതും ഒഴിവാക്കുമെന്നു ശരീരഭാഷാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മറ്റു പൊതുസൂചനകള്‍
ചുമലുകള്‍ രണ്ടും മുന്നോട്ട് അലസമായി തൂക്കിയിട്ടുകൊണ്ടുള്ള സംസാരം സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും സംഭാഷണത്തിലോ മുന്നിലുള്ള വ്യക്തിയിലോ ഉള്ള മടുപ്പ് വ്യക്തമാക്കുന്നു. ചുമലിലെയും അനുബന്ധഭാഗങ്ങളിലെയും പേശികള്‍ മുറുകിയിരിക്കുന്നത് ആകാംക്ഷയെ കാണിക്കുന്നു.

മാറത്തു കൈകെട്ടിക്കൊണ്ടോ കൈകാലുകള്‍ പിണച്ചുവെച്ച് ഇരുന്നുകൊണ്ടോ ഉള്ള സംസാരവും ഒരിക്കലും സൗഹാര്‍ദപരമാകാന്‍ വഴിയില്ല. കൈകാലുകള്‍പിണച്ചുെവക്കുകവഴി പ്രതീകാത്മകമായ ഒരു പ്രതിരോധം തീര്‍ക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് ശരീരഭാഷാവിദഗ്ധര്‍ പറയുന്നു.

പ്രതിരോധസൂചകമായ ചേഷ്ടകള്‍
നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി നിങ്ങളിരിക്കുന്ന ഭാഗത്തേക്ക് അല്പം മുന്നോട്ടാഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ കക്ഷിക്കു നിങ്ങളോടുള്ള താത്പര്യത്തില്‍ സംശയം വേണ്ട. അതു സ്ത്രീയാണെങ്കിലും ഇരിപ്പ് ഇരുകൈകളാലും മുഖംതാങ്ങിക്കൊണ്ടും നേത്രബന്ധം ഏറെയൊന്നും വ്യതിചലിക്കാതെ തുടര്‍ച്ചയായി നിലനിര്‍ത്തിക്കൊണ്ടുകൂടിയുമാണെങ്കില്‍ നിങ്ങളുടെ സാന്നിധ്യം അവള്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

മുന്നിലിരിക്കുന്ന വ്യക്തി നിങ്ങളുടെ ചേഷ്ടകള്‍ അനുകരിക്കുന്നതായിക്കണ്ടാല്‍ സ്ത്രീപുരുഷ ഭേദെമന്യേ അത് ഇഷ്ടത്തിന്റെയോ അഭിപ്രായ ഐക്യത്തിന്റെയോ ലക്ഷണമായിക്കരുതാം. ഇരിപ്പിന്റെ രീതി (ജീേൌൃല), താടിക്കു കൈത്താങ്ങുകൊടുക്കല്‍,കവിളുകളില്‍ വിരല്‍കൊണ്ടു സ്​പര്‍ശിക്കല്‍ എന്നിവയെപ്പോലുള്ള ചേഷ്ടകള്‍ തുടങ്ങിയവ സാധാരണയായി അനുകരിക്കപ്പെടുന്നതു കാണാം. അബോധമായി നടക്കുന്ന ഈ അനുകരണത്തെ ശരീരഭാഷയില്‍ മിററിങ് (ങശൃൃീൃശിഴ) എന്നു പറയുന്നു.

ഇഷ്ടപ്പെട്ടവരുടെ ശരീരഭാഷ അനുകരിക്കാനുള്ള പ്രവണത മനുഷ്യന്റെ ജന്മവാസനയാണ്. നോട്ടത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലുമെല്ലാം സിനിമാനടന്മാരെയും മറ്റും അനുകരിക്കാനുള്ള ആഗ്രഹം അതില്‍നിന്നും ഉടലെടുക്കുന്നതാണ്.

ദിശാസൂചനകള്‍
ഇരിപ്പും നില്പും ഏതു ദിശയിലേക്കു തിരിഞ്ഞാണെന്നുള്ളതു നിരീക്ഷിച്ചും ഇഷ്ടാനിഷ്ടങ്ങളെ വിലയിരുത്താം. മുഖത്തു നോക്കി സംസാരിക്കുമ്പോള്‍പ്പോലും ശരീരം മറ്റേതെങ്കിലും ദിശയിലേക്കു ചെരിഞ്ഞാണിരിപ്പെങ്കില്‍ അത് താത്പര്യരാഹിത്യത്തിന്റെ സൂചനയാകാം. അതിനെക്കാളും ശക്തമായ സൂചനയാണ് കാലിന്റെ പെരുവിരല്‍ ഏതു ദിശയിലേക്കു ചൂണ്ടിയാണ് ഇരിപ്പെന്നത്. ഒരു വ്യക്തി ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ നില്ക്കുമ്പോള്‍പ്പോലും ഒരു കാലിന്റെയെങ്കിലും പെരുവിരല്‍ അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തി നില്ക്കുന്ന ദിശയിലേക്ക് ചൂണ്ടപ്പെട്ട അവസ്ഥയിലായിരിക്കുമത്രേ. സ്ത്രീ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുന്ന അവസ്ഥയില്‍ അവളുടെ കാല്‍മുട്ടുകള്‍ ഏതു വ്യക്തിയുടെ ഭാഗത്തേക്കാണ് തിരിഞ്ഞിരിക്കുന്നതെന്നത് അവള്‍ക്ക് അയാളോടുള്ള ഇഷ്ടത്തിന്റെ സൂചനയാവാം. ഇഷ്ടം സമ്പാദിക്കാന്‍ ഇഷ്ടവ്യക്തിക്കു നേര്‍ക്കുനേര്‍ തിരിഞ്ഞിരുന്നു സംസാരിക്കണമെന്നതു ഗുണപാഠം. നേത്രബന്ധം കുറഞ്ഞ അവസ്ഥയില്‍പ്പോലും അത് മതിയായ സൂചനകള്‍ നല്കും.

സ്​പര്‍ശനം
സംസാരിച്ചുകൊണ്ടിരിക്കേ ഏതെങ്കിലും പോയിന്റുകള്‍ ഊന്നിപ്പറയാനെന്ന ഭാവേന കൈകളിലോ മറ്റോ സ്​പര്‍ശിക്കുന്നതും ബോധപൂര്‍വമോ അല്ലാതെയോ ഇത്തരത്തിലുള്ള സ്​പര്‍ശനം ആവര്‍ത്തിക്കുന്നതും അല്പം കൂടിയ അളവിലുള്ള താത്പര്യപ്രകടനമായി വ്യാഖ്യാനിക്കാം. സ്ത്രീകളിലാണ് ഈ പ്രവണത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാര്‍ മനസാ അതിഷ്ടപ്പെടുന്നുണ്ടെങ്കിലും ലജ്ജാശീലരായവര്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതില്‍ വിമുഖരായിരിക്കും. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഇപ്രകാരം പുരുഷനെ സ്​പര്‍ശിക്കുന്നത് സ്ത്രീകളുടെ ഒരുതരം 'അവകാശപ്രഖ്യാപനമായിപ്പോലും' കരുതുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

പുരുഷന്റെ ഇഷ്ടസൂചനകള്‍
മേല്‍വിവരിച്ച ആകര്‍ഷണവികര്‍ഷണ സൂചനകള്‍ ഒട്ടുമുക്കാലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും പുരുഷന്മാരില്‍ അധികമായി കാണപ്പെടുന്ന ചില സൂചനകളുണ്ട്. സ്ത്രീയുമായി കാണുന്ന നിമിഷംമുതല്‍ക്കോ ചിലപ്പോള്‍ അതിനു മുന്‍പേതന്നെയോ അവ പ്രകടമായിത്തുടങ്ങും. കുപ്പായത്തിന്റെ ചുമല്‍ഭാഗത്തുള്ള 'സാങ്കല്പിക പൊടി' തട്ടിക്കളയല്‍, കോളര്‍ ശരിപ്പെടുത്തല്‍, കഫ്‌ലിങ്കുകളിലും ബട്ടണുകളിലും തിരുപ്പിടിച്ചുകൊണ്ടിരിക്കല്‍, സമീപത്തുള്ള കണ്ണാടികളിലോ ഗ്രാനൈറ്റ് പോലെ പ്രതിഫലനസ്വഭാവമുള്ള പ്രതലങ്ങളിലോ ഒളിഞ്ഞുനോക്കല്‍, വയര്‍ ഉള്ളിലേക്ക് അല്പം വലിച്ച് കാലുകള്‍ വിടര്‍ത്തി നിവര്‍ന്നിരിക്കല്‍ തുടങ്ങിയവയാണ് വളരെ സാധാരണയായി കാണപ്പെടുന്ന സൂചനകള്‍. സ്ത്രീസാന്നിധ്യത്തില്‍ പുരുഷന്റെ ബെല്‍റ്റിലോ പാന്റ്‌സിന്റെ പോക്കറ്റുകളിലോ പെരുവിരല്‍ കോര്‍ത്തുകൊണ്ടുള്ള നില്പും ഊരയ്ക്ക് കൈകൊടുത്ത് നിവര്‍ന്നുള്ള നില്പും ശക്തമായ ലൈംഗികാകര്‍ഷണ സൂചനകളായാണ് പാശ്ചാത്യര്‍ കരുതുന്നത്.

ശരീരഭാഷയിലെ സ്ത്രീപുരുഷ വ്യത്യാസം
ആശയവിനിമയരീതികളില്‍ സ്ത്രീയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പല പ്രത്യേകതകളും പുരുഷനില്‍ കാണാം. അതുകൊണ്ടുതന്നെ സാധാരണ മാനദണ്ഡങ്ങള്‍വെച്ച് പുരുഷന്റെ ശരീരഭാഷയെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്കു തെറ്റുപറ്റാന്‍ സാധ്യതകളേറെയാണ്. അത്തരം പിഴവുകളൊഴിവാക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.

1. പുരുഷന്‍ കേള്‍വിക്കാരന്റെ റോളില്‍ സാധാരണയായി അല്പം 'റിലാക്‌സ്ഡ്' ആയി ഇരിക്കാന്‍ താത്പര്യപ്പെടുന്നു. അതുകൊണ്ട് മുഖാമുഖ സംഭാഷണവേളകളില്‍ സ്ത്രീ മുന്നോട്ടാഞ്ഞിരിക്കുമ്പോഴും പുരുഷന്‍ പുറകോട്ടു ചാഞ്ഞിരുന്നേക്കാം. അത് താത്പര്യരാഹിത്യമായി തെറ്റിദ്ധരിക്കരുത്.
2. പുറകിലേക്ക് ചാഞ്ഞിരിക്കുന്ന അവസ്ഥയില്‍ നേരിട്ടു നോക്കുന്നതിനു പകരം അല്പം ചെരിഞ്ഞ നോട്ടമായിരിക്കും പുരുഷന്റേത്. നേരിട്ടുള്ള നേത്രബന്ധം പ്രതീക്ഷിക്കുന്ന സ്ത്രീക്ക് അത് അരോചകമായി തോന്നിയേക്കാം.
3. നോണ്‍-വെര്‍ബല്‍ സൂചനകള്‍ വായിക്കുന്നതിലും അറിഞ്ഞു പ്രതികരിക്കുന്നതിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശ്രദ്ധയും വേഗതയും സ്ത്രീകള്‍ക്കാണെന്ന് നിരവധി മനഃശാസ്ത്രപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്. പുരുഷന്റെ താത്പര്യവും താത്പര്യരാഹിത്യവുമായി ബന്ധപ്പെട്ട സിഗ്‌നലുകള്‍ പെട്ടെന്നു സ്ത്രീക്കു മനസ്സിലാക്കാനാകുമെങ്കിലും പുരുഷന്റെ അവസ്ഥ നേരേതിരിച്ചായിരിക്കും.
4. ഭാവപ്രകടനങ്ങളുടെ കാര്യത്തില്‍ പുരുഷന്‍ സ്ത്രീയെ അപേക്ഷിച്ചു വളരെ പുറകിലാണ്. സ്ത്രീകളുടെ മുഖത്ത് വളരെ വേഗത്തില്‍ ഭാവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കും. ഭാവപ്രകടനത്തിലുള്ള പുരുഷന്റെ പരിമിതി സ്ത്രീ അറിഞ്ഞു പെരുമാറുന്ന പക്ഷം പുരുഷന്റെ മനോഭാവത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം.
5. പുരുഷന് ഇരിക്കാനും നില്ക്കാനുമെല്ലാം സ്ത്രീയെ അപേക്ഷിച്ച് കൂടുതല്‍ ഇടം വേണം.കൈകാലുകളെല്ലാം വിശാലമായി നീട്ടിപ്പരത്തിവെച്ചായിരിക്കും അവന്റെ ഇരിപ്പ്. നടക്കുമ്പോള്‍ കൈവീശാനും മറ്റുമെല്ലാം സ്ത്രീകളെ അപേക്ഷിച്ച് അവനു കൂടുതല്‍ ഇടം വേണം. സ്ത്രീകളുടെ ഇരിപ്പും നടപ്പുമെല്ലാം സാധാരണഗതിയില്‍ കൈകാലുകളെല്ലാം പരമാവധി ശരീരത്തോടു ചേര്‍ത്തുവെച്ച് വളരെ ഒതുക്കത്തോടുകൂടിയായിരിക്കുമല്ലോ. പരമാവധി ഇടം അപഹരിക്കുന്ന പുരുഷന്റെ ഈ സഹജസ്വഭാവം സംഭാഷണത്തിലും പരസ്​പരബന്ധത്തിലും മേല്‍ക്കോയ്മ നേടാനുള്ള ശ്രമമായി ചില സ്ത്രീകളെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്.

ഒന്നോ രണ്ടോ ചേഷ്ടകളെ മാത്രം വിലയിരുത്തി നിഗമനങ്ങളിലെത്തരുത്. ഉദാഹരണത്തിന് കൈകെട്ടിയും കാലുകള്‍ പിണച്ചുവെച്ചുമുള്ള ഇരിപ്പ് 'അടഞ്ഞ മനസ്സിന്റെ' സൂചനയാകാമെങ്കിലും എല്ലായ്‌പോഴും അങ്ങനെ ആകണമെന്നില്ല. കൊടുംതണുപ്പില്‍നിന്ന് രക്ഷ നേടാനും ആളുകള്‍ അപ്രകാരം ഇരിക്കാറുണ്ടല്ലോ. അതുകൊണ്ട് നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നതിനു മുന്‍പ് ലഭ്യമായ എല്ലാ സൂചനകളെയും കൂലങ്കഷമായി വിലയിരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലാത്തപക്ഷം സംഗതി അബദ്ധമായേക്കാം. ചുരുങ്ങിയത് നാലു നോണ്‍ - വെര്‍ബല്‍ സൂചനകളെങ്കിലും ഒത്തുചേര്‍ന്നുവരുമ്പോഴേ സുരക്ഷിതമായ നിഗമനം സാധ്യമാകൂ എന്ന് നല്ലൊരു വിഭാഗം ശരീരഭാഷാ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ഷോപ്പിങ് ഭ്രമത്തിലെ സ്ത്രീപുരുഷ വ്യത്യാസം
100 രൂപ വിലയുള്ള സാധനം യഥാര്‍ഥത്തില്‍ ആവശ്യമുള്ളതെങ്കില്‍ ഇരുനൂറു രൂപ കൊടുത്തും പുരുഷന്‍ വാങ്ങാന്‍ തയ്യാറാകുമ്പോള്‍, 200 രൂപ വിലയുള്ള സാധനം 100 രൂപയ്ക്ക് കിട്ടുമെങ്കില്‍ ഒരാവശ്യവുമില്ലെങ്കില്‍പ്പോലും സ്ത്രീ വാങ്ങാന്‍ തയ്യാറാകുന്നു.

(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ