Infertility കാരണങ്ങളും കാര്യങ്ങളും

വന്ധ്യത ശാപമല്ല പലപ്പോഴും പരിഹരിക്കാന്‍ കഴിയുന്ന വൈകല്യം മാത്രമാണ്‌. പക്ഷേ ആ തിരിച്ചറിവിന്‌ ലൈംഗികത, ശരീരശാസ്‌ത്രം, മന:ശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള ശാസ്‌ത്രീയവിജ്‌ഞാനം അത്യാവശ്യമാണ്‌.
ദാമ്പത്യജീവിതത്തെ വസന്തം നിറയുന്ന പൂങ്കാവനമാക്കുന്നത്‌ കുട്ടികളാണ്‌. ഓമനത്തിങ്കള്‍ കിടാവിനെപ്പോലെയുള്ള ഒരു കുട്ടിക്കായി കൊതിക്കാത്ത ദമ്പതികളില്ല. എന്നാല്‍ വന്ധ്യത ഒരു പേടിസ്വപ്‌നമായി കരിനിഴല്‍ വിരിക്കുന്ന ദമ്പതികളുടെ ജീവിതം ദു:സഹമായിത്തീരുകയാണ്‌.
പരസ്‌പരം പഴിചാരുന്ന ദമ്പതികള്‍...പരിഹസിക്കുന്ന ബന്ധുസമൂഹവും....... അന്ധവിശ്വാസങ്ങളുടെ പുറകേയുള്ള പരക്കംപാച്ചില്‍..... ജീവിതം അര്‍ഥശൂന്യമാകുന്നതില്‍ മനംനൊന്തു കഴിയുന്നവര്‍.
വന്ധ്യത ശാപമല്ലെന്നും പലപ്പോഴും അതു പരിഹരിക്കാന്‍ കഴിയുന്ന വൈകല്യം മാത്രമാണെന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. ആ തിരിച്ചറിവ്‌, ലൈംഗികത, ശരീരശാസ്‌ത്രം, മന:ശാസ്‌ത്രം, ശരിയായ വന്ധ്യതാ പരിഹാരമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്‌ത്രീയവിജ്‌ഞാനം ആര്‍ജിക്കുന്നതിലൂടെ മാത്രമേ നേടാന്‍ കഴിയൂ.

പോളിസിസ്‌റ്റിക്‌ ഓവറി

ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്‌ഥ കാരണം സ്‌ത്രീകളിലും പെ ണ്‍കുട്ടികളിലും ധാരാളമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ്‌ പോളിസിസ്‌റ്റിക്‌ ഓവറി ഡിസീസ്‌. പി.സി.ഒ.ഡി. എന്ന ചുരുക്കപ്പേരിലാണ്‌ ഇതറിയപ്പെടുന്നത്‌.
അണ്ഡാശയത്തില്‍ ഒന്നോ അതിലധികമോ ചെറിയ കുമിളകള്‍ കാണുന്ന സ്‌ഥിതിവിശേഷമാണിത്‌. സ്‌ത്രീ വന്ധ്യതയ്‌ക്ക് മുഖ്യകാരണമായിരിക്കുന്ന പി.സി.ഒ.ഡി. ബാധിതരില്‍ ബഹുഭൂരിപക്ഷത്തിലും പുരുഷഹോര്‍മോണിന്റെ അളവും കൂടുതലായിരിക്കും.
ഇത്‌ പ്രധാനമായും ജനിതക കാരണങ്ങളോടും ജീവിതശൈലികളോടും ബന്ധപ്പെട്ട ഒന്നാണ്‌. അമിതഭക്ഷണം, ഫാസ്‌റ്റ്ഫുഡ്‌, കൃത്രിമപാനീയങ്ങള്‍, വ്യായാമക്കുറവ്‌ എന്നിവയെല്ലാം രോഗകാരണമായി വര്‍ത്തിക്കുന്നു.

രോഗലക്ഷണങ്ങള്‍

ക്രമംതെറ്റിയ ആര്‍ത്തവചക്രം, ചിലപ്പോള്‍ മാസങ്ങളോളം ആര്‍ത്തവം ഉണ്ടാകാതിരുന്നശേഷം ഉണ്ടാകുക, ആര്‍ത്തവരക്‌തസ്രാവം നീണ്ടുനില്‌ക്കുക, ആര്‍ത്തവത്തിനു മുന്‍പും ആര്‍ത്തവസമയത്തും വയറിനും നടുവിനും കാലിനും ശക്‌തമായ വേദന, മുഖക്കുരു, ശരീരത്തിനു വണ്ണവും ഭാരവും കൂടുക, അമിത രോമവളര്‍ച്ച, ഗര്‍ഭധാരണു തടസം, ലൈംഗികമരവിപ്പ്‌, വിഷാദം എന്നിവയെല്ലാമാണ്‌ രോഗ ലക്ഷണങ്ങള്‍.

അറിയേണ്ട കാര്യങ്ങള്‍

സ്‌ത്രീകളുടെ ആര്‍ത്തവചക്രം എന്നാല്‍ എന്താണെന്നും ഗര്‍ഭധാരണത്തില്‍ അതിന്റെ പ്രാധാന്യമെന്ത്‌ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആശങ്കയോടെ കൊണ്ടുനടക്കുന്നവരാണ്‌ വിദ്യാസമ്പന്നര്‍പോലും. മികച്ച ലൈംഗികവിദ്യാഭ്യാസം കിട്ടാത്ത നമ്മുടെ സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാതെ വിഷമിക്കുന്നവര്‍ ധാരാളം.

ഗര്‍ഭധാരണം എങ്ങനെ?

ആരോഗ്യവതിയായ ഒരു സ്‌ത്രീയുടെ ആര്‍ത്തവചക്രം (Menstural Cycle) സാധാരണഗതിയില്‍ 21 - 35 ദിവസമാണ്‌. 10 -15 ദിവസങ്ങള്‍ക്കുള്ളില്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡം പുറത്തുവരുന്ന പ്രക്രിയ ആരംഭിക്കും.
ഈ അണ്ഡത്തെ അണ്ഡവാഹിനിക്കുഴലിന്റെ അകത്തുള്ള വിരലാകൃതിയിലുള്ള ഫംബ്രിയ (Fimbria) പൊക്കിയെടുക്കുന്നു. പിന്നീട്‌ അണ്ഡവാഹിനിക്കുഴലിന്റെ ആംപ്യൂലരിമേഖലയില്‍ സ്‌ഥിതിചെയ്യുന്ന ഫിംബ്രിയയില്‍ ഏതാണ്ട്‌ 12- 24 മണിക്കൂര്‍ നേരം അണ്ഡം പുരുഷബീജാണുക്കളുമായി കൂടിച്ചേരാനായി നില്‍ക്കുന്നു.
യോനിയിലേക്ക്‌ ബീജം എത്തിയാലുടന്‍ തന്നെ ചലനശേഷിയുള്ള ബീജാണുക്കളെല്ലാം ഗര്‍ഭാശയമുഖത്ത്‌ എത്തിച്ചേരുകയും ഈ ബീജാണുക്കളെല്ലാം 24-48 മണിക്കൂര്‍വരെ ഗര്‍ഭാശയനാളത്തില്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു.
അവിടെനിന്നു ക്രമാനുഗതമായി ഗര്‍ഭാശയത്തിലൂടെ അണ്ഡവാഹിനിക്കുഴലിലേക്ക്‌ നീങ്ങുന്ന ബീജാണുക്കള്‍ അവിടെവച്ച്‌ അണ്ഡവുമായി സംയോജിക്കുന്നു. അങ്ങനെ സ്‌ത്രീ-പുരുഷ യുഗ്മകോശങ്ങള്‍ കൂടിച്ചേര്‍ന്ന്‌ സിക്‌താണ്ഡം (Zygote) രൂപം പ്രാപിക്കുന്നു.
ഈ സിക്‌താണ്ഡം 4- 5 ദിവസത്തോളമെടുത്ത്‌ തിരികെ ഗര്‍ഭാശയത്തിലെത്തുകയും പിന്നീട്‌ ബീജാങ്കുരമാകുകയും ഭ്രുണമായി രൂപപ്പെടുകയും ചെയ്യുന്നു. 260 ദിവസത്തെ വളര്‍ച്ച പുര്‍ത്തിയായ ശേഷമാണ്‌ പ്രസവം നടക്കുക.

ഗര്‍ഭം അലസുന്നതെന്ത്‌?

ക്രോസോമുകളുടെ വ്യതിയാനംമൂലമുണ്ടാകുന്ന ജനറ്റിക്‌ ഘടകമാണ്‌ ഗര്‍ഭത്തിന്റെ ആരംഭദിശയിലുള്ള അബോര്‍ഷന്റെ പ്രധാന കാരണം. ഇതുമൂലം സാധാരണയായി എട്ട്‌ ആഴ്‌ചയ്‌ക്കുള്ളില്‍ ഗര്‍ഭം അലസിപ്പോകുന്നു.
എന്‍ഡോക്രൈന്‍ തകരാറുകളാണ്‌ അബോര്‍ഷന്‍ സംഭവിക്കാനുള്ള മറ്റൊരു കാരണം. പോളിസിസ്‌റ്റിക്‌ ഓവറിയുള്ളവരുടെ എല്‍.എച്ച്‌. അളവ്‌ വളരെ കൂടുതല്‍ ആയിരിക്കും. ഇത്‌ അണ്ഡത്തെ ദോഷകരമായി ബാധിക്കാവുന്നതുകൊണ്ട്‌ ഗര്‍ഭം അലസിപ്പോകാവുന്നതാണ്‌.

തുടര്‍ച്ചയായ ഗര്‍ഭഛിദ്രം

ഗര്‍ഭിണികളില്‍ 25 ശതമാനം പേരും ഒരു പ്രാവശ്യം ഗര്‍ഭഛിദ്രം നേരിടുന്നവരാണ്‌.്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ഗര്‍ഭമലസലിനു പിന്നില്‍ ശാരീരികമായ തകരാറുകള്‍ എന്തെങ്കിലും ഉണ്ടാകും. അത്‌ യഥാവിധി കണ്ടുപിടിച്ച്‌ ചികിത്സിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഫലം ഉണ്ടാകും.
ഗര്‍ഭഛിദ്രത്തിന്‌ മറ്റൊരു പ്രധാന കാരണമാണ്‌ അണ്ഡാശയത്തിന്റെയോ ബീജത്തിന്റെയോ വൈകല്യങ്ങള്‍. ഇവ സാധാരണ പരിശോധനയില്‍ കണ്ടെത്താന്‍ പ്രയാസമാണ്‌.
അതിനാല്‍ ആധുനിക ചികിത്സാസൗകര്യങ്ങളുള്ള വന്ധ്യതാ ചികിത്സാകേന്ദ്രങ്ങളില്‍ വിശദമായ പരിശോധനകള്‍ നടത്തി കാരണം കണ്ടെത്തി ഫലപ്രദമായ ചികിത്സിച്ചാല്‍ പിന്നീട്‌ ഗര്‍ഭം ധരിച്ച്‌ പ്രസവിക്കാന്‍ സാധിക്കും.



വിവാഹത്തിനുശേഷം ഒരുവര്‍ഷത്തോളം തുടര്‍ച്ചയായ ലൈംഗികബന്ധത്തിനുശേഷവും ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ മാത്രം ഡോക്‌ടറെ കണ്ടാല്‍ മതി. എന്നാല്‍ സ്‌ത്രീ-പുരുഷന്മാരുടെ പ്രായത്തിനനുസരിച്ച്‌ ഈ കാലയളവ്‌ മാറും.

25 വയസുകഴിഞ്ഞ സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ ആറ്‌ മാസത്തിനുശേഷം വേണ്ട പരിശോധനകള്‍ നടത്തണം. 35 വയസ്‌ കഴിഞ്ഞ സ്‌ത്രീകള്‍ ഈ പരിശോധന മൂന്നുമാസത്തിനുശേഷം നടത്തുന്നത്‌ നല്ലതാണ്‌.

40 വയസ്‌ കഴിഞ്ഞ പുരുഷന്മാര്‍, ആറ്‌ മാസത്തിനുശേഷവും ഭാര്യമാര്‍ ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ ആവശ്യമായ പരിശോധനകള്‍ നടത്തണം. വളരെ പ്രായംകുറഞ്ഞ സ്‌ത്രീകള്‍ കൂടുതല്‍ കാലം കാത്തിരിക്കുന്നതില്‍ കുഴപ്പമില്ല.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

പാര്‍ശ്വഫലങ്ങളില്ലാത്ത ഗര്‍ഭനിയന്ത്രണമാര്‍ഗങ്ങളില്‍ ബാരിയര്‍ മെത്തേഡ്‌് തന്നെയാണ്‌ നല്ലത്‌. കോണ്ടം ഉപയോഗിക്കുന്നത്‌ ഒരു ബാരിയര്‍ മെത്തേഡ്‌ ആണ്‌. എന്നാല്‍ ഗര്‍ഭധാരണ സാധ്യത ഇവയില്‍ കൂടുതലാണ്‌.

മ്പങ്ക പില്‍സ്‌ എന്നറിയപ്പെടുന്ന ഓറല്‍ കോണ്‍ട്രാസെപ്‌റ്റീവ്‌ ഗുളികകള്‍ക്ക്‌ യാതൊരു പാര്‍ശ്വഫലങ്ങളുമില്ല. പക്ഷേ, ഇത്തരത്തിലുള്ള ഏതു ഗുളികയും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമേ കഴിക്കാവൂ. ഒരിക്കല്‍ ഗര്‍ഭം ധരിച്ച സ്‌ത്രീകളില്‍ ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം കോപ്പര്‍ ടി ആണ്‌.
മനശാസ്‌ത്ര കാരണങ്ങള്‍

വിഷാദംപോലെയുള്ള മാനസികപ്രശ്‌നങ്ങള്‍ ലൈംഗികബന്ധത്തിലുള്ള താല്‌പര്യം കുറക്കുകയും ഗര്‍ഭധാരണത്തിന്‌ തടസമാകുന്ന ശാരീരികമാറ്റങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യാം. മനസ്‌ ആഗ്രഹിക്കാത്തെ ലൈംഗിക ഉത്തേജനം സാധിക്കുകയില്ല.

ഉദ്ധാരണശേഷിക്കുറവുള്ള പുരുഷന്മാരില്‍ 50 % ആളുകളുടെയും പ്രശ്‌നം മാനസികമായിരിക്കും. ഇഷ്‌ടമില്ലാത്ത പങ്കാളികള്‍, പ്രേമബന്ധങ്ങള്‍, നിര്‍ബന്ധപൂര്‍വം അവസാനിപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ ഇവിടെയെല്ലാം ദാമ്പത്യബന്ധങ്ങള്‍ സുഖകരമാക്കാറില്ല.

വന്ധ്യതയും ലൈംഗികതയും

ഉദ്ധാരണക്കുറവ്‌ മുതല്‍ വിവിധ പ്രശ്‌നങ്ങള്‍വരെ വന്ധ്യതയിലേക്ക്‌ നയിക്കാറുണ്ട്‌. എന്നാല്‍ വന്ധ്യത നല്ല ലൈംഗികജീവിതത്തിന്‌ തടസമായി മാറുമോ എന്നത്‌ സുപ്രധാനമായ ചോദ്യമാണ്‌.

ഗര്‍ഭധാരണം സാധ്യമാകാതെ വരുന്ന സാഹചര്യത്തില്‍ പങ്കാളികള്‍ അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങള്‍ ലൈംഗികതയെ പ്രതികൂലമായി ബാധിക്കാം. വന്ധ്യതമൂലമുള്ള പിരിമുറുക്കം സ്‌ത്രീയുടെയും പുരുഷന്റേയും ലൈംഗികത തകിടംമറിച്ചുവെന്നുവരാം. ഇത്‌ വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീണ്ടുപോകുന്നതിനും ഇടയാക്കും.

ചില പുരുഷന്മാരില്‍ ഒന്നുരണ്ടു തവണ സെക്‌സില്‍ വേണ്ടത്ര പ്രകടനമില്ലാതെ പോയാല്‍, താന്‍ പരാജയപ്പെട്ടുപോകുമോ എന്ന ഭയം പിടിമുറുക്കുകയും പരമാവധി സെക്‌സില്‍നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഥവാ തുടര്‍ന്നാല്‍ തന്നെ ഉത്‌ക്കണ്‌ഠ മൂലം പരാജയപ്പെടുകയും ചെയ്യും.

വന്ധ്യതയുമായി ബന്ധപ്പെട്ട്‌ സ്‌ത്രീകളില്‍ കാണുന്ന പ്രധാന പ്രശ്‌നം ലൈംഗികതയിലുള്ള താല്‍പ്പര്യക്കുറവാണ്‌. പുരുഷന്മാരിലാകട്ടെ താല്‍പ്പര്യക്കുറവിനു പുറമേ, ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്‌ഖലനം, മന്ദസ്‌ഖലനം, ശുക്ലസ്രാവത്തിന്‌ തടസംവരിക തുടങ്ങിയ പ്രശ്‌നങ്ങളും കാണാറുണ്ട്‌. ഉദ്ധാരണശേഷി കുറഞ്ഞവരില്‍ ഉദ്ധാരണം കുറയുമെന്നോ അര്‍ഥമാക്കരുത്‌.

വന്ധ്യതാപ്രശ്‌നങ്ങളുള്ള പലരിലും സെക്‌സ് ഹോര്‍മോണുകളുടെ അസന്തുലിതാവസ്‌ഥ സാധാരണമാണ്‌. ഈ പ്രശ്‌നം ലൈംഗിക താല്‍പ്പര്യത്തെ ബാധിക്കും. വന്ധ്യതയെ മറികടക്കാന്‍ നല്ല ലൈംഗികജീവിതം അത്യാവശ്യമാണ്‌. മനസും ശരീരവും ഒരുപോലെ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംതൃപ്‌തപരമായ ഒരു ലൈംഗികജീവിതം സാധ്യമാകൂ.
പുരുഷവന്ധ്യതയുടെ കാരണങ്ങള്‍ ഏവ?

പുരുഷവന്ധ്യതയ്‌ക്ക് ശരീരശാസ്‌ത്രപരമായ കാരണങ്ങളും ശീലങ്ങളും അടിസ്‌ഥാനമായുള്ള കാരണങ്ങളുമുണ്ട്‌. ശരീരശാസ്‌ത്രപരമായ കാരണങ്ങള്‍ ആദ്യം നോക്കാം. ബീജോല്‍പ്പാദനത്തിലെ കുഴപ്പങ്ങളാണ്‌ പ്രധാന കാരണം.

ബീജാണുക്കളുടെ എണ്ണത്തിലെ കുറവ്‌ ചലനശേഷിക്കുറവ്‌, ആകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയെല്ലാം പുരുഷവന്ധ്യതയ്‌ക്ക് കാരണമായിത്തീരും.

അതുപോലെ തന്നെ പ്രോസ്‌റ്റേറ്റ്‌ഗ്രന്ഥിയിലെ അണുബാധ, മൂത്രനാളിയിലെ തടസം, വൃഷണത്തിലും എപ്പിഡിമിസിലും ഉണ്ടാകുന്ന അണുബാധയും തടസവും പുരുഷവന്ധ്യതയ്‌ക്കുള്ള കാരണങ്ങളാവാം.

1. വെരിക്കോസില്‍ അഥവാ വൃഷണങ്ങള്‍ക്ക്‌ പുറത്തെ അസ്വാഭാവിക സിരകളുടെ സാന്നിധ്യവും ഒരു കാരണമാകാം. ഉദ്ധാരണശേഷിക്കുറവ്‌ കൊണ്ട്‌ യോനിക്കുള്ളിലേക്ക്‌ ബീജോസര്‍ജനം നടത്താന്‍ സാധിക്കാത്തതും പുരുഷവന്ധ്യതയുടെ കാരണമായിത്തീരും.

2. അമിതമായ പുകവലി, ലഹരിപദാര്‍ഥങ്ങളുടെ അമിത ഉപയോഗം, ഇറുകിയ അടിവസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌, ചൂടുകൂടിയ വെള്ളത്തിലുള്ള കുളി എന്നിവയും പുരുഷവന്ധ്യതയ്‌ക്ക് കാരണമാകാം.

3. മുണ്ടിനീര്‌, വൃഷണത്തിനുണ്ടാകുന്ന പരിക്ക്‌, മൂത്രാശയവൈകല്യങ്ങള്‍, ലൈംഗികജന്യരോഗങ്ങള്‍ എന്നീ രോഗാവസ്‌ഥകളും വന്ധ്യതയിലേക്ക്‌ വഴിതെളിച്ചേക്കാം.